'വായുവില്‍ നിശ്ചലമായ വിമാനം'; ട്വിറ്റര്‍ ഉപയോക്താക്കളെ ഞെട്ടിച്ച വീഡിയോ വൈറല്‍ !
വിശാലമായ ഒരു ജലാശയത്തിന് മുകളില്‍ വായുവില്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു വീഡിയോയില്‍ വിമാനമുണ്ടായിരുന്നത്.
പറന്ന് പോകുന്ന വിമാനത്തിന് ആകാശത്ത് നിശ്ചലമാകാന്‍ കഴിയുമോ? എന്നാല്‍, അത്തരത്തില്‍ വായുവില്‍ നിശ്ചലമായ ഒരു വിമാനത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ കോളിളക്കം സൃഷ്ടിച്ചു. ആകാശത്ത് കൂടി പറന്ന് പോകുന്ന വിമാനങ്ങള്‍ നിശ്ചലമായി നില്‍ക്കുകയെന്നാല്‍ അത് ശാസ്ത്രീയമായി തെറ്റാണ്. അത്തരമൊന്ന് അസംഭവ്യമാണ്. കാരണം ഭൂഗുത്വാകര്‍ഷണ സിദ്ധാന്ത പ്രകാരം ഒരു വസ്തുവിനും ഭൂമിയുടെ അന്തരീക്ഷത്തില്‍ നിശ്ചലമായി നില്‍ക്കാന്‍ കഴിയില്ലെന്നത് തന്നെ. പ്രത്യേകിച്ച് ഭാരം കൂടിയ വസ്തുക്കളാണെങ്കില്‍ അവ വളരെ പെട്ടെന്ന് തന്നെ നിലം തൊടും. എന്നാല്‍, Will Manidis എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് കഴിഞ്ഞ 13 -ാം തിയതി പങ്കുവച്ച വീഡിയോ കാഴ്ചക്കാരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നിരവധി പേര്‍ എന്താണ് സത്യാവസ്ഥയെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ച ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്.
വീഡിയോ പങ്കുവച്ച് കൊണ്ട് വില്‍ മെന്‍റിസ് ഇങ്ങനെ എഴുതി.'ഇന്ന് ഒരു വിമാനം വായുവില്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടിരിക്കുന്ന് കണ്ടു. നിങ്ങള്‍ ഇപ്പോഴും ഭൗതികശാസ്ത്രം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നു.' വീഡിയോയില്‍ ഒരുവലിയ ജലാശയം മുറിച്ച് കടക്കുന്ന ഒരു പാലത്തിന് മുകളിലായി ഒരു വിമാനം നിശ്ചലമായി നില്‍ക്കുന്നത് കാണാം. സഞ്ചരിക്കുന്ന മറ്റൊരു വിമാനത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. വീഡിയോ കണ്ട പലരും അത്ഭുതപ്പെട്ടു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നായിരുന്നു പലരുടെയും ചോദ്യം. പഠിച്ചിരുന്ന ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ കാര്യമായിരുന്നു അത്.
റോഡ് നിര്‍മ്മാണത്തിനിടെ കുഴിയെടുത്തപ്പോള്‍ കണ്ടത് 1800 കളിലെ ബോട്ട് !
നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ സംശയങ്ങളും ഉത്തരങ്ങളുമായെത്തി. വിമാനം എങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് പലരും ചോദിച്ചു, അതേസമയം ക്യാമറ ആംഗിൾ സൃഷ്ടിച്ച ഒപ്റ്റിക്കൽ മിഥ്യാധാരണയോ ഇഫക്റ്റോ ആയിരിക്കാമെന്ന് ചിലര്‍ വിശദീകരിച്ചു. ഒരു ഉപയോക്താവ് വില്ലിനെ കളിയാക്കി, “അയാൾ വിമാനത്തിൽ പറക്കുന്നതിനാൽ ഭൗതികശാസ്ത്രം യഥാർത്ഥമാണെന്ന് ഇപ്പോഴും കരുതുന്നു.” എന്ന് കുറിച്ചു. “ആദ്യം വിചിത്രമാണ്, പക്ഷേ അവസാനം വിമാനം പാലത്തിന് മുകളിലൂടെ കടന്നുപോയെന്ന് നിങ്ങൾക്ക് പറയാൻ കഴിയും, അതായത് അത് പറക്കുന്നു.” മറ്റൊരാള്‍ എഴുതി. "വെറും ഒരു പാരലാക്സ് ഇഫക്റ്റ്, വ്യത്യസ്ത ഘടകങ്ങൾ വ്യത്യസ്ത വിപരീത വേഗതയിൽ ഈ പ്രഭാവം സൃഷ്ടിക്കുമ്പോൾ അത് സംഭവിക്കുന്നു." മറ്റൊരാള്‍ എഴുതി. എന്നാല്‍ ഈ വീഡിയോ തന്നെ വ്യാജമാണെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഒരു കാഴ്ചക്കാരന്‍ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിച്ചു. Sean Bosely എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ എഴുതി. 'ലോല്‍, ഇത് സാന്‍ഫ്രാന്‍സിസ്കോയ്ക്ക് സമീപമാണ്. വീഡിയോ എടുത്തത് തൊട്ടടുത്തുള്ള വിമാനത്തില്‍ നിന്ന്. വിമാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന ATC (Air traffic controller) ഒരേ വേഗതയില്‍ വിമാനങ്ങള്‍ ഒന്നിച്ച് നീങ്ങുന്നതായി കാണിക്കുന്നു. അതിനാല്‍ രണ്ട് വിമാനങ്ങളും അടുത്തടുത്തായി ഒരേ വേഗതയിൽ നീങ്ങുന്നു. അത്രമാത്രം'.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക