വികസനമുണ്ടോ എന്നു ചോദിച്ചാല്‍ വികസനമുണ്ട്, പക്ഷേ, ത്വരിതഗതിയിലാണെന്നു മാത്രം ....!
1995-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ വാര്‍ത്താ സംപ്രേഷണം. ആ തെരഞ്ഞെടുപ്പ് കാലത്തിന്റെ ഓര്‍മ്മ.
1995-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ വാര്‍ത്താ സംപ്രേഷണം. ആ തെരഞ്ഞെടുപ്പ് കാലത്തിന്റെ ഓര്‍മ്മ. അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ ജയചന്ദ്രന്റെ കൂടെയുള്ള റിപ്പോര്‍ട്ടിംഗ് അനുഭവം. പതിറ്റാണ്ടുകളായി ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്ന മുതിര്‍ന്ന ക്യാമറാപേഴ്‌സണ്‍ കെ. പി രമേഷ് എഴുതുന്നു
ഓരോ തെരഞ്ഞെടുപ്പു കാലവും മാധ്യമരംഗത്തുള്ളവര്‍ക്ക് പരീക്ഷണഘട്ടമാണ്. അവതരണം എങ്ങനെ വ്യത്യസ്തമാക്കും എന്ന ചിന്ത മുതല്‍ അവസാന ഫലപ്രഖ്യാപനം അതിവേഗത്തില്‍ സമഗ്രവും കൃത്യവും ലളിതവുമായി പേക്ഷകരില്‍ എങ്ങനെ എത്തിക്കാനാവുമെന്ന ആലോചനവരെ പലവിധ സമ്മര്‍ദ്ദങ്ങള്‍. എല്ലാത്തിലും പുതുമ കണ്ടെത്താനുള്ള വാശിയും മല്‍സര ബുദ്ധിയുെമല്ലാം ചേര്‍ന്ന് ആ സമ്മര്‍ദ്ദത്തെ ലഹരിപിടിപ്പിക്കുന്ന ഒന്നാക്കി മാറ്റാറുമുണ്ട്.
ഉത്തര, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങളിലൂടെ പല തവണ സഞ്ചരിച്ചെങ്കിലും ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ എന്റെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് 1995 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. അതാ തെരഞ്ഞെടുപ്പിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട ഉജ്വലമായ ഓര്‍മ്മ കൊണ്ടുകൂടിയാണ്.
ആ പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനനാളിലെ സ്‌പെഷ്യല്‍ ബുള്ളറ്റിനിലൂടെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ സംപ്രേഷണം എന്നതുകൊണ്ടു കൂടിയാവാം ആ തിരഞ്ഞെടുപ്പ് മനസ്സില്‍ സജീവമായ ഓര്‍മയായി നില്‍ക്കുന്നത്. നൂതന സാങ്കേതിക വിദ്യകളൊന്നും പരിചിതമല്ലാതിരുന്ന കാലത്തെ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ് ദൃശ്യ മാധ്യമങ്ങള്‍ക്ക് ഒരു പരിധി വരെ വിഷമം പിടിച്ചതായിരുന്നു. എങ്കിലും, വര്‍ദ്ധിത വീര്യത്തോടെ ഞങ്ങളിറങ്ങി - മലബാര്‍ മേഖലയിലെ റിപ്പോര്‍ട്ടിങ് ചുമതലയുള്ള കെ. രാജഗോപാല്‍, കെ. ജയചന്ദ്രന്‍ (ജയേട്ടന്‍ ), ഒപ്പം ഞാനും.
പ്രശസ്ത ചിത്രകാരന്‍ യൂസുഫ് അറയ്ക്കലിനൊപ്പം ജയേട്ടന്‍
ഷൂട്ടിനിറങ്ങുമ്പോള്‍ സുഹൃത്തുക്കളെ കൂടെക്കൂട്ടുക എന്ന പതിവു രീതി ജയേട്ടന്‍ മറന്നില്ല. എഴുത്തുകാരനായ ബാബു ഭരദ്വാജും ഒപ്പം കൂടി. പതിവുപോലെ വയനാട്ടില്‍ നിന്നു തന്നെ തുടക്കംകുറിച്ചു. ജയേട്ടന്റെ പ്രിയ തട്ടകമായതു കൊണ്ടു തന്നെ വയനാട്ടിലെ റിപ്പോര്‍ട്ടിങ് വളരെ രസകരമായി നീങ്ങി. രസകരമാവാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു . ഞങ്ങള്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങളാരുക്കിത്തത്തന്ന വീട്ടിലെ സുന്ദരിയെ എനിക്കായി കല്യാണാലോചന നടത്തുന്നതിന്റെ തിരക്കിട്ട ചര്‍ച്ചയിലായിരുന്നു ബാബുവേട്ടനും ജയേട്ടനും. ഒരാളെക്കൂടി കുഴിയില്‍ ചാടിക്കുന്നതിന്റെ സന്തോഷം മനസ്സിലൊളിപ്പിച്ച് ഗൂഢസ്മിതവുമായി രാജഗോപാലും നില്‍പ്പുണ്ടായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞ് പെണ്ണുകെട്ടാന്‍ വരാം എന്നും പറഞ്ഞ് ചുരമിറങ്ങി. ഇലക്ഷന്‍ നിരന്തരം നടക്കുന്ന പ്രഹസന പ്രക്രിയയായതു കൊണ്ട് ആ വാക്ക് പാലിക്കേണ്ടി വന്നില്ല. (ഭാഗ്യം, ഒരു പെണ്ണ് രക്ഷപ്പെട്ടു! )
ഞങ്ങള്‍ തിരിച്ച് കോഴിക്കോട്ടെത്തി. രാജഗോപാല്‍ റഷസുമായി തിരുവനന്തപുരത്തേക്ക്. ഞാനും ജയേട്ടനും മലപ്പുറത്തേക്കും. ഇത്തവണ ഞങ്ങള്‍ക്കൊപ്പം കൂടിയത് പി.ടി.ജോണായിരുന്നു. (ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭത്തിന്റെ കേരളത്തിലെ സജീവ പങ്കാളി).
ന്യൂസ് ബ്യൂറോ സന്ദര്‍ശിക്കാന്‍ എത്തിയ പ്രശസ്ത നടന്‍ ബാബു ആന്റണിക്കൊപ്പം ജയട്ടേനും സംഘവും
സ്ഥാനാര്‍ഥികളെ നേരില്‍ കാണുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. കാരണം മൊബൈല്‍ ഫോണ്‍ പോയിട്ട് ലാന്‍ഡ് ഫോണ്‍ പോലും ആഡംബരമായിരുന്ന കാലം. ഓരോ കക്ഷിയുടെയും തിരഞ്ഞെടുപ്പ് ഓഫീസില്‍ ചെന്നാലേ സ്ഥാനാര്‍ഥി എവിടേക്കാണ് പോയതെന്നറിയാന്‍ കഴിയൂ. അവിടെയുള്ളവര്‍ പറയും പ്രകാരം കുന്നും മലയും താണ്ടി സ്ഥലത്തെത്തുമ്പോള്‍, സ്ഥാനാര്‍ഥി മറ്റൊരിടത്തേക്കു നീങ്ങിയിട്ടുണ്ടാവും. ജോണേട്ടന്റെ ജീപ്പിലായിരുന്നു അന്നത്ത ഞങ്ങളുടെ യാത്ര. സ്ഥാപനത്തിന് സ്വന്തം വാഹനമില്ലാത്ത കാലമാണ്. (അടവു തെറ്റിയതിന്റെ പേരില്‍ വണ്ടി പിടിച്ചെടുക്കാന്‍ ഗുണ്ടകള്‍ പുറകേ വരുന്നുണ്ടോ എന്നു കൃത്യമായി നിരീക്ഷിക്കുക എന്നതായിരുന്നു ആ യാത്രയിലെ സാഹസികത..)
ഓരോയിടത്തെത്തുമ്പോഴും ജയേട്ടന്‍ തല മാത്രം പുറത്തേക്കിട്ടു ചോദിക്കും, ഏതെങ്കിലും സ്ഥാനാര്‍ഥി ഇതിലേ പോയോ...?
ജയേട്ടന്‍.ഒരു പഴയ ചിത്രം
ദൃശ്യമാധ്യമങ്ങള്‍ സര്‍വസാധാരണമല്ലാത്ത കാലത്ത് 'സ്ഥാനാര്‍ഥിയുണ്ടോ' എന്ന ഞങ്ങളുടെ ചോദ്യം നാട്ടിന്‍പുറത്തെ സാധാരണക്കാരനില്‍ സംശയമുണര്‍ത്തി. കാരണം, കക്ഷിരാഷ്ട്രീയം നോക്കാതെ ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിയെ അന്വേഷിക്കുന്നത് അവരാദ്യമായി കാണുകയാണല്ലോ. 'ഏഷ്യാനെറ്റ്' എന്ന് ഞങ്ങള്‍ പരിചയപ്പെടുത്തിയപ്പോള്‍, കൂട്ടത്തിലുള്ള സര്‍വവിജ്ഞാനകോശം മറ്റൊരുത്തനോടു പറഞ്ഞു, 'ഓ, നമ്മളെ ദൂരദര്‍ശന്റെ ഏഷ്യാനെറ്റ്...!' ദൂരദര്‍ശനെ മാത്രം പരിചയമുള്ള മലയാളിയാണല്ലോ അന്ന് മിക്കയിടങ്ങളിലുമുള്ളത്. പിന്നെ അദ്ദേഹം തിരിഞ്ഞ് നിന്ന്, സ്ഥാനാര്‍ഥി പോയ വഴി പറഞ്ഞു തന്നു. ഒടുവില്‍ ഒന്നുകൂടി ഉദാരമനസ്‌കനായി പറഞ്ഞു: ''ഞാന്‍ വരാം കൂടെ.''
ആരോടും നോ പറയാന്‍ അറിയാത്ത ജയേട്ടന്‍ സുസ്വാഗതം പറഞ്ഞു. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ അയാള്‍ തന്റെ സുഹൃത്തിനെ കാണുന്നു. വണ്ടി നിര്‍ത്തുന്നു. ചോദ്യം ആവര്‍ത്തിക്കുന്നു. അയാളും ഏതോ സ്ഥലപ്പേര് പറയുന്നു. അയാളും വണ്ടിയില്‍ കയറുന്നു. ഒടുവില്‍ വണ്ടിയില്‍ തൂങ്ങിപ്പിടിച്ച് ജയേട്ടനും കാമറ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഞാനും.... (താഴെ വെക്കാന്‍ ഇടമില്ലാത്തതു കൊണ്ടാണേ!)
ആ പരുവത്തില്‍ സ്ഥാനാര്‍ഥിയെ ചോയിച്ച് ചോയിച്ച് നീങ്ങവേ വണ്ടിയില്‍ നിന്നൊരാള്‍ ഒരു വീടു ചൂണ്ടി വിളിച്ചു പറഞ്ഞു, ''ദേ , ആ വരുന്നതൊരു സ്ഥാനാര്‍ഥിയാ...'
ഗ്രഹണിപ്പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ ഞാനും ജയേട്ടനും അങ്ങോട്ടോടി. പതിവു പോലെ ജയേട്ടന്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ചോദിച്ചു. ചോദ്യം കേട്ട സ്ഥാനാര്‍ഥി അഭിനേതാവിനെപ്പോലെ, കണ്ഠശുദ്ധി വരുത്തി ഗാംഭീര്യത്തോടെ പറഞ്ഞു: ''വികസനമോ .... വികസനമുണ്ടോ എന്നു ചോദിച്ചാല്‍ വികസനമുണ്ട്, പക്ഷേ .... ത്വരിതഗതിയിലാണെന്നു മാത്രം ....!'
അക്ഷരാര്‍ഥത്തില്‍ ഞങ്ങള്‍ ഞെട്ടി.
അമര്‍ത്തിപ്പിടിച്ച ചിരിയുമായി അവിടെ നിന്നിറങ്ങുമ്പോള്‍ ജയേട്ടന്‍ പറഞ്ഞു, ''വികസന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടന്നതിന്റെ പേരില്‍ രോഷം കൊള്ളുന്ന ഏക പഞ്ചായത്ത് എന്ന ബഹുമതി ഇവര്‍ക്കു തന്നെയാവും, ഒരു സംശയവും വേണ്ട'.
'കെ. ജയചന്ദ്രന്‍' ഓര്‍മ്മപ്പുസ്തകത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം: പൊലീസിന്റെ മുള്ളന്‍പന്നി മോഷണവും ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും