കാടിന്‍റെ മക്കള്‍ക്ക് ഭൂമി ലഭിക്കാന്‍ 314 ദിവസം നീണ്ട സമരം, ഒടുവില്‍ വിജയം

സ്വന്തമെന്ന് കരുതിയ ഭൂമി പോലും സ്വന്തമല്ലാതാകുന്ന കാലത്ത് ബിന്ദുവിനും ബിന്ദുവിനെ പോലുള്ളവര്‍ക്കും ജീവിതം തന്നെ സമരമാണ്. സമര ജീവിതമാണ്. 314 ദിവസം സമരം നടത്തിയ ബിന്ദു വൈലാശ്ശേരിയുടെ സമര കഥ എഴുതിയത് എ ആര്‍ മെഹ്ബൂബ്. 

Bindu Vailaassery led the 314 day long struggle for the land it deserved was successful bkg


നൂറ്റാണ്ടുകളായി, തലമുറകളോളം ജീവിച്ച് വന്ന കാട് അന്യമാകുന്ന കാഴ്ചയായിരുന്നു കുട്ടിക്കാലം മുതല്‍ ബിന്ദു വൈലാശ്ശേരി കണ്ടിരുന്നത്. ഒടുവില്‍, തന്‍റെ നാല്പതുകളില്‍ വച്ച് അവര്‍ ഒരു സമരത്തിന് ഇറങ്ങി. ജനിച്ച മണ്ണിന് വേണ്ടി. ഒന്നും രണ്ടുമല്ല നീണ്ട 314 ദിവസങ്ങള്‍...  ബിന്ദു സമരം കിടന്നു. 200 ഓളം കുടുംബങ്ങക്ക് വേണ്ടി തുടങ്ങിയ സമരം വിജയത്തിലെത്തിയപ്പോൾ സമരനായികയുടെ കണ്ണുകൾ ഈറണിഞ്ഞു. 

2023 മെയ് പത്തിനാണ് നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിന് മുൻപിൽ ആദിവാസികൾ പന്തൽകെട്ടി സമരം തുടങ്ങിയത്. അന്ന് മറ്റ് പ്രസ്ഥാനങ്ങളൊന്നും അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. അർഹതപ്പെട്ട ഭൂമി ആദിവാസികൾക്ക് കിട്ടണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം. 18 ആദിവാസി കോളനികളിൽ നിന്നുള്ള പണിയർ, നായ്ക്കർ, കുറുമർ, ആളന്മാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ നിരവധി കുടുംബങ്ങള്‍ സമരത്തിനായി ബിന്ദുവിനൊപ്പം കാടിറങ്ങി വന്നു. തുടക്കത്തിൽ 170 കുടുംബങ്ങളാണ് സമരത്തിനുണ്ടായിരുന്നത്. മറ്റ് പലരുടെയും വാക്കില്‍ വിശ്വസിച്ച് സമരപന്തല്‍ വിട്ട് ചില കുടുംബങ്ങള്‍ ആദ്യമേ തന്നെ സമരപന്തല്‍ വിട്ടിറങ്ങി. 

പക്ഷേ, സമരത്തില്‍ നിന്ന് പിന്തിരിയാന്‍‌ ബിന്ദു തയ്യാറായില്ല. സമരം ശക്തമായപ്പോള്‍ കളക്ടറുമായി ആദ്യം കൂടിക്കാഴ്ചയൊരുങ്ങി. ആ കൂടിക്കാഴ്ചയില്‍ ഓരോ കുടുംബത്തിനും 40 സെന്‍റ് ഭൂമി നൽകാമെന്ന വാഗ്ദാന ഉയര്‍ന്നു. ചിലരെല്ലാം ആ വാഗ്ദാനം വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്മാറി. പക്ഷേ, വാഗ്ദാനമല്ല, ഭൂമിയാണ് ആവശ്യപ്പെട്ടതെന്ന് ഉറക്കെ പറഞ്ഞ് മറ്റുള്ളവര്‍ വീണ്ടും സമരം തുടര്‍ന്നു. ഒടുവില്‍, അര്‍ഹതപ്പെട്ട് മണ്ണ് ലഭിക്കുമ്പോള്‍ സമരപന്തലില്‍ ഉണ്ടായിരുന്നത് 60 കുടുംബങ്ങള്‍ മാത്രം!

ഒരു മാസം കൊണ്ട് തീരുമെന്ന് കരുതിയ സമരമാണ് ഒരു വർഷത്തോളം നീണ്ടതെന്ന് ബിന്ദു വൈലാശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സമരം പൊളിക്കാൻ ഭരണകക്ഷിയായ സി.പി.എം. കഴിയുന്നതെല്ലാം ചെയ്തു. ഓരോ ആദിവാസി കുടുംബത്തിനും ഒരേക്കർ ഭൂമി നൽകണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. നാട്ടുകാരും മറ്റും നൽകിയ അരിയും ചക്കയുമടക്കമുള്ളവയായിരുന്നു സമരക്കാരുടെ ആഹാരം. തുടക്കത്തിൽ ബിജെപി വലിയ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് കളം മാറി. 

