പട്ടാപ്പകൽ വനിതാ ഡിഎസ്പിയുടെ മുടി പിടിച്ച് വലിച്ച് മർദ്ദിച്ച് പ്രതിഷേധക്കാർ, അറസ്റ്റ് - വീഡിയോ
പ്രതിഷേധക്കാർ റോഡ് തടയാൻ ശ്രമിച്ചപ്പോൾ ഇവരോട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട വനിതാ ഡിഎസ്പി ഗായത്രിയെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.
വിരുത്നഗർ: കൊലപാതകക്കേസിൽ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അക്രമം. പൊലീസുകാരിയെ പട്ടാപ്പകൽ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാർ. തമിഴ്നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലാണ് സംഭവം. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ തിങ്കളാഴ്ച ഒരു യുവാവിനെ കൊല ചെയ്തിരുന്നു. കാളികുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. കാളികുമാറിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഗ്രാമവാസികളും ചേർന്ന് നടത്തിയ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
അരുപ്പുകോട്ടെയിലെ സർക്കാർ ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഇവിടെയായിരുന്നു യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. പ്രതിഷേധക്കാർ റോഡ് തടയാൻ ശ്രമിച്ചപ്പോൾ ഇവരോട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട വനിതാ ഡിഎസ്പി ഗായത്രിയെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഡിഎസ്പിയുടെ മുടിയിൽ പിടിച്ച് പ്രതിഷേധക്കാർ വലിക്കുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരാണ് യുവ ഉദ്യോഗസ്ഥയെ സ്ഥലത്ത് നിന്ന് രക്ഷിച്ചത്. സംഭവത്തിൽ ഡിഎസ്പിയുടെ മുടിയ്ക്ക് പിടിച്ച് വലിച്ച 30 വയസുള്ള യുവാവ് ബാലമുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം