'വലിയ കഷ്ടമാണ്, മഴ പെയ്താൽ വീട് ചോർന്നൊലിക്കും', കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് മനസ് തുറന്ന് സ്ത്രീ
താനും ഭർത്താവും ആ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. തങ്ങൾക്ക് മൂന്ന് പെൺമക്കളാണ്. അവർ മൂന്നുപേരും വിവാഹിതരായി എന്നെല്ലാം അവർ പറയുന്നു.
ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ ചെയ്യുന്ന അനേകം കണ്ടന്റ് ക്രിയേറ്റർമാർ ഇന്നുണ്ട്. അതിൽ പെട്ട ഒരാളാണ് @ghumakkadlaali. വിവിധ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രകളുടെ വീഡിയോകൾ അവൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ ഒരു ഗ്രാമത്തിലേക്ക് നടത്തിയ യാത്രയിൽ അവൾ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അവരുടെ കഠിനമായ ജീവിതം നെറ്റിസൺസിന് മുന്നിൽ പങ്കുവയ്ക്കുകയും ഉണ്ടായി.
ബുന്ദേൽഖണ്ഡിലെ ഒരു ഗ്രാമത്തിലൂടെയാണ് യുവതി സഞ്ചരിക്കുന്നത്. അവിടെ വച്ച് ഒരു സ്ത്രീയെ കണ്ടമുട്ടുകയാണ്. അവർ റോഡരികിൽ ഒരു ചെറിയ കട നടത്തുകയാണ്. ആ കട ശ്രദ്ധയിൽ പെട്ടിട്ടാണ് യുവതി അങ്ങോട്ട് പോകുന്നത്. അതിന് മുന്നിൽ ആളുകളെ കാത്തിരിക്കുകയാണ് സ്ത്രീ. പിന്നീട്, കട നടത്തുന്ന സ്ത്രീ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അവിടെ വച്ച് തന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അവർ കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് വെളിപ്പെടുത്തുന്നുണ്ട്.
താനും ഭർത്താവും ആ കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. തങ്ങൾക്ക് മൂന്ന് പെൺമക്കളാണ്. അവർ മൂന്നുപേരും വിവാഹിതരായി എന്നെല്ലാം അവർ പറയുന്നു. ഒപ്പം അവരുടെ വീടിന്റെ ശോചനീയാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്. മഴ പെയ്താൽ ചോർന്നൊലിക്കും. മാത്രമല്ല, ആ വീട്ടിൽ അവർക്ക് വെള്ളമില്ല. കിണർ കുഴിച്ചെങ്കിലും പാറകളാണ്. അതിനാൽ വെള്ളം ലഭിച്ചില്ല എന്നെല്ലാം അവർ പറയുന്നുണ്ട്.
യുവതി അവരെ ആശ്വസിപ്പിക്കുകയും കുറച്ച് പണം അവർക്ക് നൽകുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ചിലർ സ്ത്രീയെ ചെറുതായെങ്കിലും സഹായിച്ചതിന് അവളെ അഭിനന്ദിച്ചു. ചിലർ ആ സ്ത്രീയെ സഹായിക്കുന്നതിനായി കൃത്യമായ സ്ഥലം ചോദിച്ചിട്ടുമുണ്ട്.