'അയ്യോ... ഇല്ലാ കുഴപ്പമില്ല'; ലൈവ് അഭിമുഖത്തിനിടെ റാപ്പറുടെ കീശയിലിരുന്ന് തോക്ക് പൊട്ടി, വീഡിയോ വൈറൽ
തത്സമയ അഭിമുഖം നടക്കുന്നതിനിടെ റാപ്പര്‍ കീശയിലേക്ക് കൈ തിരുകുന്നതും പിന്നാലെ വെടി പോട്ടുന്നതും കേള്‍ക്കാം.
പലപ്പോഴും അഭിമുഖങ്ങള്‍ക്കിടെ പല തമാശകളും സംഭവിക്കാറുണ്ട്. എന്നാല്‍, അതൊന്നും വീഡിയോയില്‍ നമ്മൾ കാണില്ല. അതെല്ലാം എഡിറ്റ് ചെയ്ത ശേഷമാകും വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടാറ്. അതേസമയം തത്സമയ അഭിമുഖങ്ങള്‍ അങ്ങനെയല്ല. അവിടെ സംഭവിക്കുന്നതെല്ലാം ഓണ്‍ എയറില്‍ പോകും. ലോകം മുഴുവനും കാണും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 46 കാരനായ ടെക്സ്സാസ് റാപ്പറായ റാപ്പർ 2 ലോയുടെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നാണ് അഭിമുഖത്തിനിടെ തോക്ക് പൊട്ടിയത്. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല.
'വൺ ഓൺ വൺ വിത്ത് മൈക്ക് ഡി' എന്ന യൂട്യൂബ് ഷോയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. തന്‍റെ കരിയറും ഭാവിയിലെ സംഗീത പദ്ധതികളെയും കുറിച്ച് സംസാരിക്കാനായാണ് റാപ്പർ 2 ലോ എത്തിയത്. ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ കുറിച്ച് അഭിമുഖകാരന്‍ ചോദിക്കുമ്പോൾ 2 ലോ തന്‍റെ പാന്‍സിന്‍റെ പോക്കറ്റില്‍ കൈ തിരുകുന്നത് കാണാം. അടുത്ത നിമിഷം പോക്കറ്റില്‍ നിന്ന് തോക്ക് പോട്ടുകയും പാന്‍റില്‍ ഒരു തുളവീഴുന്നതും കാണാം. ഭയന്ന് വിറച്ച റാപ്പര്‍ 2 ലോയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ശബ്ദം കേട്ടതിന് പിന്നാലെ അഭിമുഖകാരനും കാമറാമാനും ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ എല്ലാവരും ഓക്കെയല്ലേ എന്ന ചോദിക്കുന്നത് കേള്‍ക്കാം. ഇല്ലെന്ന് എല്ലാവരും പരസ്പരം ആശ്വസിപ്പിക്കുന്നു. അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ റാപ്പര്‍ 2 ലോയുടെ ഉദ്ദേശ്യശുദ്ധിയെ എല്ലാവരും സംശയിച്ചു. നിരവധി പേരാണാണ് ഇയാള്‍ എന്തിനാണ് തോക്കുമായി അഭിമുഖത്തിനെത്തിയത് എന്ന് ചോദിച്ചത്. ഇതാണ് ഒരു പൊട്ടിത്തെറിയോടെ ആരംഭിച്ച അഭിമുഖം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചത്. അവൻ ഒരിക്കലും സ്വയം വെടിവച്ചിട്ടില്ല, വെടിയുണ്ടയുടെ ദിശ പറയുന്നത് മറിച്ചാണ് എന്നായിരുന്നു മറ്റൊരാളുടെ നിരീക്ഷണം. അതേസമയം റാപ്പറിടെ പാന്‍റില്‍ നിന്നും തീ പാറുന്ന ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ മറ്റ് ചിലര്‍ പങ്കുവച്ചു. 58 ലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടു.