ഇതെങ്ങനെ സാധിക്കുന്നു?; 'സ്ക്രൈ ഡൈവിംഗി'നിടെ 'സ്കൈ വാക്ക്' നടത്തുന്ന വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
വീഡിയോയില്‍ ഒരാള്‍ ആകാശത്ത് കൂടി നടക്കുന്നതായി കാണിക്കുന്നു. ഇടയ്ക്ക് ഇയാള്‍ വായുവില്‍ തലകുത്തി മറിയുന്നതും കാണാം.
സാഹസീകത ഏറെ ഇഷ്ടപ്പെടുന്നവര്‍ ചെയ്യുന്ന വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് ആകാശ ചാട്ടം. സാങ്കേതിക രംഗത്തെ വളര്‍ച്ച ആകാശ ചാട്ടങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വിജയിച്ചു. അതിനാല്‍ തന്നെ ഇന്ന് പഴയേതിനേക്കാള്‍ ഏറെ സുരക്ഷിതത്വത്തോടെ ആകാശ ചാട്ടം നടത്താന്‍ സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്ക് കഴിയുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ആകാശ ചാട്ടത്തിന്‍റെ വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. വീഡിയോയില്‍ ഒരാള്‍ ആകാശത്ത് കൂടി നടക്കുന്നതായി കാണിക്കുന്നു. ഇടയ്ക്ക് ഇയാള്‍ വായുവില്‍ തലകുത്തി മറിയുന്നതും കാണാം.
Science എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 18 ലക്ഷം പേരാണ് കണ്ടത്. വീഡിയോ കണ്ട് അത്ഭുതപ്പെട്ട പലരും ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചു. അത് ആരായാലും അവരൊരു ഇതിഹാസമാണ് എന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്. വീഡിയോയില്‍ 'സ്കൈ ഡൈവിംഗി'നിടെ 'സ്കൈ വാക്ക്' നടത്തിയത് 23 കാരിയായ സ്കൈഡൈവർ മജ കുസിൻസ്ക എന്ന യുവതിയായിരുന്നു. മജ കുസിൻസ്കയുടെ പഴയൊരു സ്കൈ ഡൈവിംഗ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും വൈറലായതായിരുന്നു സംഭവം. സ്കൈ ഡൈവിംഗിനിടെ കൃത്യമായ ബാലന്‍സിംഗ് ലഭിച്ച മജ കുസിന്‍സ്ക, ഭൂമിയിലുടെ നടക്കുന്നത് പോലെ വായുവിലൂടെ നടക്കാന്‍ ശ്രമിക്കുകയും അവരുടെ ശ്രമം വിജയിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ബാലന്‍സ് നഷ്ടപ്പെടുമ്പോള്‍ അവര്‍ വായുവില്‍ തലകുത്തി മറിയുന്നു. വായുവിലൂടെ മജ കുസിൻസ്ക നടക്കാന്‍ ശ്രമിക്കുന്നത് ഏവരുടെയും ശ്രദ്ധ നേടുന്ന ഒന്നായിരുന്നു.
മജ കുസിൻസ്കയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇത്തരത്തില്‍ വായുവിലെ നടക്കുന്നതിന്‍റെ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. 'ഞാൻ ഒരു ജിംനാസ്റ്റ് ആയിരുന്നു, അതിനാൽ ഒരു ക്ലാസിക് ജിംനാസ്റ്റിക്സ് വായുവിൽ വീഴുന്നത് പോലെ ചെയ്യാൻ ശ്രമിക്കുന്നത് രസകരമാണെന്ന് ഞാൻ കരുതി, പക്ഷേ ഇത് വളരെ യാഥാർത്ഥ്യമാണെന്ന് ഞാൻ പറയില്ല, നിങ്ങൾ ആകാശത്ത് നിന്ന് വീഴുമ്പോൾ ഭൗതികശാസ്ത്രം അൽപ്പം വ്യത്യസ്തമാണെന്ന് ഊഹിക്കാം.' വീഡിയോ പങ്കുവച്ച് കൊണ്ട് മജ കുസിൻസ്ക എഴുതി. ചിലര്‍ 'പറക്കുന്നത് പോലെ തോന്നുന്നു' എന്ന് കുറിച്ചു.