30,000 രൂപയ്ക്ക് അലാസ്കയിലെ മഞ്ഞ് മൂടിയ പ്രകൃതിയിൽ 1950 -ലെ വിമാനത്തില്‍ ഒരു രാത്രി താമസിക്കാം; വീഡിയോ വൈറൽ
മഞ്ഞ് മൂടിയ വലിയ തടാകത്തിന് സമീപത്ത് 1950 -ലെ ഒരു വിമാനത്തില്‍ ആധുനീക സുഖസൌകര്യങ്ങളോടെ ഒരു രാത്രി താമസിച്ചാലോ ? വരൂ.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പല പദ്ധതികളും ടൂറിസം മേഖല ആകര്‍ഷിക്കുന്നു. ഓരോ കാലത്തിനും അനുസരിച്ച് വ്യത്യസ്തമായ പല പദ്ധതികളും ഇതിനായി അവലംബിക്കപ്പെടുന്നു. എന്നാല്‍, അടുത്തകാലത്ത് വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ ബക്കറ്റ് ലിസ്റ്റില്‍ വൈറലാവുകയും ചെയ്ത ഒരു വിനോദ സഞ്ചാര സ്ഥലമുണ്ട്. പക്ഷേ അത് 1950 -ലെ ഒരു പഴഞ്ചന്‍ വിമാനമാണ്. കേൾക്കുമ്പോള്‍ ഇതെന്ത് എന്ന സംശയം സ്വാഭാവികം. പക്ഷേ, കേട്ടതാണ് യാഥാര്‍ത്ഥ്യം.
ഒരുകാലത്ത് വിദൂര അലാസ്കൻ ഗ്രാമങ്ങളിലേക്ക് ഇന്ധനവും സാധനങ്ങളും കൊണ്ട് പോയിരുന്ന ഡിസി -6 എയർപ്ലെയിലാണ്, എയര്‍ബിഎന്‍ബി ഇത്തരത്തില്‍ വിനോദ സഞ്ചാരികൾക്കുള്ള താമസ സൌകര്യമൊരുക്കിയിരിക്കുന്നത്. ഈ വിമാന വീട്ടിൽ രണ്ട് കിടപ്പുമുറികളും ഒരു ബാത്ത്റൂം ഒരുങ്ങിക്കഴിഞ്ഞു. മനോഹരമായ മഞ്ഞുമൂടിയ പ്രകൃതി ദൃശ്യങ്ങള്‍ക്ക് നടുവില്‍ ബിഗ് ലേക്കിന് സമീപത്തായി സഞ്ചാരികൾക്കായി ഒരു അവധിക്കാല ജീവിതം. വിമാന വീടിനെ കുറിച്ചുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇതിനകം 43 ലക്ഷം പേരാണ് കണ്ടത്. അലാസ്കയിലെ മഞ്ഞ് മൂടിയ പ്രകൃതിക്കിടയില്‍ ശാന്തമായി കിടക്കുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. വെള്ള നിറമുള്ള വിമാനത്തിന ചുറ്റും അതിനെക്കാൾ വെളുത്ത മഞ്ഞ് മൂടിയിരിക്കുന്നു. മണ്ണും റോഡും എന്തിന് മരങ്ങള്‍ പോലും മഞ്ഞില്‍ മൂടിയാണ് നില്‍ക്കുന്നത്.
നിരവധി പ്രത്യേകതകൾ ഈ വിമാന വീട്ടിലൊരുക്കിയിട്ടുണ്ട്. അതിന്‍റെ ഒരു ചിറകില്‍ അഗ്നിക്കൂട്ടാനായി പ്രത്യേക സ്ഥലമുണ്ട്. പുറത്ത് തണുപ്പ് ശക്തമാകുമ്പോള്‍ തീ കാഞ്ഞ് വിമാനച്ചിറകില്‍ ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത് ? രണ്ട് ദിവസം കൊണ്ട് ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ലൈക്കുകൾ ലഭിച്ച വീഡിയോ ഇതിനകം 43 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ അടുത്ത തവണ തങ്ങളും അവിടെയെത്തി എന്ന് കുറിച്ചു. മറ്റ് ചിലര്‍ പുറം കാഴ്ച ഇഷ്ടപ്പട്ടെന്നും ഉള്ളിലെ കാഴ്ച കാണാന്‍ കൊതിയായെന്നും എഴുതി. നിരവധി പേര്‍ വിശ്വസിക്കാന്‍ കഴിയാതെ ഇത് യാഥാര്‍ത്ഥ്യമാണോയെന്ന് ചോദിച്ചു.
ഉപയോഗ ശൂന്യമായ വിമാനം എഞ്ചിനില്‍ നിന്നും വേർപെടുത്തിയ ശേഷം അലാസ്കയിലെ ബിഗ് ലേക്കിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് സിംപ്ലി ഫ്ലൈയിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രയ്ക്കായി ചിറകുകള്‍ വേര്‍പ്പെടുത്തി. പിന്നീട് അവിടെ വച്ചാണ് അവ കൂട്ടിയോജിപ്പിച്ചത്. അലാസ്കയുടെ പ്രകൃതി ആസ്വദിച്ചെത്തുന്നവര്‍ക്ക് ഇനി ഡിസി -6 എയർപ്ലെയ്ൻ ഹൗസില്‍ താമസം സെറ്റാണ്. അതിനായി ഒരു രാത്രിക്ക് നിങ്ങള്‍ക്ക് ചെലവ് വെറും 30,000 രൂപയാണെന്നും ഔദ്യോഗിക എയർബിഎൻബി സൈറ്റിൽ വ്യക്തമാക്കുന്നു. ഒന്നല്ല, ആറ് പേര്‍ക്ക് സുഖമായി താമസിക്കുന്നതിനാണ് ഈ തുക.