'ഒന്ന് പോ സാറെ കളിയാക്കാതെ'; ഹംഗറിയും റൊമാനിയയും രാജ്യാതിര്‍ത്തി തുറന്നപ്പോൾ കടന്ന് വന്ന അതിഥിയുടെ വീഡിയോ വൈറൽ
രാജ്യാതിര്‍ത്തികൾ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ പൌരന്മാര്‍ക്കായി രാജ്യാതിര്‍ത്തികൾ തുറന്നപ്പോള്‍ ആദ്യമായി കടന്ന് വന്നത് ഒരു തെരുവ് നായ.
യൂറോപ്യന്‍ ഏകീകരണത്തിന്‍റെ ഭാഗമായി ഹംഗറിയും റൊമാനിയയും ഷെങ്കന്‍ മേഖലയിലെ പരിശോധനകൾ നിർത്തി. തങ്ങളുടെ അതിര്‍ത്തികൾ യൂറോപ്യന്‍ യൂണിയനിലെയും യൂറോപ്യന്‍ ഇതര രാജ്യങ്ങളിലെയും പൌരന്മാര്‍ക്കുമായി ഹംഗറിയും റൊമാനിയയും തുറന്ന് കൊടുത്തു. ഇനി അതിര്‍ത്തികളില്‍ പരിശോധനകൾ ഉണ്ടാകില്ല. അതേസമയം ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി അതിർത്തി തുറന്നപ്പോള്‍ ആദ്യമായി കടന്ന് വന്ന അതിഥിയെ കണ്ട സന്തോഷത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഇരുവശത്തും ഉദ്യോഗസ്ഥര്‍ വരി നില്‍ക്കുന്നതിനിടെ രാജകീയ പ്രൌഢിയോടെ അതിര്‍ത്തി കടന്ന് വന്നത് ഒരു തെരുവ് നായ. രാജ്യ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോൾ ആദ്യമായി എത്തിയ അതിഥിയെ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളും ആഘോഷിക്കാനെത്തി.
ഹംഗറിയും റൊമാനിയയും തങ്ങളുടെ അതിര്‍ത്തികളും തുറന്നതോടെ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലുടനീളം പാസ്പോർട്ട് രഹിത യാത്ര അനുവദിക്കപ്പെട്ടു. ഇതോടെ ഷെങ്കൻ മേഖലയും യൂറോപ്യൻ ഏകീകരണത്തിന്‍റെ ഭാഗമായി. ബൾഗേറിയയിലെയും റൊമാനിയയിലെയും പൗരന്മാർക്ക് ഇനി അതിർത്തി പരിശോധനകളില്ലാതെ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും. അതിർത്തി ചെക്ക് പോസ്റ്റുകളില്‍ നേരത്തെ ഉണ്ടായിരുന്ന പരിശോധനകൾ എല്ലാം നിര്‍ത്തിവച്ചു.
അതേസമയം മനുഷ്യനില്‍ നിന്നും വ്യത്യസ്തമായ അതിര്‍ത്തി സങ്കല്‍പങ്ങളുള്ള ഒരു നായ ആദ്യമായി രാജ്യാതിര്‍ത്തി കടന്നപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെ അത് ഏറെ ആകർഷിച്ചു. നായ അതിര്‍ത്തി കടന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയടിച്ചാണ് സ്വാഗതം ചെയ്തത്. പെട്ടെന്ന് തനിക്ക് അഭിനന്ദനം ലഭിച്ചപ്പോള്‍ നായ ഒന്ന് പരുങ്ങുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ 'ഒ ഇതൊക്കെയെന്ത്?' എന്ന ഭാവത്തില്‍ മുന്നോട്ട് നീങ്ങുന്നു. ഇന്ന് കണ്ട ഏറ്റവും പോസറ്റീവായ കാര്യം. ആരെങ്കിലും ആ നായയെ ഒന്ന് ദത്തെടുക്കൂ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'അവന് ഇപ്പോൾ റൊമാനിയയുടെ രാജാവ് എന്ന് വിളിക്കപ്പെടും.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഹംഗറിയുടെ നഷ്ടം, റൊമാനിയയുടെ നേട്ടം' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. തെരുവുനായ്ക്കൾ ധാരാളമുള്ള പ്രദേശമാണ് ഹംഗറിയും റൊമാനിയയും.
അതിർത്തി പരിശോധനകളില്ലാതെ പൗരന്മാർക്കും യൂറോപ്യൻ യൂണിയൻ ഇതര താമസക്കാർക്കും യാത്ര ചെയ്യാനും ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന യൂറോപ്പിലെ അതിർത്തി രഹിത മേഖലയാണ് ഷെങ്കൻ പ്രദേശം എന്ന് അറിയപ്പെടുന്നത്. 1985 ൽ ലക്സംബർഗിലെ ഷെങ്കൻ ഗ്രാമത്തിൽ അഞ്ച് യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി അംഗരാജ്യങ്ങൾ ഒപ്പുവച്ച ഷെങ്കൻ കരാറിനെ തുടര്‍ന്നാണ് 'ഷെങ്കൻ പ്രദേശം' എന്ന ആശയം ഉടലെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളായ ഐസ്ലാൻഡ്, നോർവേ, സ്വിറ്റ്സർലൻഡ്, ലിചെൻസ്റ്റൈൻ തുടങ്ങിയ രാജ്യങ്ങളും ഇന്ന് ഷെങ്കന്‍ കരാറിന്‍റെ ഭാഗമാണ്.