AICC Restriction : സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ തരൂരിനും കെ.വി.തോമസിനും അനുമതിയില്ല

കെ.സുധാകരൻ ഇക്കാര്യത്തിൽ ക‍ർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും, തോമസും.
 

First Published Mar 21, 2022, 6:26 PM IST | Last Updated Mar 21, 2022, 6:29 PM IST

സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ ഭാ​ഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും മുതി‍ർന്ന നേതാക്കളായ ശശി തരൂരിനേയും, കെ.വി തോമസിനേയും വിലക്കി കോൺ​ഗ്രസ് ഹൈക്കമാൻഡ്. കെപിസിസിയുടെ താത്പര്യം കൂടി പരി​ഗണിച്ചാണ് ഇക്കാര്യത്തിൽ എഐസിസി തീരുമാനം എടുത്തത് എന്നാണ് സൂചന. വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെ.വി തോമസിന്‍റെയും പ്രതികരണം. അനുവാദം തേടി ഇരുവരും കോൺ​ഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തു. സിൽവർലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരൻ ഇക്കാര്യത്തിൽ ക‍ർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും, തോമസും.