30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും ആനക്കുട്ടി അമ്മയ്ക്ക് അരികിലേക്ക്; വീഡിയോകള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും 40 ഓളം പേരടങ്ങുന്ന സംഘമാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
![Video of baby elephant rescued from 30 feet deep well and sent to its mother goes viral Video of baby elephant rescued from 30 feet deep well and sent to its mother goes viral](https://static-gi.asianetnews.com/images/01hz4es4e12w3zdvfqe3v1chn4/baby-elephant-rescued-from-deep-well-in-tamil-nadu_363x203xt.jpg)
ജനവാസ മേഖലകളിലെ കാര്‍ഷിക വിളകള്‍ കഴിക്കാനായി എത്തുന്ന മൃഗങ്ങള്‍ സമീപത്തെ ആഴമേറിയ കുഴികളിലും കിണറുകളിലും പെട്ട് പോകുന്നത് സാധാരണമാണ്. ഏറ്റവും ഒടുവില്‍ അത്തരമൊരു അപകടത്തെ തുടര്‍ന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. നീലഗിരിയിലെ ഗൂഡല്ലൂർ ഡിവിഷനിലെ ഒരു സംഘം തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഏട്ട് മണിക്കൂറെടുത്ത് കുഴിയില്‍ വീണ ആനയെ രക്ഷപ്പെടുത്തിയത്. വെള്ളത്തിനായി കുഴിച്ച ആഴമേറിയ കിണറിലേക്ക് ആന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
രക്ഷാദൌത്യ സംഘത്തെ അഭിനന്ദിച്ച് കൊണ്ട് തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഐഎഎസാണ് രക്ഷാദൌത്യത്തിന്‍റെ വീഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്. 'തമിഴ്നാട്ടില്‍ നിന്നും ഒരു കുട്ടിയാനയെ വിജയകരമായി രക്ഷപ്പെടുത്തി അമ്മയുമായി കൂട്ടി ചേര്‍ത്ത വളരെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നീലഗിരിയിലെ ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിലെ തമിഴ്നാട് ഫോറസ്റ്റർമാർ കൃഷിയിടത്തിലെ 30 അടി താഴ്ചയുള്ള മണൽ ക്കിണറിൽ നിന്ന് കുട്ടിയാനയെ വിജയകരമായി രക്ഷപ്പെടുത്തി. 8 മണിക്കൂർ വെല്ലുവിളി നിറഞ്ഞ നീണ്ട പോരാട്ടത്തിനൊടുവിൽ ആനയെ കിണറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് ശേഷം ടീം കുട്ടിയാനയെ കുടുംബവുമായി ഒന്നിപ്പിച്ചു. പുലർച്ചെ 3 മണി മുതൽ 40 പേരടങ്ങുന്ന സംഘത്തോടൊപ്പം ഓപ്പറേഷന് നേതൃത്വം നൽകിയ ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കടേഷ് പ്രഭുവിന് വലിയ അഭിനന്ദനങ്ങൾ,' അവര്‍ കൂട്ടിച്ചേര്‍ത്തു.
4,700 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെന്ന് പഠനം
സുപ്രിയയുടെ ട്വീറ്റ് ഇതിനകം എണ്‍പത്തിയൊമ്പതിനായിരത്തില്‍ ഏറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ രക്ഷാ സംഘത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. മൂന്ന് വീഡിയോകളാണ് സുപ്രിയ പങ്കുവച്ചത്. ഒന്നില്‍ ഇടിച്ച് നൂര്‍ത്ത വലിയ കുഴിയില്‍ നിന്നും ആനക്കുട്ടി പതുക്കെ കയറിവരുന്ന ദൃശ്യമാണ്. രണ്ടാമത്തേതില്‍ കുട്ടിയാന അമ്മയ്ക്കൊപ്പം കാട്ടിലൂടെ നടക്കുന്നത് കാണിച്ചു. മൂന്നമത്തേതില്‍ 30 അടി താഴ്ചയുള്ള കിണറിന്‍റെ വീഡിയോയായിരുന്നു. ഈ വീഡിയോകള്‍ക്കൊപ്പം രക്ഷാദൌത്യ സംഘത്തിന്‍റെ ചിത്രവും സുപ്രിയ പങ്കുവച്ചു. '"മുഴുവൻ ടീമിനും ഒരു വലിയ സല്യൂട്ട്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.
കാലാവസ്ഥാ വ്യതിയാനം; കേരളത്തില്‍ പെയ്തൊഴിയുന്ന മേഘവിസ്ഫോടനങ്ങള്‍