കണ്ടു പഠിക്കണം, സിംഗപ്പൂരിലെ മാലിന്യ സംസ്കരണ സംവിധാനം കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ
പ്ലാസ്റ്റിക്ക് സംസ്കരിച്ച് റോഡുകളും മറ്റും നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള കട്ടകൾ പോലും ഇത്തരത്തിൽ മാലിന്യത്തിൽ നിന്ന് ഇവിടെ പുനരുല്പാദിപ്പിക്കുന്നുണ്ട്.
ലോകമെമ്പാടും പ്രതിദിനം ഉല്പാദിപ്പിക്കപ്പെടുന്നത് ടൺ കണക്കിന് മാലിന്യമാണ്. ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സംസ്കരണ രീതികളിലൂടെ തങ്ങളുടെ രാജ്യത്തെ മാലിന്യത്തെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും മാലിന്യ സംസ്കരണത്തിൽ എന്നും മാതൃകയായി നിൽക്കുന്ന രാജ്യമാണ് സിംഗപ്പൂർ.
ഒരു രാത്രികൊണ്ട് ഈ നാട്ടിലെ മാലിന്യം അപ്രത്യക്ഷമാകും എന്നാണ് സിംഗപ്പൂരിന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പൊതുവിൽ പറയുന്ന ഒരു കാര്യം. ഈ മാലിന്യങ്ങൾ ഒന്നും മാന്ത്രികമായി അപ്രത്യക്ഷമാകുന്നതല്ല. മറിച്ച് കാര്യക്ഷമമായ രീതിയിൽ അവ നീക്കം ചെയ്യപ്പെടുന്നു എന്നതാണ് സത്യം. ഓരോ ദിവസവും രാജ്യത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ അതത് ദിവസം തന്നെ സംസ്കരിക്കാൻ മാത്രം കെൽപ്പുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇവിടെയുണ്ട്.
ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സിംഗപ്പൂരിന്റെ നൂതന മാലിന്യനിർമാർജന സംവിധാനം വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ. ഓരോ മാലിന്യത്തെയും ഏതൊക്കെ രീതിയിൽ ഇവിടെ സംസ്കരിക്കുന്നുണ്ടെന്നും സംസ്കരണശേഷം അവ ഏതൊക്കെ രീതിയിൽ പുനരുപയോഗിക്കുന്നുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്.
വീഡിയോ പ്രകാരം ദിവസേന 2,000 ട്രക്ക് മാലിന്യം സിംഗപ്പൂരിൽ ശേഖരിക്കുന്നുണ്ട്. ഇത് സംസ്കരണത്തിനായി വിവിധ പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നു. അവിടെനിന്നും പലവിധത്തിൽ ഇവയെ പുനരുപയോഗ വിധേയമാക്കുന്നു. ഇത്തരത്തിൽ പുനസൃഷ്ടിക്കുന്നവയിൽ വൈദ്യുതി അടക്കം ഉണ്ട്. മാലിന്യത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് പിന്നീട് ജനവാസ മേഖലയിൽ വിതരണം ചെയ്യപ്പെടുന്നത്.
അതുപോലെതന്നെ പ്ലാസ്റ്റിക്ക് സംസ്കരിച്ച് റോഡുകളും മറ്റും നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള കട്ടകൾ പോലും ഇത്തരത്തിൽ മാലിന്യത്തിൽ നിന്ന് ഇവിടെ പുനരുല്പാദിപ്പിക്കുന്നുണ്ട്. മാലിന്യം കുറയ്ക്കുക, പുനരുല്പാദിപ്പിക്കുക, പുനരുപയോഗിക്കുക എന്നതാണ് സിംഗപ്പൂരിലെ മാലിന്യ സംസ്കരണ തന്ത്രം.
വീഡിയോ 10 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി, സിംഗപ്പൂരിൻ്റെ ശ്രദ്ധേയമായ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് നിരവധി ആളുകൾ അഭിപ്രായപ്രകടനം നടത്തി. പല രാജ്യങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ രാജ്യത്തെ ഭരണാധികാരികളും സിംഗപ്പൂരിന്റെ മാലിന്യ സംസ്കരണ തന്ത്രം മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം