​ഗാന്ധിജിയുടെ അനുയായി, ദേശീയ പ്രസ്ഥാനത്തിന് കരുത്തായ വ്യവസായി-ഘനശ്യാമദാസ്‌ ബിർള|സ്വാതന്ത്ര്യസ്പർശം|India@75

അടിമ രാജ്യമായിരുന്ന കാലത്ത് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു കാർ നിർമ്മിച്ച് ആധുനികവ്യവസായരംഗത്തേക്ക് രാജ്യത്തെ നയിക്കാൻ ഘനശ്യാമദാസ്‌ മുന്നോട്ട് വന്നു. അങ്ങനെയാണ്  അദ്ദേഹം കൽക്കട്ടയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്  സ്ഥാപിച്ചത്

First Published Jul 30, 2022, 10:02 AM IST | Last Updated Jul 30, 2022, 10:02 AM IST

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമ്പന്നരായ വ്യവസായികൾക്ക് പങ്കുണ്ടായിരുന്നു. എണ്ണത്തിൽ അധികമില്ലെങ്കിലും ചില പ്രമുഖ വ്യവസായികളെങ്കിലും ദേശീയപ്രസ്ഥാനത്തോടും മഹാത്മാ ഗാന്ധിയോടും അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അവരിൽ പ്രമുഖരാണ് വ്യവസായ സാമ്രാജ്യനായകൻ ഘനശ്യാമദാസ്‌ ബിർള, ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകൻ ജമുനാലാൽ ബജാജ് തുടങ്ങിയവർ.  

രാഷ്ട്രീയതലത്തിൽ സഹകരിക്കുന്നതിനു പുറമെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ ആധുനിക വ്യാവസായിക കരുത്ത് സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ പടുത്തുയർത്തിയാണ് അവർ ദേശീയതയ്ക്ക് ശക്തി പകര്‍ന്നത്. പത്തമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ രാജസ്ഥാനിലെ പിലാനി ഗ്രാമത്തിൽ നിന്ന് മുംബൈക്ക് കുടിയേറിവരായിരുന്നു മാര്‍വാടികളായിരുന്ന ബിർള കുടുംബം. പരുത്തി, വെള്ളി, ധാന്യം  എന്നിവയുടെയും തുടർന്ന് ചൈനയുമായി നടന്ന വമ്പൻ  കറുപ്പ് വ്യാപാരത്തിലുടെയും അവർ സമ്പത്ത് വാരിക്കൂട്ടി. ആ കുടിയേറ്റ വ്യാപാരികളിൽ മൂന്നാം തലമുറക്കാരനായിരുന്നു ഘനശ്യാമദാസ്‌ ബിർള. ബിസിനസ്സ് രക്തത്തിലലിഞ്ഞ ഘനശ്യാമദാസ്‌ പതിനൊന്നാം വയസിൽ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച് കുടുംബത്തിന്‍റെ ബിസിനസിൽ ചേർന്നു. കൽക്കത്തയിൽ ചണമിൽ രംഗമായിരുന്നു ഘനശ്യാമദാസിന്റെ  തുടക്കം. 1918ൽ 23-ാം  വയസിൽ കല്‍ക്കത്തയില്‍ സ്ഥാപിച്ച ജൂട്ട് മിൽ സ്ഥാപിച്ച ഘനശ്യാമ ബിർളക്ക് ആ രംഗത്തെ കുത്തകക്കാരായിരുന്ന ബ്രിട്ടീഷ്, സ്‌കോട്ടിഷ് വ്യവസായികളുടെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. പക്ഷെ ഘനശ്യാമദാസ്‌ തളർന്നില്ല. യുദ്ധകാലം വലിയ വരുമാനം കൊണ്ടുവന്നു. 

വ്യവസായരംഗത്ത് വിദേശികളിൽ  നിന്ന് നേരിട്ട ശത്രുത ഘനശ്യാമദാസിൽ ദേശീയ ബോധം ഉണർത്തി. 1914ൽ തെക്കേ ആഫ്രിക്കയിൽ നിന്ന് മടങ്ങി എത്തിയ ഗാന്ധിജിയെ  അദ്ദേഹം കണ്ടു. വൈകാതെതന്നെ അദ്ദേഹം ഗാന്ധിജിയുടെ ഉറ്റ ചങ്ങാതിയായി തീർന്നു. ഗാന്ധിജിയുമായുള്ള സൗഹൃദം അപകടകരമായ കാലത്ത് പോലും ഘനശ്യാമദാസ്‌ പിന്തിരിഞ്ഞില്ല. അദ്ദേഹത്തിന്‍റെ പ്രമുഖ ധനസഹായി ആയി ഘനശ്യാമ ദാസ്. 1926ൽ കേന്ദ്ര നിയമസഭാംഗമായി ഘനശ്യാമ ദാസ്. 1932ൽ ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന്റെ അധ്യക്ഷനായതും ഘനശ്യാമ ദാസ്.  കടുത്ത ഭിന്നതകള്‍ പല കാര്യങ്ങളിലുമുണ്ടെങ്കിലും ഘനശ്യാമ ദാസ് ജീവിതകാലം മുഴുവന്‍  ഗാന്ധിജിയുടെ സുഹ‍ൃത്തും സഹായിയുമായിരുന്നു.  കുറച്ചുകാലം ഗാന്ധിയുടെ ഹരിജൻ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 

1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു. ഘനശ്യാമദാസ്‌ അതിൽ പങ്കാളിയായി. അടിമ രാജ്യമായിരുന്ന കാലത്ത് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു കാർ നിർമ്മിച്ച് ആധുനികവ്യവസായരംഗത്തേക്ക് രാജ്യത്തെ നയിക്കാൻ ഘനശ്യാമദാസ്‌ മുന്നോട്ട് വന്നു. അങ്ങനെയാണ്  അദ്ദേഹം കൽക്കട്ടയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്  സ്ഥാപിച്ചത്. ഇന്ത്യൻ സ്വത്വത്തിന്റെ പ്രതീകമായി മാറിയ അംബാസഡർ കാർ ഇറങ്ങുന്നത് ഈ സ്ഥാപനത്തില്‍ നിന്നാണ്. അടുത്ത വർഷം ഘനശ്യാമ ദാസ് ഒരു ബാങ്ക് ആരംഭിച്ചു, യുണൈറ്റഡ് കൊമേഴ്‌സ്യൽ ബാങ്ക്. ഇന്നത്തെ  ദേശസാത്കൃത യൂക്കോ ബാങ്ക്.  

ഘനശ്യാമ ദാസിന്റെ ദില്ലിയിലെ വസതിയായ ബിർളാ ഹൗസിലായിരുന്നു തന്റെ അവസാനത്തെ മൂന്ന് മാസക്കാലം ഗാന്ധിജി തങ്ങിയത്. 1948 ജനുവരി 30ന് അദ്ദേഹം  വെടിയേറ്റ് വീണതും ഇവിടെവച്ചുതന്നെ. സ്വാതന്ത്ര്യത്തിന് ശേഷം വ്യവസായത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും കൂടുതൽ മുഴുകിയ ഘനശ്യാമ ദാസ് തന്റെ ഗ്രാമമായ പിലാനിയിൽ 1964ൽ സ്ഥാപിച്ചതാണ് ഇന്നത്തെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  എന്ന ബിറ്റ്‌സ് പിലാനി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യവസായി സംഘടനയായ ഫിക്കിയുടെ  സ്ഥാപകനും ഘനശ്യാമദാസ്‌ ബിർളയായിരുന്നു.  1983ൽ 85ാം വയസ്സിൽ അന്തരിക്കുമ്പോൾ ബിർലാ ​ഗ്രൂപ്പിന് ആയിരം കോടി രൂപയുടെ ആസ്തിയുള്ള സാമ്രാജ്യമാക്കി മാറ്റി അദ്ദേഹം.