ശാസ്ത്രജ്ഞന്റെ വേഷം ധരിച്ച വിപ്ലവകാരി-പി സി റേ|സ്വാതന്ത്ര്യസ്പർശം|India@75

ഇന്ത്യയുടെ ആധുനിക രസതന്ത്രവിജ്ഞാനീയത്തിന്റെ പിതാവ്. ജഗദീഷ് ചന്ദ്ര ബോസെന്ന ജെ സി ബോസിനൊപ്പം പാശ്ചാത്യലോകം അംഗീകരിക്കാൻ നിർബന്ധിക്കപ്പെട്ട പ്രഥമ ഇന്ത്യൻ ആധുനിക ശാസ്ത്രജ്ഞൻ

First Published Jul 1, 2022, 10:04 AM IST | Last Updated Jul 1, 2022, 10:04 AM IST

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യൻ ആത്മാഭിമാനത്തെ ത്രസിപ്പിച്ചവരിൽ ശാസ്ത്രജ്ഞരുമുണ്ട്. ഇന്ത്യ എന്നാൽ അന്ധവിശ്വാസത്തിന്റെയും യാഥാസ്ഥിതികതയുടെയും താവളമെന്നായിരുന്നു വെള്ളക്കാരന്റെ പ്രചാരണം. ആധുനികതയുടെയും ശാസ്ത്രത്തിന്റെയും ഒക്കെ പര്യായം തങ്ങൾ മാത്രം. ഈ അന്ധവിശ്വാസത്തിനും അഹങ്കാരത്തിനും ഇന്ത്യ നൽകിയ അപാരമായ ആഘാതത്തിന്റെ പേരായിരുന്നു ആചാര്യ പ്രഫുല്ല ചന്ദ്ര റേ എന്ന സർ പി സി റേ.

ഇന്ത്യയുടെ ആധുനിക രസതന്ത്രവിജ്ഞാനീയത്തിന്റെ പിതാവ്. ജഗദീഷ് ചന്ദ്ര ബോസെന്ന ജെ സി ബോസിനൊപ്പം പാശ്ചാത്യലോകം അംഗീകരിക്കാൻ നിർബന്ധിക്കപ്പെട്ട പ്രഥമ ഇന്ത്യൻ ആധുനിക ശാസ്ത്രജ്ഞൻ. യൂറോപ്പിനു പുറത്ത് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ അത്യുന്നതപുരസ്കാരം നേടിയ ആദ്യ വ്യക്തി. വിദ്യാഭ്യാസവിചക്ഷണൻ, ചരിത്രകാരൻ, വ്യവസായസംരംഭകൻ, ജീവകാരുണ്യ പ്രവർത്തകൻ സർവോപരി അടിയുറച്ച ദേശീയപ്രസ്ഥാനപ്രവർത്തകൻ. മാത്രമല്ല ബംഗാളി വിപ്ലവകാരികളുടെ ഉറ്റ സഹായി. ശാസ്ത്രജ്ഞന്റെ വേഷം ധരിച്ച വിപ്ലവകാരി എന്ന അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ വിശേഷിപ്പിച്ചു. ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്നു റേ.    

ഇന്നും തല ഉയർത്തിനിൽക്കുന്ന ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യുട്ടിക്കൽസ് എന്ന ഇന്ത്യയുടെ പ്രഥമ ആധുനിക ഔഷധനിർമ്മാണകമ്പനിയുടെ സ്ഥാപകൻ. 1892 ൽ 700 രൂപ മുതൽ മുടക്കുമായി ആരംഭിച്ച ഈ കമ്പനി ഇന്ന് നൂറു കോടിയിലേറെ വരുമാനമുള്ള പൊതുമേഖലാഭീമൻ. ഹിന്ദു രസതന്ത്രചരിത്രമെന്ന വിഖ്യാതഗ്രന്ഥത്തിന്റെ രചയിതാവ്. 

ബംഗാളി നവോഥാനത്തിന്റെ പുത്രനായിരുന്നു പ്രഫുല്ല. അന്ന്  കിഴക്കൻ ബംഗാളിലും ഇന്ന് ബംഗ്ളാദേശിലുമായ ജെസോർ ജില്ലയിലെ റാറൂളി കതിപ്പാറ ഗ്രാമത്തിൽ ഉൽപ്പതിഷ്ണുക്കളായ സമീന്ദാർ കുടുംബത്തിൽ  ജനനം. ആധുനിക വിദ്യാഭ്യാസം നേടിയവരും ബംഗാളി നവോഥാന പ്രസ്ഥാനമായ ബ്രഹ്‌മോസമാജിന്റെ പ്രവർത്തകരും ആയിരുന്നു അമ്മയും അച്ഛനും. ആൺ മക്കളെ മാത്രമല്ല, പെൺമക്കളെയും ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിച്ചവർ. ബ്രഹ്മോസമാജ് നേതാക്കളായ കേശബ് ചന്ദ്ര സെന്നും ഈശ്വര ചന്ദ്ര സാഗറും സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലായിരുന്നു പ്രഫുല്ലയുടെ  വിദ്യാഭ്യാസം. ഇംഗ്ലീഷ് അധ്യാപകനാകട്ടെ പിന്നീട് വിഖ്യാത ദേശീയനേതാവായിതീർന്ന സുരേന്ദ്രനാഥ് ബാനർജി. പ്രസിഡൻസിയിൽ പ്രഫുല്ലയെ  രസതന്ത്രത്തിന്റെയും പരീക്ഷണങ്ങളുടെയും  ലോകത്തേക്ക് നയിച്ചത്  അദ്ധ്യാപകൻ  സർ അലക്‌സാണ്ടർ പെഡ്ലർ.  

