അമ്പമ്പോ, വിമാനം വാടകയ്ക്കെടുത്തു, വധുവിന്റെ വീടിന് മുകളിൽ പണം വർഷിച്ച് വരന്റെ പിതാവ്?
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു വിമാനത്തിൽ നിന്നും പണം ഒരു വീടിന് മുകളിലേക്ക് വിതറുന്ന കാഴ്ചയാണ്.
വിവാഹാഘോഷങ്ങൾക്ക് വലിയ പണം തന്നെ ചിലവഴിക്കുന്നവർ ഒരുപാടുണ്ട്. പല വിവാഹാഘോഷങ്ങളും ധൂർത്തായി മാറാറുമുണ്ട്. മിക്കവാറും സൗത്ത് ഏഷ്യയിലെ വിവാഹങ്ങൾ ഇങ്ങനെ ആഡംബരത്തിനും ആഘോഷത്തിനും പേര് കേട്ടതാണ്. എന്തായാലും, പാകിസ്ഥാനിലെ ഒരു വിവാഹസമയത്ത് നടന്നത് എന്ന് പറയപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് ആളുകളെ അമ്പരപ്പിക്കുകയാണ്.
വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു വിമാനത്തിൽ നിന്നും പണം ഒരു വീടിന് മുകളിലേക്ക് വിതറുന്ന കാഴ്ചയാണ്. വീഡിയോയിൽ പറയുന്നത് ശരിയാണെങ്കിൽ ഒരു വരന്റെ പിതാവാണ് ഇത് ചെയ്തിരിക്കുന്നത്. വധുവിന്റെ വീടിന് മുകളിലാണ് അവർ വിമാനത്തിൽ പണം വർഷിക്കുന്നത്.
@amalqa_ എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരു വിമാനം ഒരു വീടിന് മുകളിൽ വട്ടമിട്ട് പറക്കുന്നതാണ്. അതിൽ നിന്നും കാശ് താഴേക്ക് വീഴുന്നതും കാണാം. അതൊരു വിവാഹാഘോഷം നടക്കുന്ന വീടാണ്. വീട്ടിൽ ഒരുപാട് ആളുകളുണ്ട്. ആളുകൾ ഭക്ഷണം കഴിക്കാനായി ഇരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.
വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, 'വധുവിൻ്റെ പിതാവിൻ്റെ അപേക്ഷ... വരൻ്റെ പിതാവ് മകൻ്റെ വിവാഹത്തിന് ഒരു വിമാനം വാടകയ്‌ക്കെടുത്ത് വധുവിൻ്റെ വീട്ടിലേക്ക് ലക്ഷക്കണക്കിന് രൂപ ഇടുകയും ചെയ്തു. ഇനി ജീവിതകാലം മുഴുവൻ വരന് പിതാവിൻ്റെ കടം വീട്ടേണ്ടി വരുമെന്ന് തോന്നുന്നു' എന്നാണ്. അതേസമയം, വധുവിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടാണോ ഇത് ചെയ്തത് എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.
നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. ചിലർ ഇത് അംഗീകരിച്ചപ്പോൾ ഏറിയപങ്ക് ആളുകളും ഇതിനെ വിമർശിച്ചു. ഇത് പണത്തോട് ബഹുമാനമില്ലായ്മയാണ് എന്നും അർഹതപ്പെട്ട ആർക്കെങ്കിലും ആ പണം നൽകാമായിരുന്നു എന്നും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.
ഇത് ലിഫ്റ്റോ അതോ ശവപ്പെട്ടിയോ? ക്ലോസ്ട്രോഫോബിയ ഉള്ളവർ ഈ വീഡിയോ കാണരുത്