Reuters Journalist Suicide : മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കുടുംബം
ബംഗളൂരുവിലെ മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
മലയാളി മാധ്യമപ്രവർത്തകയെ ബംഗളൂരുവിൽ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. തളിപ്പറമ്പ് (Thaliparamba) സ്വദേശി അനീഷ് കോയാടനെതിരെയാണ് യുവതിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കാസർകോട് വിദ്യാനഗർ സ്വദേശിനിയായ എൻ.ശ്രുതി (36) ബെംഗളൂരുവിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത് മാർച്ച് 20ന് ആണ്. റോയിട്ടേഴ്സിൽ (Reuters) മാധ്യമ പ്രവർത്തകയായിരുന്നു (പേജ് എഡിറ്റർ) ശ്രുതി. വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. എപ്പോഴും ശ്രുതിയോട് പണം ആവശ്യമായിരുന്നു. നേരത്തെ തർക്കമുണ്ടായപ്പോൾ അനീഷ് മുഖത്ത് തലയിണ വച്ച് അമർത്തിയതായി ശ്രുതി പറഞ്ഞതായി സഹോദരൻ നിഷാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലയിണ അമർത്തി കൊല്ലാൻ ശ്രമിച്ചുവെന്നും, ദേഹമാസകലം കടിച്ചു പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നെന്നും സഹോദരൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.