'ഒരു ജെസിബി ടെസ്റ്റ്'; മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങി, കരയ്ക്ക് കയറാന്‍ പാടുപെട്ട് നാഗാലന്‍ഡ് മന്ത്രി !
കുളത്തില്‍ നിന്നും കരകയറാനുള്ള തന്‍റെ ശ്രമത്തെ അദ്ദേഹം വാഹനങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെടുത്തി, തന്‍റെ സാമൂഹിക മാധ്യമ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ സ്വയം ട്രോളി.
നാഗാലാന്‍ഡ് ടൂറിസം ഉന്നതവിദ്യാഭ്യാസ മന്ത്രി ടെംജെന്‍ ഇംന സാമൂഹിക മാധ്യമങ്ങളിലെ താരമാണ്. അദ്ദേഹത്തിന്‍റെ നിരവധി സാമൂഹിക മാധ്യമ പോസ്റ്റുകള്‍ നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ പത്താം തിയതി അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ വൈറലായി. നാല് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഒരു വലിയ കുളത്തില്‍ നിന്നും കരയ്ക്ക് കയറാനുള്ള ടെംജെന്‍ ഇംനയുടെ ശ്രമമാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം സ്വയം ട്രോളിക്കൊണ്ട് ഇങ്ങനെ എഴുതി. 'ഇന്ന് ജെസിബിയുടെ ടെസ്റ്റായിരുന്നു. കുറിപ്പ്: ഇത് എൻസിഎപി റേറ്റിംഗിനെക്കുറിച്ചാണ്, കാർ വാങ്ങുന്നതിന് മുമ്പ് എൻഎസിഎപി റേറ്റിംഗ് പരിശോധിക്കുക. കാരണം അത് നിങ്ങളുടെ ജീവിതത്തിന്‍റെ കാര്യമാണ്!!'
വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് എന്‍എസിഎപി റേറ്റിംഗ്. കുളത്തില്‍ നിന്നും കരകയറാനുള്ള തന്‍റെ ശ്രമത്തെ അദ്ദേഹം വാഹനങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെടുത്തി, തന്‍റെ സാമൂഹിക മാധ്യമ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ സ്വയം ട്രോളി. മറ്റുള്ളവരുടെ ചെറിയൊരു കളിയാക്കല്‍ പോലും നമ്മളില്‍ പലര്‍ക്കും അസഹനീയമാണെന്നിരിക്കെയാണ് നാഗാലന്‍ഡ് മന്ത്രി സ്വയം ട്രോളുമായി സാമൂഹിക മാധ്യമ ഉപയോക്താക്കളെ കൈയിലെടുത്തത്. ഇത് ആദ്യമായല്ല അദ്ദേഹം ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. കുളത്തില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടെ കുളത്തിലേക്ക് ഇറങ്ങിയതായിരുന്നു മന്ത്രി. പക്ഷേ അദ്ദേഹം വിചാരിച്ചത് പോലെ കരയ്ക്ക് കേറാന്‍ പറ്റിയില്ല.
മരണത്തിലും കൈകോര്‍ത്ത്: 93 -ാം വയസില്‍ ഡച്ച് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ദയാവധത്തിന് വിധേയരായി !
വീഡിയോയുടെ തുടക്കത്തില്‍ കുളത്തിലും കരയിലുമായി പാതിപാതിയായി കിടക്കുന്ന ടെംജെന്‍ ഇംനയെ കാണാം. വെള്ളത്തില്‍ നിന്ന് ഒരാള്‍ അദ്ദേഹത്തെ തള്ളിക്കയറ്റാന്‍ ശ്രമിക്കുമ്പോള്‍ കരയില്‍ നില്‍ക്കുന്ന മറ്റൊരാള്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ച് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നു. എന്നാല്‍ ശരീരത്തിന്‍റെ ഭാരം കാരണം അദ്ദേഹത്തിന് ഏറെ ആയാസപ്പെടേണ്ടിവരുന്നു. ഏറെ സമയമെടുത്ത് കിതപ്പാറ്റി ഒടുവില്‍ അദ്ദേഹം വെള്ളത്തില്‍ നിന്നും കയറി കരയില്‍ മുട്ട് കുത്തി നില്‍ക്കുന്നു. അവിടെ നിന്നും ഏറെ ആയാസപ്പെട്ട് എഴുന്നേറ്റ് അദ്ദേഹം തന്‍റെ കസേര എവിടെ എന്ന് ചോദിക്കുമ്പോള്‍ സഹായികളിലൊരാള്‍ കസേര കൊണ്ട് വന്ന് കൊടുക്കുന്നു. തുടര്‍ന്ന് അതില്‍ ഇരുന്ന് ക്ഷീണം മാറ്റുന്നതിനിടെ അദ്ദേഹം, 'അത് മനോഹരം. ഏറ്റവും വലിയ മീന്‍ തന്നെ.' എന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ ചിരിക്കുന്നതും കേള്‍ക്കാം.