പാമ്പിനെ ആസ്വദിച്ച് കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ വൈറല്‍; വിമർശിച്ച് സോഷ്യല്‍ മീഡിയ
മൂന്നോ നാലോ പാമ്പുകള്‍ യുവതിയുടെ മുന്നില്‍ വച്ച പ്ലേറ്റില്‍ ഗാര്‍ണിഷ് ചെയ്തിരിപ്പുണ്ട്. യുവതി ഒരു പാമ്പിനെ എടുത്ത് കടിക്കുമ്പോള്‍ പ്ലേറ്റിലെ പാമ്പുകള്‍ ഇളകുന്നതായി കാണാം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ ഒരു വര്‍ഷം കൊന്നൊടുക്കുന്നതില്‍ പാമ്പുകള്‍ക്കുള്ള മേല്‍ക്കൈ മറ്റൊരു മൃഗത്തിനുമില്ല. കരയിലും കടലിലുമുള്ള വിഷപാമ്പുകളുടെ കടിയേറ്റ് മരിച്ച് വീഴുന്ന മനുഷ്യരുടെ എണ്ണം അത്രയേറെയാണ്. അതേസമയം കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പുകള്‍ മനുഷ്യന്റെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൈന, കൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ വിഷപാമ്പുകളെ ഉപയോഗിച്ച് വീര്യമേറിയ മദ്യം പോലും നിര്‍മ്മിക്കപ്പെടുന്നു. അതേസമയം വിഷമില്ലാത്ത പാമ്പുകള്‍ അവരുടെ ഭക്ഷണമെനുവിലെ ഒരു ഐറ്റം കൂടിയാണ്. കാര്യങ്ങളിങ്ങനെയൊക്കെയാണെന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. അതേസമയം പാമ്പിനെ നേരിട്ട് കണ്ടാല്‍ ഒന്ന് ഭയക്കാത്തതായി നമ്മളില്‍ ആരുമില്ലതാനും. asmrmukbangworld എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ കണ്ടാല്‍ പക്ഷേ, ആ ഭയം ഒന്നുകൂടി ഇരട്ടിക്കും.
ഒരു ദക്ഷിണ കൊറിയന്‍ യുവതി മുന്നിലെ പാത്രത്തില്‍ ഗാര്‍ണിഷ് ചെയ്ത് വച്ച പാമ്പുകളിലൊന്നിന്റെ പാലില്‍ പിടിച്ചെടുത്ത് കടിച്ച് വലിക്കുന്നു. ഏതാണ്ട് മൂന്നോ നാലോ പാമ്പുകള്‍ യുവതിയുടെ മുന്നില്‍ വച്ച പ്ലേറ്റില്‍ ഗാര്‍ണിഷ് ചെയ്തിരിപ്പുണ്ട്. യുവതി ഒരു പാമ്പിനെ എടുത്ത് കടിക്കുമ്പോള്‍ പ്ലേറ്റിലെ പാമ്പുകള്‍ ഇളകുന്നതായി കാണാം. ഇത് പാമ്പുകള്‍ക്ക് ജീവനുണ്ടെന്ന സംശയം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നു. പ്ലേറ്റില്‍ പാമ്പുകളോടൊപ്പം ചില പച്ചക്കറികളും മുകളും ഗാര്‍ണിഷ് ചെയ്ത് വച്ചിരിക്കുന്നത് കാണാം. കാഴ്ചക്കാരില്‍ ഭയവും അറപ്പും ഉണ്ടാക്കുമെങ്കിലും യുവതി വളരെ ആസ്വദിച്ചാണ് പാമ്പുകളെ കടിച്ച് പറിക്കുന്നത്. ഇടയ്ക്ക് ഏറെ സ്വാദേറിയ വിഭവമാണെന്ന് യുവതി തന്റെ മുഖഭാവത്തിലൂടെ പറയാതെ പറയുന്നു.
ദക്ഷിണ കൊറിയയില്‍ 'മുക്ബാംഗ്' എന്ന പേരിൽ വിചിത്രമായ ഭക്ഷണങ്ങളെ കുറിച്ച് ഒരു ടിവി ഷോ ഉണ്ട്. ജനപ്രിയമായ ഒരു ടിവി ഷോയാണ് മുക്ബാംഗ്. ഈ ടിവി ഷോയില്‍ നിന്നുള്ള വീഡിയോ ആരോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ വൈറലായി. ‘പാമ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഏതാണ്ട് ഇരുപത് ലക്ഷത്തോളം പേര് വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് നിന്നുള്ള നിരവധി കാഴ്ചക്കാര്‍ വീഡിയോയെ രൂക്ഷമായി വിമർശിച്ചു. 'പുതിയ വൈറസുകള്‍ വരുന്നത് ഇങ്ങനെയാണ്' എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. 'അത് ഉള്ളടക്കത്തിന് വേണ്ടിയാണ്. എന്തും കഴിക്കും. ഭീകരമായ അവസ്ഥ തന്നെ' മറ്റൊരു കാഴ്ചക്കാരനെഴുതി.