ഭ്രാന്തോ അതോ ധൈര്യമോ? മുതലകള്‍ക്ക് ഇടയിലൂടെ നടന്ന് നീങ്ങുന്ന വീഡിയോ വൈറല്‍
കാഴ്ചയിൽ നല്ല വലിപ്പമുള്ള മുതലകൾക്കിടയിലൂടെ വളരെ സാവധാനം യാതൊരു കൂസലുമില്ലാതെ നടന്നു നീങ്ങുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ ധൈര്യശാലിയാണോ അതോ വിഡ്ഢിത്തം കാണിച്ച് ജീവൻ അപകടപ്പെടുത്താനുള്ള പുറപ്പാടാണോ എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഉണ്ടായ പ്രധാന സംശയം.
കാഴ്ചക്കാരെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിലത്ത് വിശ്രമിക്കുന്ന ഒരു കൂട്ടം മുതലകൾക്കിടയിലൂടെ ഒരു മനുഷ്യൻ തെല്ലും ഭയം ഇല്ലാതെ നടന്നു നീങ്ങുന്ന വീഡിയോയായിരുന്നു അത്. കാഴ്ചയിൽ നല്ല വലിപ്പമുള്ള മുതലകൾക്കിടയിലൂടെ വളരെ സാവധാനം യാതൊരു കൂസലുമില്ലാതെ നടന്നു നീങ്ങുന്ന ഈ മനുഷ്യൻ യഥാർത്ഥത്തിൽ ധൈര്യശാലിയാണോ അതോ വിഡ്ഢിത്തം കാണിച്ച് ജീവൻ അപകടപ്പെടുത്താനുള്ള പുറപ്പാടാണോ എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഉണ്ടായ പ്രധാന സംശയം.
ഏതായാലും ഇദ്ദേഹം നിസ്സാരക്കാരനല്ല. 2,80,000 സമൂഹ മാധ്യമ ഫ്ലോളോവേഴ്സുള്ള കെവ് പാവ്, ഒരു പ്രൊഫഷണൽ പെരുമ്പാമ്പ് വേട്ടക്കാരനും മുതല പരിശീലകനുമാണ്. @snakeaholic എന്ന പേരിലാണ് കെവ് പാവ് ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത്. മുതലകളാൽ ചുറ്റപ്പെട്ട എവർഗ്ലേഡ്സ് ഹോളിഡേ പാർക്കിലെ പ്രൊഫഷണൽ മുതല പരിശീലകനാണ് ഇദ്ദേഹം. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയും ചിത്രീകരിച്ചിരിക്കുന്നത് എവർഗ്ലേഡ്സ് ഹോളിഡേ പാർക്കിൽ നിന്നാണ്. പാർക്കിടയിൽ വിശ്രമിക്കുന്ന മുതലകൾക്കിടയിലൂടെയാണ് ഇദ്ദേഹം തെല്ലും ഭയം ഇല്ലാതെ നടക്കുന്നത്.
പൂഴിമണലില്‍ വിശ്രമിക്കുന്ന നിരവധി മുതലകള്‍ക്കിടയിലൂടെ അദ്ദേഹം തെല്ലും ഭയമില്ലാതെ ഓരോ കാലുകളും എടുത്ത് വച്ച് പതുക്കെ നടക്കുന്നു. ചില മുതകള്‍ക്കിടയില്‍ ഒരു കാല് വയ്ക്കാന്‍ മാത്രമുള്ള സ്ഥലമേ ഉണ്ടായിരുന്നൊള്ളൂ. കെവ് പാവ് അടിവച്ച് അടിവച്ച് നടക്കുമ്പോള്‍ മുതലകള്‍ ചില മുതലകള്‍ മുന്നോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. എവർഗ്ലേഡ്സ് ഹോളിഡേ പാർക്കിൽ പ്രഭാത സവാരി എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ കെവ് പാവ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നമുണ്ടായത്. ചിലർ അദ്ദേഹത്തിന്‍റെ ധൈര്യത്തെ പ്രശംസിക്കുകയും മറ്റുള്ളവർ അത്തരമൊരു അപകടകരമായ ശ്രമത്തെ ചോദ്യം ചെയ്യുകയും ചെയ്തു. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. 22.2 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലുട നീളം 1,45,000 ഉപയോക്താക്കൾ വീഡിയോ വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു.