അപകര്‍ഷതയും, അഭിമാനവും, ആനന്ദവുമേകുന്ന മുലകള്‍; സ്ത്രീകളും, സ്തനങ്ങളുടെ അനുഭവങ്ങളും വരക്കപ്പെടുമ്പോള്‍
ശരീരത്തെ കുറിച്ച് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍.. സ്വയംഭോഗം, ശരീരം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഇന്‍സ്റ്റഗ്രാം വഴി ഞാന്‍ മറ്റുള്ളവരോട് സംവദിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നര വര്‍ഷം ഞാന്‍ 'ശരീരം' എന്നതിലൂന്നി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു.
ഇന്ദു ഹരികുമാര്‍ എന്ന ആര്‍ട്ടിസ്റ്റ് മലയാളിയെങ്കിലും ജനിച്ചതും വളര്‍ന്നതും ബോംബെയിലാണ്. ശരീരത്തിന്‍റെ രാഷ്ട്രീയം ശക്തമാകുന്ന ഈ കാലത്ത് ഇന്ദുവും, ഇന്ദുവിന്‍റെ ചിത്രങ്ങളും ശ്രദ്ധേയമാവുകയാണ്. ഇന്ദുവിന്‍റെ സമീപകാലത്തെ രണ്ട് പ്രൊജക്ടുകള്‍ ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഇന്ദുവിനോട് ഇതിന്‍റെ ഭാഗമായി അനുഭവങ്ങള്‍ പങ്കുവെച്ചു.
ഈ വര്‍ഷത്തെ ഇന്ദുവിന്‍റെ പ്രൊജക്ടാണ് സ്ത്രീകളുടെ 'ബ്രെസ്റ്റ് സ്റ്റോറീസ്..' ബ്രായ്ക്കുള്ളില്‍ അമര്‍ന്നു കിടക്കുന്ന ഓരോ മുലകള്‍ക്കും ഓരോ വ്യത്യസ്ദത അനുഭവങ്ങളുണ്ടാകും പറയാന്‍.. കൗതുകത്തിന്‍റെ, അപകര്‍ഷതയുടെ, ആനന്ദത്തിന്‍റെ, അനുഭൂതിയുടെ.. അങ്ങനെ.. അങ്ങനെ.. ആണിന്‍റേതെന്ന് അഹങ്കരിക്കുന്നൊരു ലോകത്തില്‍ ആ മുലക്കഥകള്‍ പറയാന്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അവസരമില്ല.. അതിന്‍റെ പേരില്‍ അഭിനന്ദിക്കപ്പെടുമ്പോഴും, അപമാനിക്കപ്പെടുമ്പോഴും അവള്‍ക്ക് മാത്രം പറയാനാവുന്ന ചിലതുണ്ട്. ആ കഥകളാണ് ഇന്ദു ഹരികുമാര്‍ ഈ ചിത്രങ്ങളിലൂടെ നമ്മോട് പറയുന്നത്.
ആ കഥകളെല്ലാം അവരോട് വിവിധ സ്ത്രീകള്‍ പറഞ്ഞതാണ്. ഓരോ സ്ത്രീകളയച്ചു നല്‍കിയ സ്വന്തം സ്തനങ്ങളുടെ ചിത്രങ്ങള്‍ ഇന്ദു വരച്ചു.. അവരുടെ അനുഭവങ്ങളോടൊപ്പം ആ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തന്‍റെ പ്രൊജക്ടിനെ കുറിച്ച് ഇന്ദു ഹരികുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു..
ആദ്യ പ്രൊജക്ട് #100IndianTinderTales
2019 ജനുവരി 18 -നാണ് 'ബ്രെസ്റ്റ് സ്റ്റോറീസ്' എന്ന പ്രൊജക്ട് ചെയ്ത് തുടങ്ങിയത്. 33 വ്യത്യസ്തമായ സ്റ്റോറി പെയിന്‍റ് ചെയ്തു കഴിഞ്ഞു. ഇതിലോരോന്നും ഓരോ സ്ത്രീകളുടെയും അവരുടെ സ്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അനുഭവമാണ്. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു തുടക്കത്തില്‍ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോഴും വരുന്നു.. ഇപ്പോഴും വരക്കുന്നു.. ആ പ്രൊജക്ട് നിര്‍ത്തിയിട്ടില്ല..
പക്ഷെ, ഇത് എന്‍റെ ആദ്യത്തെ പ്രൊജക്ടല്ല. കുട്ടികളുടെ ഒരുപാട് വര്‍ക്കുകള്‍ ഞാന്‍ ചെയ്തിരുന്നു. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി, 2016 -ല്‍ 'ടിന്‍റര്‍' എന്ന ഡേറ്റിങ്ങ് ആപ്പിലൂടെ ഉടലെടുക്കുന്ന ബന്ധങ്ങളില്‍ നിന്നുള്ള അനുഭവങ്ങളെ കുറിച്ച് ഒരു സീരീസ് ചെയ്തിരുന്നു. പക്ഷെ, അതില്‍ ആരെങ്കിലും അനുഭവം അയച്ചു തരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ, അയച്ചു തന്നു. അവരുടെ വ്യത്യസ്തമായ അനുഭവങ്ങള്‍..
'ടിന്‍ററിലൂടെയുള്ള ബന്ധം അത്ര നല്ലതല്ല' എന്നാണ് എല്ലാവരും പറയുക.. പക്ഷെ, ഇത്തരം ഡേറ്റിങ്ങ് ആപ്പുകളുണ്ടാക്കിയ വലിയ മാറ്റങ്ങളുണ്ട്. നമ്മുടെയൊക്കെ പല കൂട്ടുകാരും വിവാഹം കഴിച്ചിരിക്കുന്നത് അവര്‍ ആദ്യം പ്രണയിച്ചിരുന്നത് ആരെയാണോ അവരെ തന്നെയാണ്.. കൂടെ പഠിച്ചവര്‍, പരിചയക്കാര്‍, ഒരുമിച്ച് ജോലി ചെയ്തവര്‍ എന്നിങ്ങനെ.. അതിനുമപ്പുറത്തേക്കുള്ള ഓപ്ഷനില്ലാത്തതുപോലെ..
പക്ഷെ, ടിന്‍റര്‍ അടക്കമുള്ള ആപ്പുകളുടെ വരവോടെ കൂടുതല്‍ പേരെ പരിചയപ്പെടാനാകുന്നു. അവരുടെ ഇഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍ ഇവയെല്ലാം അറിയാനാകുന്നു. 'വില്‍ യൂ മാരീ മീ' എന്ന ചോദ്യം തന്നെ ഇവിടെ അപ്രസക്തമാണ്. അവരവരെ കണ്ടെത്താനുള്ള അവസരം കൂടിയാണ് ഇത്തരം സൗഹൃദങ്ങള്‍ തുറന്ന് വയ്ക്കുന്നത്. പരസ്പരം പരിചയപ്പെടാം, സൗഹൃദം പങ്ക് വെയ്ക്കാം, യാത്ര ചെയ്യാം, ഒരുപോലെ ഇഷ്ടപ്പെട്ട സിനിമ കാണാം അങ്ങനെ അങ്ങനെ.. ആ ലോകം വലുതാണ്. ആ ചിത്രങ്ങളാണ് ഞാന്‍ വരച്ചത്. അതെല്ലാം ഓരോരുത്തരുടേയും യഥാര്‍ത്ഥ അനുഭവങ്ങള്‍ ആണ്..
ബ്രെസ്റ്റ് സ്റ്റോറിയിലേക്ക്..
രണ്ടാമത്തെ പ്രൊജക്ടാണ് 'ബ്രെസ്റ്റ് സ്റ്റോറീസ്..'
ടി വിയിലും മാഗസിനിലും എല്ലാം നമ്മള്‍ കാണുന്ന ഒരു ശരീരമുണ്ട്. മെലിഞ്ഞ, കൊഴുപ്പില്ലാത്ത, നീളമുള്ള, വെളുത്ത ശരീരങ്ങള്‍.. അത് നമുക്ക് നമ്മുടെ ശരീരത്തോട് വേറൊരു തരത്തിലുള്ള അകല്‍ച്ചയുണ്ടാക്കും. നമ്മുടെ ശരീരം മോശമാണെന്ന തോന്നലുണ്ടാക്കും. പക്ഷെ, എല്ലാവരുടേയും ശരീരത്തിന് അതിന്‍റേതായ പ്രത്യേകതയുണ്ട്. അതിനെ സ്നേഹിക്കുക എന്നതാണ് ചെയ്യാനുള്ളത്.
ശരീരത്തെ കുറിച്ച് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍.. സ്വയംഭോഗം, ശരീരം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ഇന്‍സ്റ്റഗ്രാം വഴി ഞാന്‍ മറ്റുള്ളവരോട് സംവദിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നര വര്‍ഷം ഞാന്‍ 'ശരീരം' എന്നതിലൂന്നി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. അതിനൊക്കെ പ്രതികരണങ്ങളുമുണ്ടായി.
