അമേരിക്ക-ചൈന ബന്ധത്തെ പ്രതിരോധത്തിലാക്കി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; കാണാം അമേരിക്ക ഈ ആഴ്ച
അമേരിക്ക-ചൈന ബന്ധത്തെ പ്രതിരോധത്തിലാക്കി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; കാണാം അമേരിക്ക ഈ ആഴ്ച
അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന, അതിർത്തിയിൽ സൈനിക സന്നാഹം കൂട്ടുന്നു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചു കടന്നാൽ മിണ്ടാതിരിക്കില്ലെന്ന്
തായ്‌വാൻ മുന്നറിയിപ്പ് കൂടി നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലായി. തായ്‌വാൻ ജനതയെ ഉപേക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് നാൻസി പെലോസി പ്രഖ്യാപിച്ചു.
അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കറായ നാൻസി പെലോസിയെന്ന 82കാരി തായ്‌വാനിലേക്ക് നടത്തിയ സന്ദർശനം അമേരിക്ക - ചൈന ബന്ധത്തിലെ തീപ്പൊരി ആളിക്കത്തിച്ചിരിക്കുകയാണ്. അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന പ്രതിഷേധം അറിയിച്ചു. പെലോസിയുടെ സന്ദർശനത്തിന് തൊട്ടു മുമ്പ് തായ്‌വാൻ അതിർത്തി കടന്നു പറന്നത് 21 ചൈനീസ് യുദ്ധവിമാനങ്ങൾ ആണ്.
തായ്‌വാൻ ദ്വീപിന് ചുറ്റും ചൈന സൈനിക വിന്യാസം കൂട്ടി. മൂന്നു ദിവസം നീളുന്ന സൈനിക അഭ്യാസം നാളെ തുടങ്ങും. സ്ഥിതിഗതികൾ ആശങ്കാജനകമെന്ന് അയൽരാജ്യമായ ജപ്പാൻ പ്രതികരിച്ചു. സൈനിക അഭ്യാസത്തിന്റെ പേരിൽ അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ്‌വാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി. സൈന്യത്തിന് തായ്‌വാൻ സർക്കാർ ജാഗ്രത നിർദേശം നൽകി.
ചൈനയ്ക്കും തായ്‌വാനും ഇടയിൽ തൽസ്ഥിതി തുടരാൻ ആണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും പെലോസിയുടെ സന്ദർശനം അവരുടെ മാത്രം തീരുമാനമാണ് എന്നും വൈറ്റ്ഹൗസ് ആവർത്തിച്ച് വിശദീകരിച്ചു. എന്നാൽ ചൈന ഇത് വിശ്വസിക്കുന്നില്ല. രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ സ്വന്തം പ്രവിശ്യ ആണ് എന്ന, പതിറ്റാണ്ടുകൾ ആയുള്ള വാദം ആവർത്തിക്കുകയാണ് ചൈന. തായ്‌വാൻ പാർലമെന്റിലെ പ്രസംഗത്തിലും പിന്നീട് വാർത്താ സമ്മേളനത്തിലും നാൻസി പെലോസി ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. തായ്‌വാൻ ജനതെയെ കൈവിടാൻ അമേരിക്കയ്ക്ക് കഴിയില്ല. പിന്തുണയുമായി തായ്‌വാനിലേക്ക് വരുന്നവരെ തടയാനാവില്ലെന്ന് ചൈനയ്ക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നുവെന്നും പെലോസി പറഞ്ഞു.
പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ഉന്നത പൗര ബഹുമതി നൽകിയാണ് പെലോസിയെ ആദരിച്ചത്. തായ്‌വാനിലെ സ്ഥാപനങ്ങൾക്ക് നേരെ ചൈനീസ് ഹാക്കർമാർ വ്യാപക ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.