ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരമാകുന്നതിനായി പ്രത്യേക പ്രാർത്ഥന നടത്തി പാക് വനിത സീമ ഹൈദര്‍; വീഡിയോ വൈറല്‍!
സീമാ ഹൈദറിന്‍റെ വീഡിയോ സാമൂഹിക മാധ്യമത്തിലൂടെ വൈറൽ ആയതോടെ ട്വിറ്ററിലെ (X) ട്രെൻഡിംഗ് സെർച്ച്കളിൽ ഒന്നായും നോയിഡ മാറിക്കഴിഞ്ഞു.
ബുധനാഴ്ച (23.8.'23) വൈകുന്നേരം 6:04 ന് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു ഇന്ത്യക്കാർ. ശാസ്ത്ര ദൗത്യത്തിന്‍റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ നടത്തുന്നതിന്‍റെ ദൃശ്യങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ഒരു പാക്ക് വനിതയുമുണ്ടായിരുന്നു എന്നാണ് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നത്.
പബ്ജി കാമുകനെ കാണാനായി മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയതിന്‍റെ പേരിൽ മാധ്യമങ്ങളിൽ ഇടം പിടിച്ച പാകിസ്ഥാൻ പൗരയായ സീമ ഹൈദർ തന്നെയാണ് ഇപ്പോൾ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനായി പ്രാർത്ഥിച്ച് വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ചാന്ദ്രദൗത്യത്തിന്‍റെ വിജയത്തിനായി താൻ ഉപവാസം ഇരുന്നതിന്‍റെയും പ്രാർത്ഥിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സീമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങള്‍ വൈറലായത്. ഇപ്പോൾ സച്ചിൻ മീണയ്‌ക്കൊപ്പം നോയിഡയിൽ താമസിക്കുന്ന സീമ ഹൈദർ ചന്ദ്രയാൻ -3 ന്‍റെ വിജയകരമായ ലാൻഡിംഗിനായി താൻ ഉപവാസം ഇരുന്നതായി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി. തുടർന്നും ചാന്ദ്രദൗത്യത്തിനായി താൻ പ്രാർത്ഥിക്കുമെന്നും അവർ പറഞ്ഞു.
ഇരുതലയുള്ള പാമ്പിന്‍ കുഞ്ഞ്; വൈറലായി അപൂര്‍വ്വ വീഡിയോ !
ഇവരുടെ വീഡിയോ സാമൂഹിക മാധ്യമത്തിലൂടെ വൈറൽ ആയതോടെ ട്വിറ്ററിലെ (X) ട്രെൻഡിംഗ് സെർച്ച്കളിൽ ഒന്നായും നോയിഡ മാറിക്കഴിഞ്ഞു. വീഡിയോയിൽ ഇന്ത്യയുടെ പേര് ആഗോളതലത്തിൽ ഉയർത്തുന്നതിന് ചാന്ദ്രയാൻ ദൗത്യത്തിന് സാധിക്കുമെന്നും ഈ പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും സീമ അവകാശപ്പെട്ടു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ നോയിഡയിൽ കുടുംബത്തോടൊപ്പം ഇന്ത്യൻ പതാക ഉയർത്തിയും സീമ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ ഹൈദർ, PUBG എന്ന ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ പരിചയപ്പെട്ട സച്ചിൻ മീനയുമായി (22) പ്രണയത്തിലാവുകയും തുടർന്ന് തന്‍റെ മൂന്ന് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചു. ഇന്ത്യയിൽ പ്രവേശിച്ച ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് പ്രാദേശിക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് പോലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ ഇപ്പോൾ ഡൽഹിക്കടുത്തുള്ള ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലാണ് താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക