തൃക്കാക്കരയിലെ കുമ്പളങ്ങി റെഫറൻസുകൾ!

തൃക്കാക്കര തെരഞ്ഞെടുപ്പിൽ (Thrikkakkara Election) കുമ്പളങ്ങിക്കെന്താണ് കാര്യം? 

First Published May 23, 2022, 8:38 PM IST | Last Updated May 23, 2022, 8:38 PM IST

തൃക്കാക്കര തെരഞ്ഞെടുപ്പിൽ (Thrikkakkara Election) കുമ്പളങ്ങിക്കെന്താണ് കാര്യം? കുമ്പളങ്ങി (Kumbalangi) എന്ന മോഡൽ ഗ്രാമത്തിലെ കോൺഗ്രസ് കുടുംബത്തിൽ നിന്നെത്തിയ കെവി തോമസ് (KV Thomas) തൃക്കാക്കര തെരഞ്ഞെടുപ്പിലെ പ്രധാന മുഖങ്ങളിൽ ഒന്നാകുമ്പോൾ എങ്ങനെ പറയാതിരിക്കും. കോൺഗ്രസ് കുടുംബത്തിലെ ഈ അംഗം ഇപ്പോൾ തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിക്കായുള്ള പ്രചാരണത്തിരക്കുകളിലാണ്. 

പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന കാര്യം ആദ്യം പറഞ്ഞത് പിസി ചാക്കോയാണ്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് മുന്നണി കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തു. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെവി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കിയിരുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെവി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്.

'താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്'. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെവി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെവി തോമസ് ചോദിച്ചിരുന്നു. പിന്നാലെ കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു.