Bank Strike : നാളെ മുതൽ നാലുദിവസം ബാങ്ക് പ്രവർത്തിക്കില്ല
അവധി ദിവസങ്ങൾക്ക് പുറമേ രണ്ടുദിവസത്തെ പണിമുടക്കും
രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം. ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും, ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും. മാർച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിൽ അണിചേരുന്നത്.