India@75 : അബനീന്ദ്രനാഥ് ടഗോര്‍, നമ്മുടെ ചിത്രകലയെ ഇന്ത്യന്‍ വേരുകളിലേക്ക് വഴിനടത്തിയ ചിത്രകാരന്‍!
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് അബനീന്ദ്രനാഥ് ടഗോര്‍/
ഒരേ സമയം രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, കല എന്നി രംഗങ്ങളിലൊക്കെ ഉജ്വലമായ മുദ്ര പതിപ്പിച്ച, ബംഗാളിലെ ടഗോര്‍ കുടുംബാംഗം. മഹാകവി രവീന്ദ്രനാഥ് ടഗോറിന്റെ കുടുംബാംഗം. ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പിതാവ്. ചിത്രകലാരംഗത്ത് സ്വദേശി മൂല്യങ്ങള്‍ക്കായി നിലകൊണ്ട ആദ്യചിത്രകാരന്‍. ചിത്രകലയിലെ ബംഗാള്‍ സ്‌കൂളിന്റെ സ്ഥാപകന്‍.
ഇന്ത്യന്‍ ദേശീയതയുടെ ശക്തി അതിന്റെ വൈവിധ്യവും ബഹുസ്വരതയുമാണ്. വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിരോധപ്രസ്ഥാനം ജീവിതത്തിന്റെ ബഹുമുഖങ്ങളില്‍ ദൃശ്യമായ നവ്യമായ ആത്മബോധത്തിന്റെയും ഉണര്‍വിന്റെയും സൃഷ്ടിയാണ്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും മാത്രമല്ല ചിത്രകലയിലും ശില്പകലയിലും ഒക്കെ പുതിയ ദേശീയബോധം പ്രതിഫലിച്ചു. ചിത്രകലാരംഗത്തെ ഇന്ത്യന്‍ ദേശീയതയുടെ പ്രഥമവക്താക്കളില്‍ പെടുന്നു അബനീന്ദ്രനാഥ് ടഗോര്‍ എന്ന അബനി താക്കൂര്‍. (1871-1951).
ഒരേ സമയം രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, കല എന്നി രംഗങ്ങളിലൊക്കെ ഉജ്വലമായ മുദ്ര പതിപ്പിച്ച, ബംഗാളിലെ ടഗോര്‍ കുടുംബാംഗം. മഹാകവി രവീന്ദ്രനാഥ് ടഗോറിന്റെ കുടുംബാംഗം. ഇന്ത്യന്‍ ആധുനിക ചിത്രകലയുടെ പിതാവ്. ചിത്രകലാരംഗത്ത് സ്വദേശി മൂല്യങ്ങള്‍ക്കായി നിലകൊണ്ട ആദ്യചിത്രകാരന്‍. ചിത്രകലയിലെ ബംഗാള്‍ സ്‌കൂളിന്റെ സ്ഥാപകന്‍.
യൂറോപ്യന്‍ അധിനിവേശ കലയുടെ പിടിയിലായിരുന്ന ഇന്ത്യന്‍ ചിത്രകലയെ സമ്പന്നമായ സ്വന്തം പാരമ്പര്യത്തിലേക്ക് പ്രത്യാനയിച്ചത് അബനി ആയിരുന്നു. ഇന്ത്യന്‍ പാരമ്പര്യ ചിത്രകലയുടെ മഹത്തായ ധാരകളായ മുഗള്‍, രജ്പുത് ശൈലികള്‍ പുനരുദ്ധരിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍, അജന്ത ഗുഹയിലെ ചിത്രശൈലി എന്നിവയില്‍ നിന്നൊക്കെ അദ്ദേഹം പ്രചോദനം ഉള്‍ക്കൊണ്ടു.
ടാഗോര്‍ കുടുംബത്തിന്റെ സ്വദേശമായ ജോര്‍ശന്‍കോയില്‍ 1871 -ലായിരുന്നു അബനിയുടെ ജനനം. കല്‍ക്കത്ത ആര്‍ട്ട് സ്‌കൂളില്‍ പാശ്ചാത്യ അധ്യാപകരുടെ കീഴിലായിരുന്നു അബനിയുടെ പഠനം. പക്ഷെ അധികം വൈകാതെ മുഗള്‍ കലയില്‍ താല്‍പ്പരനായ അബനി ആ ശൈലിയില്‍ ചിത്രങ്ങള്‍ വരച്ചു. രവീന്ദ്രനാഥ് ടാഗോറിന്റെ രചനകള്‍ക്ക് അദ്ദേഹം ചിത്രണം നിര്‍വഹിച്ചു. കല്‍ക്കത്തയിലെ ഗവ. ആര്‍ട്ട് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി എത്തിയ ബ്രിട്ടീഷുകാരനായ ഐ ബി ഹാവെല്‍ ഇന്ത്യന്‍ പാരമ്പര്യകലയുടെ ആരാധകനായിരുന്നു.
ഹവേലിനോട് ചേര്‍ന്ന് അബാനിയും ചിത്രകാരനായ സഹോദരന്‍ ഗജേന്ദ്രനാഥ് ടാഗോറും ബംഗാള്‍ കലാ ശൈലിക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ രൂപം നല്‍കി. ഭൗതികതയുടെ പര്യായമായ പാശ്ചാത്യകലയ്ക്ക് വിരുദ്ധമാണ് ആത്മീയതയില്‍ ഊന്നുന്ന ഇന്ത്യന്‍ കല എന്ന അവര്‍ വാദിച്ചു. ജപ്പാന്‍, ചൈന തുടങ്ങി ഏഷ്യന്‍ ചിത്രകലാപാരമ്പര്യങ്ങളുമായി ഇന്ത്യന്‍ പാരമ്പര്യത്തെ ബന്ധപ്പെടുത്തി. ഈ ബംഗാള്‍ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു നന്ദലാല്‍ ബോസ്, ജമിനി റോയ് തുടങ്ങിയവര്‍.
അബാനിക്കും വിമര്‍ശകര്‍ ഉണ്ട്. ബംഗാള്‍ സ്‌കൂള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ കലയാണ്, പാശ്ചാത്യ സൃഷ്ടിയില്‍ രൂപം കൊണ്ട പൗരസ്ത്യ സങ്കല്‍പ്പനങ്ങള്‍ക്ക് ഇണങ്ങുന്ന ശൈലിയുടെ ഉദ്‌ഘോഷകരാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന അബനി 1951 -ല്‍ അന്തരിച്ചു.