Anchery Baby Murder Case : അഞ്ചേരി ബേബി വധക്കേസ്: മുൻ മന്ത്രി എം.എം മണി കുറ്റവിമുക്തൻ

മണിയെ പ്രതിയാക്കിയത് വണ്‍, ടൂ, ത്രീ പ്രസംഗത്തിന് ശേഷം

First Published Mar 18, 2022, 11:12 AM IST | Last Updated Mar 18, 2022, 12:03 PM IST

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. 2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. ജയിൽ മോചിതനായി പുറത്തു വന്ന ശേഷം എം.എം.മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.