അപ്പോഴാണ് ഒരു സ്ത്രീ എന്നോട് പറയുന്നത് അവരുടെ ജീവിതത്തിലെ ഒരു അനുഭവം. അവരുടെ മുലകള്‍ വലുതാണ്. 26 വര്‍ഷം വരെ അതവര്‍ക്ക് നല്‍കിയ മനപ്രയാസം വളരെ വലുതാണ്. കാരണം, ഏതൊരു പുരുഷനും അവരെ കാണുമ്പോള്‍ ആദ്യം നോക്കുന്നത് അവരുടെ മുലകളിലേക്കായിരുന്നു. ആ സ്ത്രീയെ ഒട്ടും ശ്രദ്ധിക്കാത്തതുപോലെ അവര്‍ അവരുടെ വലിപ്പമുള്ള മുലകളിലേക്ക് മാത്രം നോക്കി.. മാത്രവുമല്ല, ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ തുനിഞ്ഞാല്‍ പോലും അതിന് കാരണം അവരുടെ വലിയ മുലകളാണ് എന്നുപോലും ആരോപിക്കപ്പെട്ടു. ഇതവരെ വല്ലാതെ വേദനിപ്പിച്ചു.
ആ സമയത്താണ് ഞാന്‍ അവരോട് എന്‍റെ അനുഭവം പറഞ്ഞത്, സ്തനങ്ങള്‍ക്ക് വലിപ്പമില്ലാത്തതിന്‍റെ പേരില്‍ 'കാരംബോര്‍ഡ് പോലെയാണ് നിന്‍റെ മാറ്' എന്ന് പലരും എന്നോട് പറയുമായിരുന്നു. ഒരുപാട് പരിഹസിക്കപ്പെട്ടിരുന്നു. ഒരു ബന്ധു എന്നോട് ചോദിച്ചത്, 'നീ നിന്‍റെ ഭര്‍ത്താവിന് എന്താണ് നല്‍കുക' എന്നാണ്. അങ്ങനെ ഞങ്ങള്‍ രണ്ട് സ്ത്രീകള്‍ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചു.
അതായിരുന്നു ആദ്യചിത്രം
ഞാന്‍ അനുഭവിച്ചത് ചെറിയ സ്തനമായതിന്‍റെ പ്രശ്നം, ആ സ്ത്രീയോ വലിയ സ്തനങ്ങളുണ്ടായതിന്‍റേയും.. അപ്പോഴാണെനിക്ക് തോന്നിയത്, മുലകളുമായി ബന്ധപ്പെട്ട് ഓരോ സ്ത്രീയുടെയും അനുഭവം ഓരോ പോലെയാണ്. ഒന്നിനൊന്ന് വ്യത്യസ്തം.. മാത്രവുമല്ല, നമ്മുടെ സ്തനങ്ങള്‍ പല കാലത്തായി നമുക്കുണ്ടാക്കുന്ന അപകര്‍ഷതാബോധം ഭീകരമാണ്. പിന്നെയാണത് മാറുന്നത്.. അന്ന്, ആ സ്ത്രീയോട് ഞാന്‍ ചോദിച്ചു, ഞാന്‍ ഇങ്ങനെയൊരു പ്രൊജക്ട് തുടങ്ങിയാല്‍ അവരുടെ ചിത്രം എനിക്ക് അയച്ചു തരുമോ എന്ന്. തീര്‍ച്ചയായും എന്നായിരുന്നു അവരുടെ മറുപടി.
അങ്ങനെയാണ് അവരെനിക്ക് അവരുടെ സ്തനങ്ങളുടെ ചിത്രമയക്കുന്നത്. അത് പെയിന്‍റ് ചെയ്താണ് ഞാനീ പ്രൊജക്ട് തുടങ്ങുന്നത്. പിന്നീട്, ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ തന്നെ ഞാന്‍ പറഞ്ഞു, മുലകളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കാം എന്ന്. നിങ്ങളുടെ സ്തനങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവമായിരിക്കണം എഴുതുന്നത് എന്നും പറഞ്ഞു.. കളര്‍ ഫോട്ടോ ആകണം, അത് നഗ്നമായ മുലകളാകണമെന്നില്ല, നിങ്ങളുടെ മുഖം വേണമെന്നില്ല ഇതൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അതിന് നല്ല പ്രതികരണമായിരുന്നു. ഒരുപാട് സ്ത്രീകള്‍ ഫോട്ടോയും അനുഭവവും അയച്ചു. പലരെയും ഒരുകാലത്ത് ഭയപ്പെടുത്തിയ ഒന്നായിരുന്നു അവരുടെ മുലകള്‍. പല പെണ്‍കുട്ടികളും ബന്ധുക്കളില്‍ നിന്നുപോലും ചൂഷണം നേരിട്ടു. അവരുടെ സ്തനങ്ങള്‍ ഞെരിക്കപ്പെട്ടു. അതവരെ ഭയപ്പെടുത്തി.. അതെല്ലാം അവരെനിക്കെഴുതി അയച്ചു. ഫോട്ടോയ്ക്കൊപ്പം..
വരച്ച് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞപ്പോഴുണ്ടായ പ്രതികരണം
ഒരുപാട് പൊസിറ്റീവായിട്ടുള്ള പ്രതികരണങ്ങളാണ് ഈ വര്‍ക്കുമായി വരുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള മാധ്യമങ്ങളും അതിനെ കുറിച്ചെഴുതി. ഒരുപാട് പേര്‍, സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞു. അവര്‍ക്കുണ്ടായിരുന്ന അപകര്‍ഷതാ ബോധം മാറ്റാനും നമ്മുടെ ശരീരം മനോഹരമാണെന്ന് അവരവര്‍ക്ക് തന്നെ തോന്നാനും ഈ ചിത്രങ്ങള്‍ കാരണമായി എന്ന് പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ എന്നോട് സംസാരിച്ചു. മാത്രമല്ല, പുരുഷന്മാരും ഒരുപാട് പേര്‍ ഈ പ്രൊജക്ടിനെ അഭിനന്ദിച്ചു.
ഒരു പെണ്‍കുട്ടി പറഞ്ഞത് അവളുടെ ഒട്ടും വളര്‍ച്ചയില്ലാത്ത മുലകള്‍ അവള്‍ക്ക് വളരെയധികം വേദന നല്‍കിയിരുന്നു എന്നാണ്. ഈ ലോകത്ത് ആരും അവളെ ആഗ്രഹിക്കുന്നു പോലുമില്ല എന്ന് അവള്‍ക്ക് തോന്നിയിരുന്നുവെന്നാണ് അവള്‍ പറഞ്ഞത്. അത് വരച്ച്, ആ അനുഭവം പങ്കുവെച്ചപ്പോള്‍, ഒരു പുരുഷന്‍ എന്നെ വിളിച്ചു. അയാള്‍ പറഞ്ഞത്, അയാള്‍ക്ക് അത് വായിച്ചപ്പോഴുണ്ടായ കുറ്റബോധത്തെ കുറിച്ചാണ്. കാരണം അയാള്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് വളരെ ചെറിയ സ്തനങ്ങളായിരുന്നു. അതിനെ കളിയാക്കി സംസാരിച്ചിരുന്നുവത്രെ ഒരിക്കലയാള്‍.. അന്ന് അവള്‍ വളരെയേറെ വിഷമിച്ചിരുന്നു. അതെന്തിനാണ് എന്ന് അന്ന് അയാള്‍ക്ക് പൂര്‍ണമായും മനസിലായിരുന്നില്ല. എന്നാല്‍, ഇന്നത് മനസിലാകുന്നുണ്ട് എന്നും അയാള്‍ പറഞ്ഞു..
ശരീരത്തിന്‍റെ രാഷ്ട്രീയം
നോക്കൂ, നമ്മള്‍ ജീവിക്കുന്നത് പുരുഷന്മാരുടേതായ ഒരു ലോകത്താണ്. പുരുഷന്മാരെ പോലെയാണ് സമൂഹം ചിന്തിക്കുന്നത്. ആണുങ്ങള്‍ക്ക് സ്ത്രീകളുടെ ജീവിതത്തെ കുറിച്ചോ, അനുഭവത്തെ കുറിച്ചോ അറിയില്ല. സ്ത്രീകള്‍ക്കാകട്ടെ അവരുടെ ശരീരത്തെ കുറിച്ചുള്ള തോന്നലുകള്‍ പറയാന്‍ ഒരിടം പോലുമില്ല. ചര്‍ച്ചകളുണ്ടാകുന്നില്ല.. ബോഡി ഷെയിമിങ്ങ് വര്‍ധിച്ചു വരുന്നു. ഒരാളുടെ ശരീരത്തെ ഇങ്ങനെ അപമാനിക്കാനും അഭിപ്രായം പറയാനും ആര്‍ക്കാണ് അവകാശം? അതിന്‍റെ മേല്‍ അധികാരം പ്രയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല..
അതുകൊണ്ടാണ് കലയിലൂടെ അതിനെ കുറിച്ച് പറയുന്നത്. ഓരോ ശരീരവും മനോഹരമാണ് എന്ന് പറയേണ്ടി വരികയാണ്. ശരീരത്തിന്‍റെ പേരില്‍ അപകര്‍ഷത പേറേണ്ട കാര്യമേയില്ല.. ഓരോ ശരീരവും അതിന്‍റേതായ ഭംഗിയെ വഹിക്കുന്നു. അത് നമ്മളും ചുറ്റുമുള്ളവരും ഉള്‍ക്കൊള്ളണം.
ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ വരയിലൂടെ ഞാനത് പറയാന്‍ ശ്രമിക്കുന്നുവെന്നേയുള്ളൂ.. അതിന്‍റെ ഭാഗമാണ് സ്ത്രീകളും അവരുടെ സ്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.. ഇനിയും ആ വരകള്‍ തുടരും.