പറന്നുയരും മുമ്പ് യാത്രക്കാരനോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട് വിമാന ജീവനക്കാര്‍; വീഡിയോ വൈറല്‍
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹം ബുക്ക് ചെയ്ത വിമാന സീറ്റ് സാങ്കേതിക പിഴവുകളെ തുടർന്ന് മറ്റൊരു യാത്രക്കാരൻ വീണ്ടും ബുക്ക് ചെയ്തെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ സീറ്റ് തർക്കത്തെ തുടർന്ന് യാത്രക്കാരനോട് വിമാനത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടെന്ന് പരാതി. ബൊഗോട്ടയിലേക്കുള്ള അവിയാൻക വിമാനത്തിലാണ് ഇത്തരത്തിൽ അപൂർവമായ ഒരു സംഭവം നടന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് ബൊഗോട്ടയിലേക്ക് പോകുന്നതിനായി സീറ്റ് ബുക്ക് ചെയ്ത വിമാനത്തിൽ കയറിയ ജുവാൻ മാനുവൽ എന്ന വ്യക്തിയോടാണ് അവസാന നിമിഷം വിമാനത്തിൽ നിന്ന് പുറത്ത് പോകണം എന്ന് എയർലൈൻ ജീവനക്കാർ ആവശ്യപ്പെട്ടത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹം ബുക്ക് ചെയ്ത വിമാന സീറ്റ് സാങ്കേതിക പിഴവുകളെ തുടർന്ന് മറ്റൊരു യാത്രക്കാരൻ വീണ്ടും ബുക്ക് ചെയ്തെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിമാനത്തിനുള്ളിൽ കയറിയ ജുവാൻ തന്‍റെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നത് കണ്ട് ആശയക്കുഴപ്പത്തിലായി. തുടർന്ന് എയർലൈൻ ജീവനക്കാരോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് യാത്രക്കാരും ബുക്ക് ചെയ്തിരിക്കുന്നത് ഒരേ സീറ്റ് ആണെന്ന് മനസ്സിലായത്. അതോടെ ക്യാബിൻ ക്രൂ അംഗങ്ങൾ ജുവാനോട് പുറത്ത് പോകാൻ അഭ്യർത്ഥിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തനിക്ക് സീറ്റ് നിഷേധിച്ച ജീവനക്കാരുടെ നടപടിയിൽ ജുവാൻ കടുത്ത നിരാശ പ്രകടിപ്പിക്കുകയും അവരോട് കയർത്ത് സംസാരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ചൂടന്‍ കടല്‍; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരത വ്യക്തമാക്കി നാസ, എല്ലാം മനുഷ്യ ഇടപെടല്‍ മൂലമെന്ന്
വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ ആരോ ഒരാളാണ് വീഡിയോ പകർത്തിയത്. കൊളംബിയയിൽ നിന്നുള്ള അഭിഭാഷകനായ ജുവാൻ മാനുവൽ, ലോസ് ഏഞ്ചൽസിൽ ഒരു കേസുമായി ബന്ധപ്പെട്ട പ്രധാന മീറ്റിംഗില്‍ പങ്കെടുക്കുന്നതിനാണ് മൂന്നുമാസം മുമ്പ് തന്‍റെ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, എയർലൈൻസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ സാങ്കേതിക പിഴവ് മൂലം അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെടുകയായിരുന്നു. ചൂടേറിയ വാക്ക് തർക്കത്തിനൊടുവിൽ അദ്ദേഹം വിമാനത്തിൽ നിന്നും ഇറങ്ങി പോകുന്നതും മറ്റുള്ള യാത്രക്കാർ അദ്ദേഹത്തിന്‍റെ നല്ല മനസ്സിനെ അഭിനന്ദിച്ച് കൊണ്ട് കൈയടിക്കുന്നതും കാണാം. തന്‍റെ സമയം പോലെ തന്നെ മറ്റുള്ളവരുടെ സമയവും വിലപ്പെട്ടതാണെന്നും അത് കൊണ്ടാണ് താൻ കൂടുതൽ പ്രശ്നങ്ങൾക്ക് മുതിരാതെ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാവെ പറഞ്ഞത്. വീഡിയോ ശ്രദ്ധ നേടിയതോടെ എയർലൈൻസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയ്ക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്.