Thrissur Corporation : തൃശ്ശൂർ കോർപറേഷനിൽ അവിശ്വാസം പാസാകില്ല; വോട്ടെടുപ്പിൽ ബിജെപി വിട്ടുനിൽക്കും

ഇടത്-വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി

First Published Mar 15, 2022, 12:40 PM IST | Last Updated Mar 15, 2022, 12:49 PM IST

തൃശ്ശൂർ കോർപറേഷനിൽ എൽ.ഡി.എഫിന് ആശ്വാസം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടുനിൽക്കും. ഇതോടെ പ്രമേയം പാസാകില്ലെന്ന് ഉറപ്പായി. എല്‍ഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂർ കോർപറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാൽ ഇടത് - വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയുടെ ആറംഗങ്ങൾ വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയത്തിലൂടെ കോർപറേഷൻ ഭരണം തൽക്കാലം എൽഡിഎഫിന്റെ കയ്യിൽ തുടരും. കോൺഗ്രസ് വിമതനായി ജയിച്ചു കയറിയ എം.കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരിക്കുന്നത്.