'ക്ഷമ വേണം, എല്ലാവര്‍ക്കും'; ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍
തിരക്കേറിയ വാഹന ഗതാഗതത്തിനിടെ വാഹങ്ങനങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ചെറിയ ഉരസലുകള്‍ സ്വാഭാവികം. പക്ഷേ, അതിത്രയും സംഘര്‍ഷത്തിലേക്ക് നീങ്ങേണ്ടതുണ്ടോയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.
തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങളില്‍ പലപ്പോഴും ഒന്നാമതാണ് ബെംഗളൂരു നഗരം. 'പീക്ക് ബെംഗളൂരു' എന്ന വാക്കിന് തന്നെ ജന്മം കൊടുത്ത തിരക്കാണ് ബെംഗളൂരുവിലേത്. തിരക്കുകള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുന്നു. പ്രത്യേകിച്ചും തിരക്കില്‍പ്പെട്ട് സമയം നഷ്ടമായി അസ്വസ്ഥമായി ഇരിക്കുന്ന യാത്രക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരോട് തട്ടിക്കേറുന്നതും സ്വാഭാവികം. സമാനമായൊരു സന്ദര്‍ഭത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് കർണാടക പോർട്ട്ഫോളിയോ എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത്.
ഇതിനകം ഏട്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ട് വീഡിയോ പങ്കുവച്ച് കൊണ്ട് കർണാടക പോർട്ട്ഫോളിയോ വീഡിയോയിലെ സംഭവങ്ങള്‍ക്ക് ആരുടേതാണ് തെറ്റെന്ന് ചോദിച്ചു. ബെംഗളൂരുവിലെ റോഡപകടത്തിന്‍റെ മറ്റൊരു ഉദാഹരണം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം സ്കൂട്ടി യാത്രക്കാരന് തിരക്കേറിയെ റോഡിലൂടെ ഡ്രൈവ് ചെയ്യുന്നതിനുള്ള അവബോധം കുറവാണെന്നും അദ്ദേഹത്തിന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും എഴുതി. എന്നാല്‍, ഐ 20 ഡ്രൈവരുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെടേണ്ടതാണും കുറിച്ചു. തന്‍റെ കാറിലെ ചെറിയൊരു പോറല്‍ പോലും അദ്ദേഹത്തിന് ഇത്രയും നിരാശയ്ക്ക് കാരണമാകുന്നെങ്കില്‍ ഒന്നെങ്കില്‍ റോഡുകളില്‍ നിന്നും മാറി നില്‍ക്കുക. അതല്ലെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗങ്ങളെ കുറിച്ച് അന്വേഷിക്കുക. അതല്ലാതെ റോഡുകളില്‍ കിടന്നുള്ള ഇത്തരം പരിപാടികള്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ. അത് ഒപ്പമുള്ള എല്ലാവര്‍ക്കും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ തിരക്കേറിയ റോഡുകളില്‍ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് ക്ഷമയും ശാന്തതയും ഏറെ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ സമാന അനുഭവങ്ങളെഴുതാനെത്തിയത്. അതോടൊപ്പം സംഭവത്തിന്‍റെ യഥാര്‍ത്ഥ ലോക്കേഷന്‍ എവിടെയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് ചോദിച്ചു. "എന്തുകൊണ്ടാണ് ഒരു ചെറിയ പോറൽ സ്വീകാര്യമാകുന്നത്? ഞാൻ ഇപ്പോൾ നിങ്ങളുടെ കാറിൽ അത് ചെയ്യട്ടെ? ശരിയാണ് റോഡ് രോഷം തെറ്റാണ്, പക്ഷേ, പ്രകോപനമില്ലാതെ മറ്റേയാളുടെ തെറ്റില്ലാത്തപ്പോൾ മാത്രം. അല്ലെങ്കിൽ, ഏതെങ്കിലും വിധത്തിൽ പണം നൽകാൻ അവർ ബാധ്യസ്ഥരാണ്." ഒരു കാഴ്ചക്കാരന്‍ എഴുതി. വാഹനം ഗാരേജിലേക്ക് പോകുമ്പോള്‍ ഇത്തരം ചെറിയ പോറലുകള്‍ അത്ര ചെറുതല്ലെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. കാറുടമയുടെ നിരാശ നമ്മുക്ക് മനസിലാകും എന്നാല്‍ അയാള്‍ വളരെ ഏറെ ആക്രമണോത്സുകനായിരുന്നുവെന്ന് മറ്റ് ചില കാഴ്ചക്കാര്‍ ചൂണ്ടിക്കാട്ടി.