'സ്വര്‍ഗ്ഗ നഗരമോ ഇത്?'; ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന നഗരം !
നഗരത്തില്‍ നിന്നാല്‍ താഴെ കൂടെ പാല്‍ക്കടല്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നത് കാണാം.
ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ നിന്നും അഗസ്ത്യാര്‍കൂടത്ത് നിന്നുമുള്ള ചില വീഡിയോകളില്‍ മലമുകളില്‍ നില്‍ക്കുന്നവര്‍ക്ക് ചുറ്റും മേഘങ്ങള്‍ ഒഴുകി പോകുന്നത് കാണാം. വിമാനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ പോലെ. എന്നാല്‍, ആ കാഴ്ചകളെ പോലും അപ്രസക്തമാകുന്ന ഒരു കാഴ്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോ അങ്ങ് ഇറ്റലിയില്‍ നിന്നുള്ളതാണ്. തെക്കന്‍ ഇറ്റലിയിലെ റൊട്ടോണ്ടെല്ല (Rotondella) എന്നാണ് നഗരത്തിന്‍റെ പേര്. ഈ ചെറു നഗരം സ്ഥിതി ചെയ്യുന്നത് ഒരു കുന്നിന്‍റെ ഏറ്റവും മുകളിലും. പലപ്പോഴും മേഘങ്ങള്‍ നിറയുമ്പോള്‍, നഗരത്തിന് താഴെ കൂടെ പാല്‍ക്കടല്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നത് കാണാം.
Masayuki Tsuda എന്ന എക്സ് (ട്വിറ്റര്‍) അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മസായുകി ഇങ്ങനെ എഴുതി, 'മേഘങ്ങളുടെ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു ചെറിയ പട്ടണം. തെക്കൻ ഇറ്റലിയിലെ ഒരു പർവതത്തിന്‍റെ മുകളിലുള്ള റോട്ടോണ്ടെല്ലയാണിത്.' വീഡിയോ ഇതിനകം അറുപത്തിമൂവായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. '
'കണ്ണാടി പോലെ സുതാര്യം'; കണ്ണാടിച്ചിറകന്‍ പൂമ്പാറ്റ, ഒരു അത്യപൂര്‍വ്വ ശലഭക്കാഴ്ച !
ഏഴാം വയസ്സിൽ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധന്‍; അറിയുമോ ഈ ഇന്ത്യക്കാരനെ ?
മിക്കയാളുകളും തങ്ങളുടെ ഭാവനാ വിലാസം പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. "മേഘത്തിൽ ഒരു കോട്ടയുണ്ട്". ഒരാള്‍ അഭിപ്രായപ്പെട്ടു. "ശരിക്കും ആകാശത്ത് മറഞ്ഞിരിക്കുന്ന ഒരു രത്നം". എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. "ഈ കാഴ്ച അതിശയകരമാണ്". വേറൊരാള്‍ എഴുതി. "ലോർഡ് ഓഫ് ദി റിംഗ്സിൽ നിന്ന് എന്തോ ഉണ്ടെന്ന് തോന്നുന്നു". പ്രശസ്ത സിനിമയെ ഓര്‍ത്തുകൊണ്ട് മറ്റൊരു കാഴ്ചക്കാരനെഴുതി. അയോണിയൻ കടലിന്‍റെ ബാൽക്കണി എന്നും റൊട്ടൊണ്ടെല്ല നഗരം അറിയപ്പെടുന്നു. സമുദ്രനിരപ്പില് നിന്നും 576 മീറ്റര്‍ ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 76 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് റൊട്ടോണ്ടെല്ല നഗരത്തിന്. 2,550 പേരാണ് ഈ നഗരത്തിലെ താമസക്കാര്‍. പ്രകൃതി സൌന്ദര്യത്തോടൊപ്പം മനോഹരമായ വാസ്തുവിദ്യ, ചരിത്രപരമായ പള്ളികൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയ്ക്കും പേരുകേട്ട നഗരമാണ് റൊട്ടോണ്ടെല്ല. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സന്ദര്‍ശകരാണ് നഗരം കാണാനെത്തുന്നത്.