ഹിന്ദു-മുസ്ലീം ഐക്യത്തിനായി രക്തസാക്ഷിയായ പത്രപ്രവർത്തകൻ-​ഗണേഷ് ശങ്കർ വിദ്യാർത്ഥി|സ്വാതന്ത്ര്യസ്പർശം|India@75

തെരുവിൽ കടുത്ത അക്രമങ്ങൾ നടക്കുമ്പോൾ അതിലേക്ക് ധൈര്യപൂര്‍വ്വം എടുത്തുചാടി സമാധാനം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ അദ്ദേഹം തെരുവിൽ ഏതോ അക്രമികളിൽ നിന്ന് കുത്തേറ്റു മരിച്ചു

First Published Aug 15, 2022, 12:55 PM IST | Last Updated Aug 15, 2022, 12:55 PM IST

കാൺപൂരിന്റെ സിംഹം എന്ന് ഒരിക്കല്‍ അറിയപ്പെട്ടത് ഒരു പത്രപ്രവർത്തകനാണ്, ഗണേഷ് ശങ്കർ വിദ്യാർത്ഥി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയും ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി രക്തസാക്ഷിയാകുകയും ചെയ്ത ഹിന്ദി പത്രപ്രവർത്തകൻ. സ്വാതന്ത്ര്യസമരത്തിന്റെ കുന്തമുനയായിരുന്ന പ്രതാപ് എന്ന പ്രസിദ്ധീകരണത്തിന്‍റെ സ്ഥാപക പത്രാധിപർ. 

ഉത്തരപ്രദേശിലെ അലഹബാദിനടുത്ത് ഫത്തേപൂരിൽ ജനിച്ച ഗണേശിന് സ്‌കൂൾ വിദ്യാഭ്യാസത്തിനപ്പുറം പോകാൻ പാങ്ങുണ്ടായിരുന്നില്ല. പക്ഷെ പതിനാറാം വയസ്സിൽ അദ്ദേഹം തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. അക്കാലത്ത് തന്നെ പത്രപ്രവർത്തനത്തിലേക്ക് പ്രവേശിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഉശിരൻ ജിഹ്വാകളായിരുന്ന കർമ്മയോഗി, സ്വരാജ്യ എന്നിവയുടെ ലേഖകനായിരുന്നു അദ്ദേഹം. അക്കാലത്ത് ഗണേഷ് സ്വീകരിച്ച തൂലികാനാമമാണ് വിദ്യാർത്ഥി. ഹിന്ദി പത്രലോകത്തെ കുലപതിയായ മഹാവീർ പ്രസാദ്  ദ്വിവേദിയുടെ വിഖ്യാത സാഹിത്യവാരികയായ സരസ്വതിയിൽ ചേരുമ്പോൾ വിദ്യാർത്ഥിക്ക് 21 വയസ്.

എന്നാല്‍ രാഷ്ട്രീയപത്രപ്രവർത്തനമായിരുന്നു  അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. 1913ൽ കാൺപൂരിൽ അദ്ദേഹം സ്വന്തമായി ആരംഭിച്ച  വാരികയാണ് പിന്നീട് പ്രശസ്തമായിത്തീര്‍ന്ന പ്രതാപ്. ആരംഭം മുതൽ സ്വാതന്ത്ര്യസമരത്തിന്റെ മാത്രമല്ല മതമൈത്രിയുടെയും പിന്നാക്കജാതിക്കാരുടെയും ദരിദ്രരുടെയും മിൽ തൊഴിലാളികളുടെയും കർഷരുടെയും ഒക്കെ വിപ്ലവായുധമായി പ്രതാപ്. സ്വാഭാവികമായും ഒട്ടേറെ കേസുകൾ, പിഴ, തടവ് ഇവയെല്ലാം വിദ്യാർത്ഥിയുടെ പതിവായി. ലക്നൗവിലെത്തിയ ഗാന്ധിജിയെ കണ്ടശേഷം സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം സജീവമായി. 

1917ൽ കാൺപൂരിലെ ആദ്യത്തെ തുണിമിൽ സമരം സംഘടിപ്പിച്ചതും വിദ്യാർത്ഥി. ദേശദ്രോഹപ്രസംഗത്തിനു രണ്ട് വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥി ഭഗത് സിംഗിന്റെയും സഖാക്കളുടെയും  അടുത്ത ചങ്ങാതിയായി.  1926ൽ കാൺപൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി 1929ൽ ഉത്തരപ്രദേശ്‌ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ആദ്യ സര്‍വാധികാരിയായി അദ്ദേഹം വീണ്ടും തടവിലാക്കപ്പെട്ടു.  കോൺഗ്രസിനെ കൂടുതൽ ജനകീയമാക്കാനും വിപ്ലവകരമാക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. കാൺപൂരിനടുത്ത് നർവാൾ ഗ്രാമത്തിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ച് ഖാദി പ്രചാരണത്തിന് മുൻകൈ എടുത്തു.  

1931ൽ കാൺപൂർ വലിയ ഹിന്ദു മുസ്ലിം വർഗ്ഗീയ സംഘട്ടനങ്ങൾക്ക് വേദിയായി. തെരുവിൽ കടുത്ത അക്രമങ്ങൾ നടക്കുമ്പോൾ അതിലേക്ക് ധൈര്യപൂര്‍വ്വം എടുത്തുചാടി സമാധാനം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ അദ്ദേഹം തെരുവിൽ ഏതോ അക്രമികളിൽ നിന്ന് കുത്തേറ്റു മരിച്ചു. വിദ്യാർത്ഥിയുടെ വധത്തിനു പിന്നിൽ എങ്ങനെയും അദ്ദേഹത്തെ വകവരുത്താൻ ആഗ്രഹിച്ച ബ്രിട്ടീഷ് അധികാരികളുടെ കൂലിക്കൊലയാളികളാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വിശ്വസിച്ചു. കോണ്‍ഗ്രസിനെയും ഭഗത് സിങ്ങിനെ പോലുള്ള വിപ്ലവകാരികളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ നിലപാട്. ഹിന്ദു-മുസ്ലിം ബന്ധമുറപ്പിക്കാൻ വിദ്യാർത്ഥിയുടെ രക്തം ഉപകരിക്കുമെന്നായിരുന്നു മഹാത്മാ ഗാന്ധിയുടെ നിരീക്ഷണം.