ബാലസോര്‍; രക്ഷകരായ അമ്മയും മകനും പിന്നെ അലയാന്‍ വിധിക്കപ്പെട്ടൊരു അമ്മയും
2023 ജൂണ്‍ രണ്ടിന് വൈകീട്ട് ഏഴ് മണിയോടെ ബാലസോര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകള്‍ ഇടിച്ചുണ്ടായ അപകടത്തിന്‍റെ ഗ്രൌണ്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ എഴുതുന്നു.
പുതുക്കിപ്പണിത ട്രാക്കിലൂടെ ഇഴഞ്ഞ് നീങ്ങുന്ന കോറമണ്ഡല്‍ എക്സ്പ്രസിന്‍റെ താളത്തിനൊത്ത് ബാലസോറും ഒഡീഷയും പതുക്കെ നൈന്യംദിന ജീവിതത്തിലേക്ക് മടങ്ങുകയാണ്. ദുരന്തം നടന്ന പാളത്തിന്‍റെ പണി പൂര്‍ത്തിയായി. വന്ദേഭാരതും ഓടിത്തുടങ്ങി. അപകടം നടന്നതിന്‍റെ തെളിവുകള്‍ അവിടവിടെ അവശേഷിപ്പിച്ച് ബെഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനും സാധാരണ നിലയിലേക്ക് മടങ്ങുന്നു. അപകടത്തിൽ തകർന്ന ട്രെയിനുകളുടെ ബോഗികൾ ട്രാക്കുകളുടെ രണ്ട് വശത്തേക്കുമായി മാറ്റി. തകര്‍ന്ന ബോഗികള്‍ പതുക്കെ അവിടെ നിന്നും മാറ്റും.മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം പ്രഥമിക പരിശോധന പൂര്‍ത്തിയാക്കി മറ്റ് നടപടികളിലേക്ക് കടന്നു. എല്ലാം തികച്ചും സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ ശീതീകരിച്ച മോര്‍ച്ചറികളില്‍ 80 തോളം മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്നു. ഇപ്പോഴും ഉറ്റവരെ തേടി ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍ നിന്നും സാധാരണക്കാരായ മനുഷ്യര്‍ ആശുപത്രികള്‍ കയറി ഇറങ്ങുന്നു. അന്വേഷിച്ചെത്തുന്നവരുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് മൃതദേഹങ്ങളുടേതുമായി താരതമ്യം ചെയ്ത്, തിരിച്ചറിഞ്ഞവ വിട്ടു കൊടുക്കുന്നു. വീണ്ടും ആ ഭീകരതയുടെ ഓര്‍മ്മകളുണര്‍ത്തി അമര്‍ത്തിയ ഒരു നിലവിളി അവശേഷിപ്പിച്ച് അവര്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ബാക്കിയായ സ്വപ്നങ്ങളും പേറി തിരിച്ച് പോകുന്നു.
അലയാന്‍ വിധിക്കപ്പെടുന്നവര്‍...
ബാലസോർ ജില്ലാ ആശുപത്രിയിൽ വച്ചാണ്, ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേയ്ക്കുള്ള യാത്രക്കിടെ അപകടത്തിൽ കാണാതായ തൻ്റെ പത്ത് വയസുകാരൻ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികൾ കയറിയിറങ്ങുന്ന ഒരു അമ്മയെ കണ്ടത്. തന്‍റെ മകനെ തേടി ഇനി അലയാനൊരിടമില്ലാതെ... ഒന്ന് കരയാൻ പോലും കഴിയാതെ ആശുപത്രി വരാന്തയിൽ നിൽക്കുകയായിരുന്നു ആ അമ്മ. ജൂണ്‍ രണ്ടാം തിയതി ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹൗറയ്ക്കുള്ള യാത്രയിലായിരുന്നു അർച്ചന പാലും പത്ത് വയസുകാരനായ മകൻ സുമനും സഹോദരൻ സഞ്ജയും.