Bindu Vailaassery led the 314 day long struggle for the land it deserved was successful bkg

ഇതിനിടെ സമരപ്പന്തലിലേക്ക് ഗ്രോവാസു എത്തി. പിന്നാലെ അതുവരെ അകലംപാലിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പിന്തുണ പ്രഖ്യാപിച്ച് സമരപന്തലിലേക്ക് കയറിവന്നു. പിന്നീട് സമരം കഴിയുന്നത് വരെ  കോൺഗ്രസും കോൺഗ്രസും യൂത്ത്‌ലീഗ് പ്രവർത്തകരും കൂടെ നിന്നു... ബിന്ദു സമരക്കാലം ഓര്‍ത്തെടുത്തു.  സമരത്തിന്‍റെ 314 -ാം ദിവസം മലപ്പുറത്ത് ചര്‍ച്ച നടത്തിയത് ഉള്‍പ്പെടെ ആദ്യാവസാനമുണ്ടായിരുന്നവര്‍ വെൽഫെയർ പാർട്ടി മാത്രമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ക്കുന്നു. 

ഇതിനിടെ സമരം ഒത്തുതീർക്കുന്നതിന് അന്നത്തെ മലപ്പുറം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ ഉൾപ്പെടെയുള്ളവര്‍ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടു. കേരളം മുഴുവനും സഞ്ചരിച്ച് പരാതികള്‍ കേട്ട മന്ത്രിപ്പടയുടെ നവകേരള സദസില്‍ നിന്ന് പക്ഷേ, ഒരാള്‍ പോലും വന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചില്ല. പരാതി കേള്‍ക്കാനെത്തിയ മന്ത്രി സംഘം ആദിവാസി സമരം കാണാതെ പോയത് അന്ന് വലിയ വാര്‍ത്തയായി. 'ആര്യാടൻ ഷൗക്കത്തിന്‍റെയും പി.കെ. ബഷീർ എം.എൽ.എ.യുടേയും ആളായാണ് ബിന്ദു വൈലാശ്ശേരി സമരം നടത്തുന്നത്. സമരപ്പന്തലിൽ പോകാൻ എനിക്ക് മനസ്സില്ല.' എന്ന് സ്ഥലം എംഎല്‍എ പി വി അവന്‍വര്‍ ഇതിനിടെ പരസ്യമായി പറഞ്ഞത് ഏറെ വിവാദമായി. പിന്നാലെ തന്നെ പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് ബിന്ദു നാല് ദിവസം ജലപാനമില്ലാതെ സമരം നയിച്ചു. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ബിന്ദു തന്‍റെ അവകാശം നേടിയെടുത്തു. 

Bindu Vailaassery led the 314 day long struggle for the land it deserved was successful bkg

നിലവിലെ ജില്ലാ കളക്ടർ വി.ആർ. വിനോദ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിച്ചത്. ഓരോ കുടുംബത്തിനും 50 സെന്‍റ് വീതം സ്ഥലം നൽകാമെന്ന കരാറിൽ സമരക്കാരും കളക്ടറും ഒപ്പിട്ടു. നെല്ലിപ്പൊയിലിൽ വനംവകുപ്പ്, റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയിൽ നിന്നാണ് ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കുകയെന്നും കലക്ടര്‍ അറിയിച്ചു. 

സമരം ബിന്ദുവിന് ഒരു ആദ്യാനുഭവമല്ല.  കേന്ദ്ര സർക്കാരിന്‍റെ ആദിവാസി വനാവകാശ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2008 -ൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ ബിന്ദു ഉപവാസ സമരം നടത്തിയിട്ടുണ്ട്. സർക്കാർ സർവീസിൽ ആദിവാസികൾക്ക് പ്രത്യേക നിയമനം നടത്തണമെന്നാവശ്യപ്പെട്ട് 2019 -ൽ മലപ്പുറം കളക്ടറേറ്റിന് മുൻപിലും ഉപവാസം നടത്തി. ആദിവാസികൾക്കായി സമഗ്ര വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്ന ആവശ്യവുമായി അടുത്ത് തന്നെ താന്‍ വീണ്ടും സമരത്തിന് ഇറങ്ങുമെന്നാണ് ബിന്ദു പറയുന്നത്. അതെ, സ്വന്തമെന്ന് കരുതിയ ഭൂമി പോലും സ്വന്തമല്ലാതാകുന്ന കാലത്ത് ബിന്ദുവിനും ബിന്ദുവിനെ പോലുള്ളവര്‍ക്കും ജീവിതം തന്നെ സമരമാണ്. സമര ജീവിതമാണ്. 

Bindu Vailaassery led the 314 day long struggle for the land it deserved was successful bkg

Latest Videos
Follow Us:
Download App:
  • android
  • ios