അതിസമർത്ഥനായ പ്രഫുല്ലയ്ക്ക് ബിരുദം എടുക്കുന്നതിനു മുമ്പ് തന്നെ ബ്രിട്ടനിൽ എഡിൻബർഗ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ ഗവേഷണത്തിന് പ്രവേശനം. 1882ൽ 21ാം വയസ്സിൽ കപ്പൽ കയറിയ പ്രഫുല്ലയുടെ അധ്യാപകനായത് അലക്‌സാണ്ടർ കരം ബ്രൗൺ. അന്ന് ആരംഭം കുറിക്കുക മാത്രം ചെയ്തിരുന്ന ഇനോർഗാനിക് കെമിസ്ട്രിയിലും നൈട്രൈറ്റുകളിലും ആയിരുന്നു പ്രഫുല്ലയുടെ താൽപ്പര്യം. ഇംഗ്ലണ്ടില്‍ വച്ചാണ് പ്രഫുല്ല അന്ന് കാംബ്രിഡ്ജില്‍ വിദ്യാര്‍ത്ഥിയും പിന്നീട് വിഖ്യാത ശാസ്ത്രജ്ഞനുമായ ജെ സി ബോസിന്‍റെ കൂട്ടുകാരനാകുന്നത്.

പക്ഷെ ശാസ്ത്രകൗതുകത്തിനൊപ്പം പ്രഫുല്ലയ്ക്ക് ജന്മനാ തന്നെ മറ്റൊരു കടുത്ത ആവേശമുണ്ടായിരുന്നത് രാഷ്ട്രീയത്തിനോടും സ്വാതന്ത്ര്യപ്രസ്ഥാനത്തോടുമായിരുന്നു. ബ്രിട്ടനിൽ സജീവമായിരുന്ന ഇന്ത്യൻ ദേശീയപ്രവർത്തനത്തിൽ പങ്കുകൊണ്ടു. എഡിൻബർഗ് സർവകലാശാല കെമിക്കൽ സൊസൈറ്റിയുടെ ഉപാധ്യക്ഷൻ ആവുകയും ഫാരഡെ സ്വർണ്ണമെഡലോടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു പ്രഫുല്ല. പക്ഷെ ദേശീയ-വിപ്ലവതല്പരനായതുകൊണ്ട്  മടങ്ങിവന്നപ്പോൾ അദ്ദേഹം  ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളി ആയിരുന്നു. അതിനാൽ ഇന്ത്യൻ എഡ്യൂക്കേഷണൽ സർവീസിൽ പ്രവേശം നൽകിയില്ല. 

കൊടുത്തത്  ചെറിയ ശമ്പളത്തിൽ പ്രസിഡൻസിയിൽ താൽക്കാലിക അധ്യാപക ജോലി. അന്ന് പ്രഫുല്ല സുഹൃത്ത് ജെ സി ബോസിനൊപ്പം.  അക്കാലത്ത് ഗാന്ധി ഖാദർ തുണിയുടെ മേന്മ സംബന്ധിച്ച് പലതവണ ശാസ്ത്രകാര്യങ്ങളിൽ ഉപദേശം തെറ്റിയത് റേയോടാണ്. ഗാന്ധി പിന്തുണയ്ക്കാത്ത ബംഗാളി വിപ്ലവകാരികളെ അദ്ദേഹം സഹായിക്കുകയും ചെയ്തു. 

പിന്നീട് പുതുതായി ആരംഭിച്ച കൽക്കത്ത യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിൽ അധ്യാപകനായി. അധികം വൈകാതെ പ്രഫുല്ലയുടെ ശാസ്ത്രസംഭാവന പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞു. 1912ൽ അദ്ദേഹത്തിന് ഡർഹാം സർവകലാശാല ഓണററി ബിരുദം സമ്മാനിച്ചു. 1912ൽ ബ്രിട്ടീഷ് റാണിയുടെ സർ പദവി. അവിവാഹിതനായിരുന്ന പ്രഫുല്ല തന്റെ സമ്പത്ത് മുഴുവൻ ദേശീയപ്രസ്ഥാനത്തിനും ശാസ്ത്രീയ സംഘട്ടനങ്ങള്‍ക്കും ജീവകാരുണ്യസംരംഭങ്ങൾക്കും പങ്കുവെച്ചു. 1944ൽ അദ്ദേഹം നിര്യാതനായി. 

Read More...