വരിതെറ്റാതെ അടിവെച്ചടിവെച്ചൊരു റൂട്ട് മാര്‍ച്ച്; അച്ചടക്കത്തിന് വേണം കൈയടിയെന്ന് നെറ്റിസണ്‍സ് !
'പരേഡ് ഗ്രൗണ്ടിൽ മാർച്ച് ചെയ്യുന്നത് പോലെ രസകരമായ ഒരു കാഴ്ച' എന്ന കുറിപ്പോടെയാണ് സെക്കന്‍റുകൾ മാത്രമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുട്ടിക്കാലത്ത് ഓരോ മനുഷ്യനും ഏറ്റവും അധികം നടന്നിട്ടുണ്ടാകുക മാതാപിതാക്കളുടെ പിന്നാലെയായിരിക്കും, പ്രത്യേകിച്ച് അമ്മയോടൊപ്പം. മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഈ ശീലമുണ്ടെന്ന് തെളിയിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. അമ്മക്കടുവയുടെ പിന്നാലെ അനുസരണയോടെ നടക്കുന്ന ഒരു കൂട്ടം കടുവാ കുട്ടികളാണ് വീഡിയോയിൽ.
ഒരു അമ്മ കടുവയും നാല് കുഞ്ഞുങ്ങളുമാണ് വീഡിയോയിലുള്ളത്. കടുവ കുട്ടികളെക്കാൾ ഏറെ മുൻപിലായാണ് അമ്മ കടുവ നടക്കുന്നത്. അൽപ്പം പിന്നിലായി കടുവാ കുട്ടികളും. വീഡിയോയെ ആകർഷകമാക്കുന്ന ശ്രദ്ധേയമായ കാര്യം, കടുവ കുട്ടികള്‍ അമ്മയ്ക്ക് പുറകിലായി ഒന്നിന് പുറകെ ഒന്നെന്ന കണക്കില്‍ വരിവരിയായി നടക്കുന്നതാണ്. അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്നാണ് ഓരോ കുട്ടിക്കടുവകളും നടക്കുന്നത്. വിശാലമായ കാട്ടിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ഓടിക്കളിക്കാൻ ധാരാളം സ്ഥലമുണ്ടെങ്കിലും അതിനൊന്നും മുതിരാതെ അനുസരണുള്ള കുട്ടികളാണ് തങ്ങളെന്ന് ഓരോ ചുവട് വയ്പ്പിലും വിളിച്ച് പറഞ്ഞാണ് അവരുടെ യാത്ര.
'ചക്ക കണ്ടാൽ പിന്നെ എന്‍റെ സാറേ...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചക്ക പ്രേമിയായ ഒരാനയുടെ വീഡിയോ !
ഏതാനും സഫാരി ജീപ്പുകള്‍ സമീപത്തായി നിർത്തിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം. 'പരേഡ് ഗ്രൗണ്ടിൽ മാർച്ച് ചെയ്യുന്നത് പോലെ രസകരമായ ഒരു കാഴ്ച' എന്ന കുറിപ്പോടെയാണ് സെക്കന്‍റുകൾ മാത്രമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂൺ ആറിന് ട്ര്വിറ്ററിൽ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടു കഴിഞ്ഞു.
ഏതാനും ആഴ്ചകൾ മുമ്പ് അമ്മയുടെ പിന്നാലെ നീങ്ങുന്ന വളരെ ചെറിയ രണ്ട് കടുവക്കുഞ്ഞുങ്ങളുടെ വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതും വലിയ സ്വീകാര്യത നേടിയിരുന്നു. വിജയകരമായി വേട്ടയാടാൻ പഠിക്കുന്നതുവരെ കടുവക്കുട്ടികൾ അവരുടെ കുടുംബത്തോടൊപ്പമാണ് ജീവിക്കുക. ഈക്കാലത്ത് അവ കാട്ടിലെ സകലമൃഗങ്ങളെയും വേട്ടയാടാന്‍ പഠിക്കുന്നു. ഇങ്ങനെ ഏകദേശം രണ്ടോ മൂന്നോ വർഷത്തിന് ശേഷമാണ് അവ പൂർണ്ണ സ്വാതന്ത്ര്യം നേടി സ്വന്തം അതിര്‍ത്തികള്‍ തീര്‍ത്ത് സ്വന്തം മേഖലകള്‍ നിര്‍ണ്ണയിക്കുന്നത്.