ഈ യുവാവ് ശരിക്കും ഹീറോയെന്ന് നെറ്റിസണ്‍സ്, വെള്ളം കയറി മുങ്ങിയ തെരുവുകളിൽ ഭക്ഷണം എത്തിച്ച് ഡെലിവറി ഏജൻറ്
പോസ്റ്റ് വൈറലായതോടെ തങ്ങളുടെ ധീരനായ തൊഴിലാളിയെ തിരിച്ചറിയാൻ സൊമാറ്റോ സോഷ്യൽ മീഡിയയിലൂടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
വെള്ളം കയറിയ തെരുവുകളിൽ ഭക്ഷണം എത്തിക്കുന്നതിനായി അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജൻ്റിൻ്റെ വീഡിയോ വൈറലാകുന്നു. കനത്ത മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായ അഹമ്മദാബാദിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഡെലിവറി ഏജന്റിന്റെ വലിയ മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
വിങ്കുജ് ഷാ എന്ന എക്സ് ഉപയോക്താവാണ് തൻറെ അക്കൗണ്ടിലൂടെ ഡെലിവറി ഏജന്റിന്റെ ആത്മാർത്ഥതയെ പ്രശംസിച്ചു കൊണ്ട് വീഡിയോ പങ്കുവെച്ചത്. പോസ്റ്റിൽ വിങ്കുജ് ഡെലിവറി ഏജൻ്റിൻ്റെ അർപ്പണബോധത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന് പ്രതിഫലം നൽകാൻ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.
പോസ്റ്റ് വൈറലായതോടെ തങ്ങളുടെ ധീരനായ തൊഴിലാളിയെ തിരിച്ചറിയാൻ സൊമാറ്റോ സോഷ്യൽ മീഡിയയിലൂടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. അസാധാരണമായ പരിശ്രമം നടത്തിയ തങ്ങളുടെ സൂപ്പർ ഹീറോയെ തിരിച്ചറിയാനും പ്രതിഫലം നൽകാനും കമ്പനി ആഗ്രഹിക്കുന്നു എന്നും സൊമാറ്റോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സൊമാറ്റോയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ഞങ്ങളുടെ ഡെലിവറി ഏജന്റിന്റെ അസാധാരണമായ പരിശ്രമങ്ങൾ പങ്കുവെച്ചതിന് നന്ദി. അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ഒരു സൂപ്പർഹീറോയെപ്പോലെ അദ്ദേഹം പെരുമാറി. അദ്ദേഹത്തിൻറെ ശ്രമങ്ങൾ തിരിച്ചറിയാനും ആഘോഷിക്കാനും ഞങ്ങളെ സഹായിക്കുന്നതിന്, ഓർഡർ ഐഡിയോ ഡെലിവറി നടത്തിയ സ്ഥലത്തെയും സമയത്തെയും കുറിച്ചുള്ള വിശദാംശങ്ങളോ പങ്കിടാമോ? ഞങ്ങളുടെ സൂപ്പർഹീറോ ഡെലിവറി പങ്കാളിക്ക് അവർ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും."
എന്നാൽ പോസ്റ്റിനോട് പ്രതികരിച്ച് ഒരാൾ കുറിച്ചത്, അത് ആ വ്യക്തിയുടെ മാത്രം സ്വഭാവഗുണമാണെന്നും അതിന്റെ ക്രെഡിറ്റ് എടുക്കാൻ സൊമാറ്റോ ശ്രമിക്കേണ്ടതില്ല എന്നുമായിരുന്നു.