വിദ്യാര്‍ത്ഥിനിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസെടുത്ത് അധ്യാപിക; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
- പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസെടുത്ത് അധ്യാപിക.
- സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം.
വാഷിങ്ടണ്‍ : കുഞ്ഞുങ്ങളെ പരിപാലിക്കാനും അവര്‍ക്കായി സമയം ചെലവഴിക്കാനും പലപ്പോഴും സ്വന്തം ജോലിയും വ്യക്തിതാല്‍പ്പര്യങ്ങളും അമ്മമാര്‍ക്ക് ഉപേക്ഷിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ക്ലാസ്മുറിയില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി അവരുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസെടുക്കുന്ന അധ്യാപികയാണ് ഇപ്പോള്‍ സൈബറിടത്തിലെ താരം.
വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസെടുക്കുന്ന അധ്യാപികയുടെ ചിത്രം ട്വിറ്ററിലാണ് പങ്കുവെച്ചത്. പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞിനെയും കൊണ്ട് ക്ലാസിലെത്തേണ്ടി വന്ന യുവതിക്ക് സൗകര്യപൂര്‍വ്വം പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും വേണ്ടിയാണ് അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍. അധ്യാപികയുടെ ഈ സഹാനുഭൂതിക്ക് ട്വിറ്ററിലൂടെ വിദ്യാര്‍ത്ഥിനി നന്ദി അറിയിച്ചു. ട്വീറ്റിനോട് അധ്യാപിക പ്രതികരിക്കുകയും ചെയ്തു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് കുഞ്ഞിനെ കയ്യിലേന്തി ക്ലാസെടുക്കുന്ന അധ്യാപികയുടെ ചിത്രം വൈറലായത്. നവംബര്‍ 22 ന് പങ്കുവെച്ച ട്വീറ്റ് ഇതുവരെ ഒരുലക്ഷത്തില്‍പ്പരം ആളുകള്‍ ലൈക്ക് ചെയ്തു. 1000 പേര്‍ റീട്വീറ്റ് ചെയ്തു.