കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !
ഓരോ പഴത്തിനും സാധാരണ നേതന്ത്രപ്പഴത്തിന്‍റെ മൂന്നിരട്ടി നീളവും (7 ഇഞ്ചോളം) വലിപ്പവും. ഒരു കുല വാഴപ്പത്തിന്‍റെ തൂക്കമാകട്ടെ ഏതാണ്ട് 60 കിലോയോളം. അതെന്ത് വാഴ എന്നല്ലേ?
'...ആ സമയത്ത് ഒരു വാഴവച്ചാല്‍ മതിയായിരുന്നു' എന്ന് ചിലപ്പോഴൊക്കെ തോന്നാത്തവരായി ആരുമുണ്ടാകില്ല. ഇക്കാര്യത്തെ ഒന്നൂടെ സാധൂകരിക്കുന്ന ഒരു വാഴയുടെ കാര്യം തന്നെയാണിത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വാഴപ്പഴം നേന്ത്രവാഴയുടെതാണ്. എന്നാല്‍ അതിലും വലിയൊരു വാഴപ്പഴത്തെ അവതരിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി. സീസണില്‍ 300 വാഴപ്പഴങ്ങള്‍. അതില്‍ ഓരോ പഴത്തിനും സാധാരണ നേതന്ത്രപ്പഴത്തിന്‍റെ മൂന്നിരട്ടി നീളവും (7 ഇഞ്ചോളം) വലിപ്പവും. ഒരു കുല വാഴപ്പത്തിന്‍റെ തൂക്കമാകട്ടെ ഏതാണ്ട് 60 കിലോയോളം. അതെന്ത് വാഴ എന്നല്ലേ? അതാണിത്, മൂസ ഇംഗൻസ്.
ചെന്നെയിലെ റെയില്‍വേ ബ്യൂറോക്രാറ്റായ അനന്ത് രൂപനഗുഡിയാണ് ഈ അപൂര്‍വ്വ വാഴപ്പഴം ട്വിറ്ററില്‍ പങ്കുവച്ചത്. മലയാളത്തിലാണ് വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് നേരെ മുകളിലായി കാണുന്ന ഇന്ത്യോനേഷ്യന്‍ ദ്വീപായ പാപ്പുവ ന്യൂഗിനിയയിലാണ് ഈ വാഴയുള്ളത്. ഒരു വാഴപ്പഴത്തിന് ഏതാണ്ട് 3 കിലോ വരെ ഭാരം വരും. ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാന്‍ ഒരു പഴം തന്നെ ധാരാളമെന്നര്‍ത്ഥം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഒരു കൊന്നത്തെങ്ങോളം ഉയരം വയ്ക്കുന്ന വാഴ കുലയ്ക്കാന്‍ അഞ്ച് വര്‍ഷം വേണം. അതിനാല്‍ തന്നെ ഈ വാഴ അത്ര വ്യാപകമായി കൃഷി ചെയ്യപ്പെടുന്നില്ല.
വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വൈറലായി. ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വാഴ ന്യൂ ഗിനിയയിൽ നിന്നുള്ള 'മൂസ ഇംഗൻസ്' ആണ്. വാഴയുടെ തായ്ത്തടി ഏതാണ്ട് 15 മീറ്റർ വരെ ഉയരത്തിൽ വളരും. വാഴ ഇലകള്‍ നിലത്ത് നിന്ന് 20 മീറ്റർ വരെ ഉയരത്തിൽ വിടരുന്നു. അതായത് താഴേ നിന്ന് നോക്കുമ്പോള്‍ മുകളില്‍ ഒരു വലിയൊരു കുട പിടിച്ച അനുഭവമായിരിക്കും.
15 മീറ്റർ നീളമുള്ള (49 അടി) തായ്ത്തടിയില്‍ നിന്നുള്ള കുലകൾക്ക് 60 കിലോഗ്രാം വരെ ഭാരവും 300 ഓളം പഴങ്ങളും അടങ്ങിയിരിക്കും. ഓരോ വാഴ പഴങ്ങൾക്കും ഓവൽ ആകൃതിയാണ്. ഏകദേശം 18 സെന്‍റീമീറ്റർ (7 ഇഞ്ച്) നീളമുണ്ട് ഓരോ പഴത്തിനും. പഴുത്ത കായയ്ക്ക് നമ്മുടെ നേന്ത്രപ്പഴത്തിന്‍റെ രുചിയാണ്. ഇന്ത്യോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ഈ വാഴ കാണാം.
മധു കൊലക്കേസ്; സാക്ഷി സംരക്ഷണ നിയമം നിര്‍ണ്ണായകമായതെങ്ങനെ?