അശാന്തമായ ഒരാണ്ട്; മണിപ്പൂരില്‍ ഇന്നും കനത്ത ജാഗ്രത തുടരുന്നു
സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും അടക്കം ആരെയും അക്രമികള്‍ വെറുതെ വിട്ടില്ല. ഇരൂന്നൂറിലധികം പേർ കലാപത്തിൽ മരിച്ച് വീണു. കലാപം തുടങ്ങി ദിവസങ്ങള്‍ കഴിയും മുന്നെ പൊലീസ് ഒരു വിഭാഗത്തെ സഹായിച്ചുവെന്ന ആരോപണങ്ങളും ശക്തമായി.
വര്‍ഷമൊന്ന് കഴിഞ്ഞു, മണിപ്പൂരില്‍ അശാന്തിയുടെ രാപ്പകലുകള്‍ ആരംഭിച്ചിട്ട്. വീടും നാടും വിട്ട് ഓടിപ്പോയവരില്‍ പലരും ഇന്നും താല്‍ക്കാലിക ക്യാമ്പുകളിലാണ് ജീവിക്കുന്നത്. ഇന്നും കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇടയ്ക്കിടെ അസ്വസ്ഥതകള്‍ അവിടവിടെ തലപൊക്കുന്നു. അവസാനമില്ലാത്ത അക്രമണങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ചെവി കൊടുത്തിട്ടില്ല.
മണിപ്പൂരിലെ മലനിരകളും താഴ്വാരകളും വെറുപ്പു കൊണ്ട് അകന്നപ്പോള്‍, ഉണങ്ങാത്ത മുറിവായി വടക്ക് കിഴക്കന്‍ സംസ്ഥാനം മാറിക്കഴിഞ്ഞു. കലാപത്തിന് ഇരയായി സര്‍വ്വതും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങളിലേക്കാണ് ഓരോ മണിപ്പൂരി ദിവസവും ആരംഭിക്കുന്നത്. മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്തെയെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ അതുവരെ പുകഞ്ഞിരുന്ന അസ്വസ്ഥതകള്‍ക്ക് തീ പിടിക്കുകയായിരുന്നു.
മണിപ്പൂരിലെ കുക്കി വിഭാഗത്തിന് മേധാവിത്വമുള്ള 'ഓൾ ട്രൈബൽ സ്റ്റുൻഡൻസ് യൂണിയൻ' സംഘടിപ്പിച്ച മാർച്ചിന് ശേഷം രണ്ട് ജില്ലകളിൽ സംഘർഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചുരാന്ദ്പ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ തുടങ്ങിയ മേഖലകളിലേക്ക് കലാപം പെട്ടെന്ന് തന്നെ പടർന്നു കത്തി. ഗോത്ര വിഭാഗം താമസിക്കുന്ന കുന്നുകളിൽ ആയിരക്കണക്കിന് വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു. ഇരുഭാഗത്തും നിരവധി ആരാധാനാലയങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.
സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും അടക്കം ആരെയും അക്രമികള്‍ വെറുതെ വിട്ടില്ല. ഇരൂന്നൂറിലധികം പേർ കലാപത്തിൽ മരിച്ച് വീണു. കലാപം തുടങ്ങി ദിവസങ്ങള്‍ കഴിയും മുന്നെ പൊലീസ് ഒരു വിഭാഗത്തെ സഹായിച്ചുവെന്ന ആരോപണങ്ങളും ശക്തമായി. കലാപത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള വൻ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പിന്നീട് പുറത്ത് വന്നത് കേന്ദ്ര സർക്കാരിനും സംസ്ഥാന ബിജെപി സർക്കാരിനും വലിയ തിരിച്ചടിയായി. അന്താരാഷ്ട്രാതലത്തിലും വിഷയം ശ്രദ്ധനേടി.
കലാപ കാലത്ത് മൌനം പാലിച്ച പ്രധാനമന്ത്രി, ഒടുവില്‍ വിഡിയോകൾ പുറത്തു വന്ന ശേഷമാണ് പ്രതികരിക്കാൻ തയ്യാറായത്. പിന്നീട് സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കേന്ദ്രം കലാപത്തിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. സുപ്രീം കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് ഭരണ സംവിധാനം തകർന്നെന്ന് പോലും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും വിമർശനങ്ങൾ ഉയരുമ്പോഴും മുഖ്യമന്ത്രി ബിരേന്ദ്ര സിംഗിനെ സംരക്ഷിക്കുന്ന നിലപാട് ബിജെപി തുടരുകയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് പോലും പ്രധാനമന്ത്രി മണിപ്പൂർ സന്ദര്‍ശിക്കാത്തതും ദേശയ തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. കലാപം തുടങ്ങി വര്‍ഷമൊന്ന് കഴിയുമ്പോഴും മണിപ്പൂരില്‍ സാഹചര്യങ്ങള്‍ സംഘർഷഭരിതമായി തുടരുകയാണ്.