പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടയുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ !
പെണ്‍കുട്ടിക്ക് അടുത്തായി കാര്‍ നിര്‍ത്തി ഡോര്‍ തുറക്കുമ്പോള്‍ ഭയന്ന പെണ്‍കുട്ടി പുറകിലേക്ക് നടക്കുന്നു. തുടര്‍ന്ന് കാര്‍ കുട്ടിക്ക് സമീപത്തേക്കായി റിവേഴ്സില്‍ വരുമ്പോള്‍ കാഴ്ച കണ്ട് നിന്ന ഒരു വളര്‍ത്ത് നായ റോഡിലേക്ക് ഇറങ്ങി വന്ന് കുരയ്ക്കുന്നു.
ഇന്ന് കേരളത്തിലടക്കം ലോകത്തിന്‍റെ വിവിധ നഗരങ്ങളില്‍ തെരുവ് നായ്ക്കള്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കിലും മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലേയുള്ളതാണ്. പലപ്പോഴും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള തെരുവ് നായ്ക്കളുടെ ശ്രമങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നായ്ക്കള്‍ക്ക് മനുഷ്യനോടുള്ള വിധേയത്വത്തിന് നിരവധി തെളിവുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. പല നഗരങ്ങളിലും അത്തരത്തില്‍ പ്രശസ്തരായ നായ്ക്കളുടെ പ്രതിമകള്‍ വരെ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോ, പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുക്കുന്ന ഒരു തെരുവ് നായയുടെതായിരുന്നു.
@pplincctv എന്ന ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയിലാണ് ഈ രംഗങ്ങളുള്ളത്. ആള്‍ സഞ്ചാരമില്ലാത്ത ഒരു തെരുവിലേക്ക് ഒരു പെണ്‍കുട്ടി നടന്ന് വരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പെണ്‍കുട്ടിക്ക് പിന്നാലെ ഒരു കാറും തെരുവിലേക്ക് കയറുന്നു. പെണ്‍കുട്ടിക്ക് അടുത്തായി കാര്‍ നിര്‍ത്തി ഡോര്‍ തുറക്കുമ്പോള്‍ ഭയന്ന പെണ്‍കുട്ടി പുറകിലേക്ക് നടക്കുന്നു. തുടര്‍ന്ന് കാര്‍ കുട്ടിക്ക് സമീപത്തേക്കായി റിവേഴ്സില്‍ വരുമ്പോള്‍ കാഴ്ച കണ്ട് നിന്ന ഒരു വളര്‍ത്ത് നായ റോഡിലേക്ക് ഇറങ്ങി വന്ന് കുരയ്ക്കുന്നത് വീഡിയോയില്‍ കാണാം.
പിന്നാലെ എവിടെ നിന്നെന്ന് അറിയാതെ ഒരു തെരുവ് നായ ഓടിവരികയും കാറിലെ യാത്രക്കാരന് നേരെ കുരച്ച് കൊണ്ട് ചാടുകയുമായിരുന്നു. പ്രശ്നം കൈവിട്ടെന്ന് മനസിലാക്കിയ കാര്‍ യാത്രക്കാരന്‍ കാറുമെടുത്ത് സ്ഥലം വിടുമ്പോള്‍ നായ കാറിന് പുറകെ കുരച്ച് കൊണ്ട് ഓടുന്നു. പിന്നാലെ ഭയന്ന് പോയ കുട്ടി നിലവിളിച്ച് കൊണ്ട് ഓടുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം. രണ്ട് ലക്ഷത്തി ഇരുപതിനായിരം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിച്ചു. പലരും വേലിക്കരികിലേക്ക് ഒളിച്ച വളര്‍ത്ത് നായയുടെ പേടിയെ കുറിച്ച് സൂചിപ്പിച്ചു. എന്നാല്‍ ആ വളര്‍ത്ത നായ കുരച്ചതിന് പിന്നാലെയാണ് തെരുവ് നായ സംഭവസ്ഥലത്തെത്തിയതെന്ന് ആരും ശ്രദ്ധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക