ഭാരതപര്യടനവും കുത്തക ബഹിഷ്ക്കരണവും; ഒരേ സമയം രണ്ട് സമര മുഖങ്ങള്‍ തുറക്കാന്‍ കർഷക സംഘടനകൾ

സമരവുമായി ബന്ധപ്പെട്ട് മുൻക്കാലങ്ങളിൽ ഉയർത്തിയിരുന്ന ആവശ്യങ്ങള്‍ ഇപ്പോഴും അതെപ്പടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സമരമെന്ന പ്രഖ്യാപനത്തിലേക്ക് സംയുക്ത കിസാൻ മോർച്ച കടന്നിരിക്കുന്നത്.

all India long march and Monopoly Boycott Farmer organizations with two faces of struggle bkg

2021 ഡിസംബർ ഒമ്പതിനാണ് ദില്ലി അതിർത്തിയിൽ ഒരു വർഷം നീണ്ട ഐതിഹാസിക കർഷക സമരം വിജയം കണ്ടതോടെ കർഷകർ വിജയക്കൊടി പാറിച്ച് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി തുടങ്ങിയത്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് അത് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കി നിയമങ്ങൾ പിൻവലിച്ചെന്ന് രേഖമൂലം ഉറപ്പ് നൽകിയതോടെയാണ് സംയുക്ത കിസാൻ മോർച്ച യോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. 'ദില്ലി ചാലോ' മാർച്ചുമായി പഞ്ചാബ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര തുടങ്ങിയ കർഷകരെ ദില്ലി അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ വച്ച് തടഞ്ഞതോടെ അതിർത്തി വളഞ്ഞുള്ള സമരത്തിലേക്ക് കർഷകർ നീങ്ങി. സംഘർഷവും ചെറുത്ത് നിൽപ്പും കൊവിഡും അതീജീവിച്ച സമരത്തിൽ കർഷകരുടെ പ്രധാന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ച് മടങ്ങാൻ സംഘടനകൾ തീരുമാനിച്ചതും. എന്നാൽ, പുതിയതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചത് കൊണ്ട് മാത്രം കർഷകർ ഉയർത്തുന്ന ആവശ്യങ്ങൾ അവസാനിച്ചിരുന്നില്ല, സമരവുമായി ബന്ധപ്പെട്ട് മുൻക്കാലങ്ങളിൽ ഉയർത്തിരുന്ന ആവശ്യങ്ങള്‍ ഇപ്പോഴും അതെപ്പടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സമരമെന്ന പ്രഖ്യാപനത്തിലേക്ക് സംയുക്ത കിസാൻ മോർച്ച കടന്നിരിക്കുന്നത്.

വർഷം തോറും കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന കൃഷി നാശം, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യം, കാർഷിക വായ്പാ തിരിച്ചടവിലെ പ്രശ്നങ്ങൾ ഉൾപ്പെടെ ഒരോ സംസ്ഥാനത്തും കർഷകർ അനുഭവിക്കുന്നത് പലവിധ പ്രതിസന്ധികളാണ്. കർഷകർ  പ്രധാനമായും ഉയർത്തുന്ന വിഷയങ്ങൾ ഇവയാണ്. 

1. കാർഷിക വായ്പ ഉടൻ എഴുതിതള്ളണം. 
2. ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.
3. സമരത്തിനിടെ മരിച്ച കർഷകർക്കും പരിക്കേറ്റവർക്കും സഹായധനം നല്‍കണം. 
4. വൈദ്യുതി ഭേദഗതി ബിൽ  - 2022 പിൻവലിക്കണം, കാർഷിക ആവശ്യങ്ങൾക്കും ഗ്രാമീണ ആവശ്യങ്ങൾക്കും സൗജന്യ വൈദ്യുതി അനുവദിക്കണം.
5. വിളകൾക്ക് സാർവത്രികവും, സമഗ്രവുമായ ഇൻഷുറൻസും നഷ്ട പരിഹാര പാക്കേജും നടപ്പാക്കണം.
6. കർഷകർക്കും തൊഴിലാളികൾക്കും പ്രതിമാസം അയ്യായിരം രൂപ പെൻഷൻ പദ്ധതി 
7. സമരത്തിനിടെ എടുത്ത കേസുകൾ പിൻവലിക്കണം 

all India long march and Monopoly Boycott Farmer organizations with two faces of struggle bkg

സമരവിജയത്തിന് പിന്നാലെ കിസാൻ മോർച്ചയിലെ പിളർപ്പും രണ്ട് സമരവഴികളും 

കർഷക സമരത്തിന് പിന്നാലെയായിരുന്നു പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. കർഷക സമരത്തിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്ന പഞ്ചാബിൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ അങ്കം കുറിയ്ക്കാൻ ഒരു വിഭാഗം കർഷക സംഘടനകൾ തീരുമാനിച്ചു. ആറ് സംഘടനകൾ ചേർന്ന് 'സംയുക്ത സമാജ് മോർച്ച' എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അങ്കത്തിന് ഇറങ്ങി. എന്നാൽ, സംയുക്ത കിസാൻ മോർച്ച എന്ന കർഷക കൂട്ടായ്മയിൽ അംഗമായവർ രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതിൽ സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നീട് ചേർന്ന കിസാൻ മോർച്ച യോഗത്തിൽ ഇത് വലിയ ചർച്ചയായി, ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആറ് സംഘടനകളെയും കിസാൻ മോർച്ച താൽകാലികമായി പുറത്താക്കി. 

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കർഷക സമരം വലിയ ചർച്ചയായെങ്കിലും കർഷക സംഘടനകൾക്ക് നിലം തൊടാൻ കഴിഞ്ഞില്ല. കർഷക നേതാവും പ്രധാന മത്സരാര്‍ത്ഥിയുമായ ബൽബീർ സിങ്ങ് രജേവാളിന് കെട്ടിവച്ച പണം പോലും നഷ്ടമായി. മത്സരിച്ച എല്ലാ സീറ്റുകളും കര്‍ഷക സംഘടനകള്‍ തോറ്റു, ഒരിടത്ത് മൂന്നാം സ്ഥാനത്ത് എത്തി. പാളിപ്പോയ ആ പരീക്ഷണത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആറ് സംഘടനകളെയും തിരികെ സംയുക്ത സംഘടനയിലേക്ക് എടുക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചതോടെയാണ് കിസാൻ മോർച്ചയിൽ പിളർപ്പിന് വഴിയൊരുങ്ങുന്നത്. മറ്റ് കർഷക സംഘടനകൾ രാഷ്ട്രീയ നിലപാട് പാടില്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ പഞ്ചാബിലെ 17 കാര്‍ഷിക സംഘടനകളും രാജസ്ഥാനിലെ 37 കാര്‍ഷിക സംഘടനകളും രാഷ്ട്രീയ കിസാന്‍ മഹാസംഘിലുള്ള 162 സംഘടനകളും ചേർന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അരാഷ്ട്രീയ വിഭാഗം രൂപീകരിച്ചു. അതെസമയം കിസാൻ സഭ, ഭാരതീയ കിസാൻ യൂണിയൻ അടക്കമുള്ള കാര്‍ഷിക സംഘടനകൾ മറുവശത്ത് സംയുക്ത കിസാൻ മോർച്ച എന്ന പേരിൽ തന്നെ മുന്നോട്ട് പോകുന്നു. ഇരുവിഭാഗവും പുതിയ സമരരീതികള്‍ പ്രഖ്യാപിച്ച് വ്യത്യസ്തവഴികളിലൂടെ മുന്നോട്ട് പോകുകയാണ്.

അദാനിക്കും  അംബാനിക്കും എതിരെ പ്രക്ഷോഭത്തിന് കിസാന്‍ മോര്‍ച്ച അരാഷ്ട്രീയ വിഭാഗം

അദാനിയടക്കമുള്ള ബഹുരാഷ്ട്രാ കമ്പനികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമാണ് സംയുക്ത കിസാന്‍ മോര്‍ച്ച അരാഷ്ട്രീയ വിഭാഗം പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരരംഗത്തെ കുത്തകവൽക്കരണത്തിനെതിരെ വ്യാപാര സംഘടനകളുമായി ചേർന്നാണ് പ്രക്ഷോഭം. അദാനി, അംബാനി ഗ്രൂപ്പുകൾക്ക് സർക്കാർ വാതിൽ തുറന്ന് കൊടുത്തത് കർഷകരെയും വ്യാപാരികളെയും പ്രതിന്ധിയിലാക്കിയെന്നും ന്യായവില നൽകാതെ വൻകിട കമ്പനികൾ കാർഷിക വിളകൾ സംഭരിക്കുന്നത് വിലിയടവിന് കാരണമാകുന്നുവെന്നും ഇവര്‍ ആരോപിച്ചു. ആമസോൺ, ഫ്ലിപ്‍കാര്‍ട്ട് അടക്കമുള്ള കമ്പനികൾകളെ ഗ്രാമങ്ങളിലും നഗരങ്ങളിലും ബഹിഷ്ക്കരിക്കാനും യോജിച്ച പ്രക്ഷോഭ പരിപാടികൾ നടത്താനുമാണ് തീരുമാനം.

all India long march and Monopoly Boycott Farmer organizations with two faces of struggle bkg

മഹാപഞ്ചായത്ത് നടത്തി സമരം പ്രഖ്യാപിച്ച് മറുവിഭാഗം 

ഇതിനിടെ മറുപക്ഷം ദില്ലി രാംലീലാ മൈതാനത്ത് കഴിഞ്ഞ ഇരുപതാം തിയതി പതിനായിരക്കണക്കിന് കർഷകരെ എത്തിച്ച് വീണ്ടും പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ദില്ലി വീണ്ടും കർഷക പ്രതിഷേധത്തിന്‍റെ ചൂട് അറിഞ്ഞ ദിവസമായിരുന്നു അത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്ത മഹാപഞ്ചായത്ത് കേന്ദ്രസർക്കാരിനെതിരായ സമരപ്രഖ്യാപനമായി.  

കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ കർഷക മഹാറാലിക്കും കർഷക മഹാപഞ്ചായത്ത് തീരുമാനമെടുത്തു. തെക്കേ ഇന്ത്യയിൽ നിന്ന് തുടങ്ങി ഒരോ സംസ്ഥാനത്തിലൂടെയും കടന്ന് പോകുന്ന പ്രക്ഷോഭത്തിനും രാംലീലാ മൈതാനം നിറഞ്ഞ് കവിഞ്ഞ കർഷകരെ സാക്ഷിയാക്കി പ്രഖ്യാപനം നടന്നു. മുൻക്കാലത്തെ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര ഇടപെടൽ ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദേശീയ പ്രക്ഷോഭത്തിനുള്ള ആഹ്വാനം. കർഷക മഹാറാലിയുടെയും സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന പ്രതിഷേധങ്ങളുടെയും തീയ്യതി ഏപ്രിലിൽ മുപ്പതിന് നടക്കുന്ന ദേശീയ ഏക്സിക്യൂട്ടീവിൽ പ്രഖ്യാപിക്കും.

2024 -ലെ പൊതുതെരഞ്ഞെടുപ്പും കർഷക പ്രതിഷേധവും 

ഒരു വർഷത്തിൽ താഴെ മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സമയം. വരുന്ന ഒരോ ദിവസവും ഇന്ത്യയിന്‍ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ ചഞ്ചാട്ടങ്ങളുടെയും കരുനീക്കങ്ങളുടെയും ദിനങ്ങളാകും ഇനി. ആ ദിനങ്ങളിലേക്കാണ് പുതിയ പ്രക്ഷോഭവും കടന്ന് വരുന്നത്. സമരങ്ങള്‍ രണ്ട് വഴിക്കാണെങ്കിലും ഇരുവിഭാഗവും ലക്ഷ്യമിടുന്നത് കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങളെയാണ്. അതിനാൽ ശക്തിപ്രാപിക്കുന്ന സമര പരിപാടികൾ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് പുതിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഈ സമരങ്ങൾക്ക് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചലനമുണ്ടാക്കാനായാൽ ദേശീയ രാഷ്ട്രീയ കാലാവസ്ഥയെയും അത് ബാധിക്കും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമരങ്ങളോടുള്ള പ്രതികരണവും ഇവിടെ നിർണ്ണായകമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios