Silver Line : സിൽവർലൈൻ സാമൂഹികാഘാത പഠനം നീളും, സമയം നീട്ടിച്ചോദിക്കാൻ ഏജൻസി
ഏപ്രിൽ ആദ്യവാരം സമയം അവസാനിക്കാനിരിക്കെയാണ് നീക്കം
കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളന്ററി ഹെൽത്ത് സർവീസ് (KVHS) തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യ വാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ചോദിക്കുന്നത്. പ്രതിഷേധങ്ങൾ കാരണം സർവെ പലയിടങ്ങളിലും മുടങ്ങുന്നതായി കേരള വോളന്ററി ഹെൽത്ത് സർവീസ് ജില്ലാ കളക്ടർമാരെ അറിയിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കെ.വി.എച്ച്.എസ് സർവെ നടത്തുന്നത്.