'വീട് ഒരു പിടി ചാരം'; കാട്ടുതീ പടർന്നപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി, തിരിച്ചെത്തിയപ്പോൾ കണ്ടത്, വീഡിയോ വൈറൽ
കാട്ട് തീ പടർന്നപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയ വീട്ട് ഉടമസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് കത്തിയമര്‍ന്ന വീട്
ലോസ് ആഞ്ചലസില്‍ അതിശക്തമായ കാട്ടുതീ പടരുകയാണ്. ഹെക്ടർ കണക്കിന് പ്രദേശം ഇതിനകം കത്തിയമര്‍ന്നു. ഇപ്പോഴും ഹെക്ടര്‍ കണക്കിന് പ്രദേശത്തേക്ക് കാട്ടുതീ വ്യാപിക്കുന്നു. അതിനിടെ അഗ്നിയുടെ താണ്ഡവത്തിന്‍റെ വീഡിയോകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ടാനർ ചാൾസ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച രണ്ട് വീഡിയോകൾ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ ഏറെ ശ്രദ്ധനേടി. ടാനർ ചാൾസും അദ്ദേഹത്തിന്‍റെ സുഹൃത്തും ലോസ് ആഞ്ചലസില്‍ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. കാട്ടുതീ വ്യാപിച്ചപ്പോള്‍ വീട് വിട്ട് ഇറങ്ങിയ ഇരുവരും തിരിച്ചെത്തിയപ്പോള്‍ കണ്ടത് കത്തിയമര്‍ന്ന വീട്. അദ്ദേഹം പങ്കുവച്ച രണ്ട് വീഡിയോകളും ഇതിനകം നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്.
'ഞങ്ങളാൽ കഴിയുന്നത് സംരക്ഷിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ഞാനും എന്‍റെ സുഹൃത്തും അവന്‍റെ വീട് ഉപേക്ഷിച്ച സമയത്തെ വീഡിയോ. ദയവായി അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക,' സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ ടാനർ ചാൾസ് എഴുതി. ഒപ്പം ലോസ് ഏഞ്ചൽസിലെ ഗ്രാമീണ പ്രദേശത്താണ് വീടുള്ളതെന്നും അദ്ദേഹം എഴുതി. വീഡിയോയില്‍ പുറത്ത് തീ ആളിക്കൊണ്ടിരിക്കുമ്പോള്‍ ഒരാൾ വീട്ടിന് ഉള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നത് കാണാം. ഈ സമയം വീടിന്‍റെ ചില ഭാഗങ്ങളിലും തീ പടരുന്നു. പുറത്തെത്തിയപ്പോള്‍ വീടിന് മുന്നിലെ മരത്തിലും തീ. വീടിന്‍റെ കുടുതല്‍ ഭാഗങ്ങളിലേക്ക് അതിനകം തീ പടര്‍ന്നിരിക്കുന്നു. ജനുവരി 8 ന് രവിലെ 9.44 ന് പങ്കുവച്ച ഈ വീഡിയോ ഇതിനകം 71 ലക്ഷം പേർ കണ്ടു.
ജനുവരി 9 ന് (ഇന്ന്) രവിലെ 8.58 ന് അദ്ദേഹം തന്‍റെ രണ്ടാമത്തെ വീഡിയോ പങ്കുവച്ചു. എന്‍റെ സുഹൃത്ത് ഓർലി ലിസ്റ്റൻസിന്‍റെ വീട് നോക്കാന്‍ പോയി. അവിടെ ഒന്നും അവശേഷിച്ചിരുന്നില്ല. വീടിന്‍റെ അയൽപ്രദേശങ്ങള്‍ ഒന്നാകെ കത്തിയമര്‍ന്നു. അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. വീഡിയോയില്‍ അദ്ദേഹം കത്തി, മണ്ണോട് ചേര്‍ന്ന വീട്ടിലെ അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി അവിടെ അതായിരുന്നു ഇവിടെ ഇതായിരുന്നു എന്ന് പറയുന്നതും കേള്‍ക്കാം. നിരവധി പേരാണ് വീഡിയോകൾക്ക് താഴെ ഇരുവരെയും ആശ്വസിപ്പിക്കാനായി എത്തിയത്. സുരക്ഷിതരായി ഇരിക്കാനും നഷ്ടപ്പെട്ടതെല്ലാം ഇനിയും വീണ്ടും ഉണ്ടാക്കാവുന്നതേയുള്ളൂവെന്നും ചിലര്‍ ആശ്വസിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോസ് ഏഞ്ചൽസ് കാട്ടുതീയിൽ ആരംഭിച്ചത്. ഇതിനകം അഞ്ച് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നൂറുകണക്കിന് വീടുകൾ അഗ്നിക്കിരയായി. കാട്ടുതീ അണയ്ക്കുന്നതിനായി എല്ലാ ശ്രമങ്ങളും തുടരുന്നതായി അധികൃതര്‍ അറിയിച്ചു.