ട്രെയിൻ ബെഹനഗ റെയിൽവേ സ്റ്റേഷനോട് അടുക്കുന്നു... സമയം വൈകീട്ട് ഏഴ് മണിയോടടുക്കുന്നു. പെട്ടെന്നായിരുന്നു അവര്‍ ഒരു വലിയ ശബ്ദം കേട്ടത്. കേട്ടതെന്താണെന്ന് തിരിച്ചറിയും മുമ്പ് ഇരുന്നിരുന്ന ബോഗി എടുത്തെറിയന്നത് പോലെ ഉയര്‍ന്നു പോങ്ങി പിന്നെ മറിഞ്ഞു. ബോഗിയിലുണ്ടായിരുന്നവര്‍ ഒന്നിന് മേലെ ഒന്നായി മറിഞ്ഞുവീണു. സര്‍വ്വത്ര ഇരുട്ട്... പിന്നാലെ നിലവിളികള്‍... ഏങ്ങനെയൊക്കെയോ ഒരു വിധത്തില്‍ പുറത്തെത്തി. എവിടെയോ തട്ടി മുഖം മുറിഞ്ഞിരുന്നു. ശരീരമാസകലം വേദന നിറഞ്ഞു. ഉയരുന്ന നിലവിളികള്‍ക്കിടയില്‍ മകനെയും അനിയനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും എവിടുന്നൊക്കെയോ എത്തി ചേര്‍ന്ന നാട്ടുകാരുടെ സഹായത്താല്‍ ടോര്‍ച്ച് വെട്ടത്തില്‍ മകനെയും അനിയനെയും അന്വേഷിച്ചിറങ്ങി. പക്ഷേ... അനേകായിരങ്ങളുടെ നിലവിളികള്‍ മാത്രമായിരുന്നു മറുപടി. ഇതിനിടെ പരിക്കേറ്റവരെ ആരൊക്കെയോ ചേര്‍ന്ന് കിട്ടിയ വണ്ടികളിലും ആംബുലന്‍സുകളിലുമായി ആശുപത്രികളിലേക്ക് ഓടി. ആരൊക്കെയോ ചേര്‍ന്ന് തന്നെയും ഒരു വണ്ടിയിലേക്ക് തള്ളിക്കയറ്റി. സുമനും സഞ്ജയും ഉണ്ടെന്ന് പറഞ്ഞെങ്കിലും ആരൊക്കെയോ സമാധാനിപ്പിച്ചു. ആശുപത്രിയില്‍ മുറിവേറ്റവരുടെ നിലവിളികളും ആംബുലന്‍സുകളുടെ ശബ്ദവും മാത്രമായിരുന്നു. ആശുപത്രിയുടെ നിലം ചോരയില്‍ വഴുതിത്തുടങ്ങി. അന്ന് അവിടെ തങ്ങി. മുഖത്തേറ്റ മറിവല്ലാതെ കാര്യമായ പരിക്കില്ലാത്തതിനാല്‍ പിറ്റേന്ന് ഉച്ചയ്ക്ക് ആശുപത്രി വിട്ടു. അന്ന് മുതല്‍ സുമനെയും സഞ്ജയേയും അന്വേഷിച്ച് ആശുപത്രികള്‍ കയറി ഇറങ്ങുകയാണ് ആ അമ്മ.
അപകടവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ കണക്കുകള്‍ ശരിയാണെന്ന് ഒഡീഷ സർക്കാരും റെയിൽവേയും ആവർത്തിക്കുമ്പോഴും അർച്ചനയെ പോലെ നിരവധി പേർ അപകടം നടന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും ഇങ്ങനെ ആശുപത്രി വരാന്തകളിൽ അലയാന്‍ വിധിക്കപ്പെടുന്നു. ഇനി ഡിഎൻഎ പരിശോധന മാത്രമാണ് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളിൽ നിന്ന് മകനെയും അനിയനെയും കണ്ടെത്താനുള്ള ഏക വഴി. ആ അമ്മ അതിനായുള്ള അലച്ചിലിലാണ്.
ഒഡിഷ ട്രെയിന്‍ ദുരന്തം; വരാനുള്ളത് മണ്‍സൂണ്‍ കാലം... നിസ്സഹായരായി അലിസേട്ടിനെ പോലെ ആയിരങ്ങള്‍
പൂനം ബസാർ റെയിൽവേ ഗേറ്റും പിന്നെ സൗഭാഗ്യയുടെ മെഡിക്കൽ സ്റ്റോറും
എട്ട് മാസങ്ങൾക്ക് മുൻപാണ് ബെഹനഗ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂനം ബസാർ റെയിൽവേ ഗേറ്റിനടുത്ത് സൗഭാഗ്യ സാരംഗി എന്ന ഇരുപത്തിയഞ്ചുകാരൻ ഒരു മെഡിക്കൽ ഷോപ്പ് തുറന്നത്. ജൂണ്‍ രണ്ടാം തിയതി വൈകീട്ട് എഴ് മണിയ്ക്ക് ഫാർമസിസ്റ്റായ സൗഭാഗ്യ സാരംഗി അന്നത്തെ വരുമാനം എഴുതി കൂട്ടി വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പതിവ് പോലെ കോറമാണ്ഡല്‍ എക്സ്പ്രസ് അതുവഴി കടന്നു പോകേണ്ട സമയമായിരുന്നു. പെട്ടെന്നായിരുന്നു കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. ഒച്ചയില്‍ നിന്നും ഉണര്‍ന്ന് നടന്നതെന്താണെന്ന് വ്യക്തമാകും മുമ്പ് നിലവിളികള്‍ ഉയര്‍ന്നിരുന്നു. ആദ്യം ഭൂകമ്പമാണെന്ന് കരുതി കടയില്‍ നിന്നും പുറത്തേക്ക് ഓടാന്‍ ശ്രമിക്കുമ്പോഴാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും കഷ്ടിച്ച് 50 മീറ്റര്‍ ദൂരെയുള്ള റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നാണ് ശബ്ദം കേട്ടതെന്ന് വ്യക്തമായത്. ഒന്നും കൂടി സൂക്ഷിച്ച് നോക്കിയപ്പോള്‍ ഒന്നിന് മേലെ ഒന്നായി എടുത്ത് വച്ചത് പോലെ ട്രെയിന്‍ ബോഗികള്‍ അവിടെ നിന്നും അനുനിമിഷം ഉയരുന്ന നിലവിളികള്‍. പിന്നാലെ ഒരു മൂന്ന് സെക്കൻഡുകൾക്കുള്ളില്‍ മറ്റൊരു സ്ഫോടന ശബ്ദം. എന്താണ് നടക്കുന്നതെന്ന് മനസിലാക്കും മുമ്പ് മുറിവേറ്റ് ചോര ഒലിപ്പിക്കുന്ന ശരീരവുമായി നിലവിളിച്ച് കൊണ്ട് നൂറോളം പേര്‍ ഓടിവരുന്നതാണ് കണ്ടത്. സാരംഗിയുടെ അമ്മ സബിതയും ഇതിനകം ശബ്ദം കേട്ട് പുറത്തിറങ്ങിയിരുന്നു.
നിമിഷങ്ങള്‍ക്കകം ഒരു ഗ്രാമം അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ കൈകോര്‍ത്ത് തോളോട് തോള്‍ ചേര്‍ന്നുനിന്നു. ദേശീയപാത വിട്ടാൽ പിന്നെ അവിടെയുണ്ടായിരുന്ന ആകെയുള്ള മരുന്നുകടയായിരുന്നു സൗഭാഗ്യയുടേത്. നിമിഷങ്ങള്‍ക്കകം പൂനം ബസാർ റെയിൽവേ ഗേറ്റിനടുത്തുള്ള ആ മെഡിക്കല്‍ സ്റ്റോര്‍ ഒരു ആശുപത്രിയായി സ്വയം രൂപാന്തരപ്പെടുന്നതായിരുന്നു. കടന്നു പോകുന്ന ഓരോ നിമിഷവും അന്നുവരെ കണ്ടിട്ടില്ലാത്ത മനുഷ്യര്‍ മുറിവേറ്റ ശരീരവുമായി ആ മെഡിക്കല്‍ സ്റ്റോറിലേക്ക് കയറിവന്നു. നൂറ് കണക്കിന് ശരീരങ്ങളിലെ മുറിവുകളില്‍ ആ അമ്മയും മകനും മരുന്നു പുരട്ടി. ആവശ്യമായവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇഞ്ചക്ഷനുകളെടുത്തു.
കടയിലുണ്ടായിരുന്ന കുടിവെള്ളവും മരുന്നുകളുമെല്ലാം അവരിരുവരും കയറി വന്ന മനുഷ്യര്‍ക്കായി ഇരുകൈയും നീട്ടി നല്‍കി. നിമിഷങ്ങള്‍ മണിക്കൂറുകള്‍... ആരൊക്കെയോ ആരെയൊക്കെയോ കൊണ്ടുവരുന്നു... തിരികെ കൊണ്ടു പോകുന്നു. വൈകുന്നേരം രാത്രിയിലേക്കും രാത്രി പുലര്‍ച്ചയിലേക്കും ഇതിനിടെ സഞ്ചരിച്ചു. സാരംഗിയും അമ്മയും പുലരുവോളം ആ മരുന്നു കടയിലേക്ക് എത്തിയവരെ സ്റ്റോക്ക് തീരും വരെ ചികിത്സിച്ചു. അടിയന്തര ഘട്ടത്തില്‍ ആ അമ്മയുടെ മകനും നിരവധി ജീവനുകള്‍ക്ക് കരുത്തേകി... ആശ്വാസമായി... രക്ഷകരായി... സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപകട സ്ഥലത്തേക്ക് എത്തി ചേരുമ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. തന്‍റെ ചെറിയ കടയിലൂടെ ഇത്രയേറെ മനുഷ്യരുടെ മുറിവുകളില്‍ മരുന്ന് തേക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹവും അമ്മയും അതീവ സംതൃപ്തരാണ്. ഇത് തന്‍റെ നിയോഗമാണെന്ന് സൗഭാഗ്യ, തന്‍റെ അമ്മയെ പോലെ വിശ്വസിക്കുന്നു.
ഗ്രീസിലേയും ബാലസോറിലെയും ട്രെയിന്‍ അപകടങ്ങള്‍; ഭരണകൂട അവഗണനയില്‍ ദുരന്തങ്ങള്‍ക്ക് ഏകമുഖം !