ചുട്ടുപൊള്ളുന്ന മണലിൽ പപ്പടം ചുട്ടെടുത്ത് ബിഎസ്എഫ് ജവാൻ; വൈറലായി വീഡിയോ
"രാജസ്ഥാനിലെ ബിക്കാനീറിൽ താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നു. അന്താരാഷ്ട്ര അതിർത്തിയിലെ മണൽ ഒരു ചൂള പോലെയാണ്, പക്ഷേ മാതൃരാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികർ ശക്തമായി നിലകൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ X -ൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തത്.
തീവ്രമായ ചൂടിൽ വീർപ്പുമുട്ടുകയാണ് ഉത്തരേന്ത്യ. പല പ്രദേശങ്ങളിലും പരമാവധി പകൽ താപനില 47 ഡിഗ്രി സെൽഷ്യസ് കടന്നു. കനത്ത ചൂടിൻ്റെ പശ്ചാത്തലത്തിൽ ഡെൽഹിയിലും രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് ഐഎംഡിയുടെ പ്രവചനം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചൂടിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. രാജസ്ഥാനിലെ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ജവാൻ ചുട്ടുപൊള്ളുന്ന മണലിൽ പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായി മാറിയ ഈ വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചു.
"രാജസ്ഥാനിലെ ബിക്കാനീറിൽ താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നു. അന്താരാഷ്ട്ര അതിർത്തിയിലെ മണൽ ഒരു ചൂള പോലെയാണ്, പക്ഷേ മാതൃരാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികർ ശക്തമായി നിലകൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ X -ൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തത്.
48 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ചൂടിൽ നിന്ന് രക്ഷപ്പെടാനായി മുഖം സൺഗ്ലാസും തുണിയും ഉപയോഗിച്ച് മറച്ച ഒരു ജവാൻ നിലത്ത് മണൽ പരപ്പിൽ ഇരുന്നുകൊണ്ട് പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അല്പസമയത്തിനുശേഷം ഇദ്ദേഹം പപ്പടം കയ്യിലെടുത്ത് അത് പാകപ്പെട്ടു എന്ന് കാണിക്കുന്നതിനായി കയ്യിൽ പിടിച്ച് പൊടിക്കുന്നതായും വീഡിയോയിൽ കാണാം.
പോസ്റ്റ് ചെയ്ത മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ആറ് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ചൂടും മഴയും വകവയ്ക്കാതെ രാജ്യത്തിനായി കാവൽ നിൽക്കുന്ന സൈനികരോടുള്ള ആദരവും നിരവധി പേർ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം