അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !
ആള്‍ക്കൂട്ടത്തിന് നടവില്‍ നിന്നും യുവതി രക്ഷിപ്പെടുത്തിയ എസ്പിയ്ക്ക് പോലീസിലെ നിയമപാലകർക്കുള്ള പരമോന്നത ധീരതാ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തു.
ഓരോ വര്‍ഷം കഴിയുന്തോറും മതപരമായ കാര്യങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്ന കാഴ്ചകളാണ് ഓരോ സ്ഥലത്ത് നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ ആള്‍കൂട്ടം അക്രമിച്ചു. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നും ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ പ്രകോപിതരാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി, ഭക്ഷണം കഴിക്കാനായി ഒരു പ്രാദേശിക റെസ്റ്റോറന്‍റില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റെസ്റ്റോറന്‍റിലെത്തിയ ചിലര്‍ ആരോപിച്ചു. ഇത് ഖുറാനിനോടുള്ള അനാദരവാണെന്ന് ആള്‍ക്കൂട്ടം ആരോപിച്ചതോടെ റെസ്റ്റോറന്‍റിലുണ്ടായിരുന്നവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആള്‍ക്കൂട്ടം യുവതിയെ അപമാനിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനിടെ ലാഹോര്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ പഞ്ചാബ് പോലീസിന്‍റെ ഔദ്ധ്യോഗിക എക്സ് അക്കൌണ്ടില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'ഗുൽബർഗ് ലാഹോറിലെ ധീര എസ്‌ഡിപിഒ എഎസ്പി സൈദ ഷെഹർബാനോ നഖ്‌വി അക്രമാസക്തമായ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കാൻ അവരുടെ ജീവൻ അപകടത്തിലാക്കി. ഈ വീരകൃത്യത്തിന് പഞ്ചാബ് പോലീസ് അവളുടെ പേര് പാകിസ്ഥാനിലെ നിയമപാലകർക്കുള്ള പരമോന്നത ധീരതയ്ക്കുള്ള ബഹുമതിയായ ക്വയ്ദ്-ഇ-അസം പോലീസ് മെഡലിന് (ക്യുപിഎം) ശുപാർശ ചെയ്തു." മതപരമായ കുറ്റം ചെയ്തെന്ന് ആരോപിച്ച് ആക്രമാസക്തമായി നില്‍ക്കുന്ന ആണുങ്ങളുടെ കൂട്ടത്തോട് സംസാരിച്ച ശേഷം അതെ ആള്‍ക്കൂട്ടത്തിന് നടുവിലൂടെ യുവതിയെയും കൂട്ടിപ്പിടിച്ച് എഎസ്പി സൈദ ഷെഹർബാനോ നഖ്‌വി നടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.
ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!
വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു. യുവതി പിന്നീട് എക്സിലൂടെ തന്‍റെ പ്രവൃത്തിക്ക് മാപ്പ് ചോദിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഎസ്പിയുടെ ധീരതയെ നിരവധി പേര്‍ അഭിനന്ദിച്ചു. അതേ സമയം പഞ്ചാബ് പോലീസിനെതിരെയും ചിലര്‍ എഴുതി, 'പഞ്ചാബ് പോലീസിന് നാണക്കേട്, എഎസ്പി ഷെഹ്ര്ബാനോ നിങ്ങള്‍ക്കും നാണക്കേട്!! അത് ഖുറാന്‍ വാക്യങ്ങളല്ലെന്നും കാലിയോഗ്രാഫി മാത്രമാണെന്നു തിരിച്ചറിഞ്ഞ ശേഷവും അവരെന്തിനാണ് മാപ്പ് പറഞ്ഞത്?' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. യഥാര്‍ത്ഥത്തില്‍ അത് ഖുറാനില്‍ നിന്നുള്ള വാക്യങ്ങളല്ലായിരുന്നു. "മനോഹരം" എന്നർത്ഥം വരുന്ന "حلوة" എന്ന വാക്കായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂമിയില്‍ വീണ്ടും ഹിമയുഗമോ? സമുദ്രാന്തര്‍ ജലപ്രവാഹങ്ങള്‍ തകർച്ച നേരിടുന്നെന്ന് ശാസ്ത്രലോകം!