'...ന്നാലും ഇങ്ങനെ കുടിപ്പിക്കരുത്'; വിദേശമദ്യം കുടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍, പിന്നാലെ നടപടി !
രാജസ്ഥാനിലെ സ്വായി മധേപൂരില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി മൃഗസ്നേഹികള്‍ വിമര്‍ശനവുമായെത്തി.
ഒരു പട്ടിക്കുട്ടി വിദേശമദ്യം കുടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒരു പ്ലാസ്റ്റിക് ഗ്ലാസില്‍ ഒഴിച്ച് വച്ച മദ്യം, നായ കുട്ടി കുടിക്കുമ്പോള്‍ ചുറ്റും നിന്ന് കുറച്ചു പേര് സംസാരിക്കുന്നതും കേള്‍ക്കാം. തീ കൂട്ടി ചുറ്റും കൂടിയിരുന്ന് മദ്യപിക്കുന്നതിനിടെ ഇവര്‍ പട്ടിക്കുട്ടിക്കും മദ്യം നല്‍കുകയായിരുന്നു. രാജസ്ഥാനിലെ സ്വായി മധേപൂരില്‍ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി മൃഗസ്നേഹികള്‍ വിമര്‍ശനവുമായെത്തി. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയിലെ മൃഗക്ഷേമ പ്രതിനിധിയായ പൂനം ബാഗ്രി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച്, നിയമപാലകർ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പുരുഷോത്തം രൂപാല എന്നിവരെ ടാഗ് ചെയ്തു കൊണ്ട് എന്താണ് നടപടിയെന്ന് ചോദിച്ചു.
നായ്ക്കള്‍ മനുഷ്യനെ കടിക്കാനുള്ള കാരണം, ചിലര്‍ രാത്രിയില്‍ അവയ്ക്ക് മദ്യം നല്‍കുന്നതാണ്. ഇത്തരക്കാര്‍ ജനങ്ങളുടെയും നായ്ക്കളുടെയും ജീവിതം ദുസഹമാക്കുന്നു. ഇതിനെതിരെ എപ്പോള്‍ നടപടിയെടുക്കും? പൂനം ബാഗ്രി ചോദിച്ചു. ഒപ്പം ഒരു ഫേസ്ബുക്ക് അക്കൗണ്ടും അവര്‍ പങ്കുവച്ചു. നായക്കുട്ടി ചെറുതാണെന്നും അതിന്‍റെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ പരാതി അന്വേഷിക്കാന്‍ സവായ് മധോപൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാൻ പോലീസ് ഹെൽപ്പ് ഡെസ്കിന്‍റെ മറുപടി എത്തി.
നായ്ക്കള്‍ മദ്യപിച്ചാല്‍ ബോധക്ഷയം, ഛർദ്ദി, ഹൈപ്പർസലൈവേഷൻ, വിറയൽ, അപസ്മാരം, സ്വയം നിയന്ത്രണം നഷ്ടപ്പെടൽ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നിർജ്ജലീകരണം എന്നീ പ്രശ്നങ്ങളുണ്ടാകുമെന്ന് മൃഗ വിഷ നിയന്ത്രണ സേവനമായ പെറ്റ് പോയിസണ്‍ ഹെൽപ്പ് ലൈൻ പറയുന്നു. അതേ സമയം 2020 ല്‍ അമേരിക്കയിലെ ബ്രൂയിംഗ് കമ്പനി, അസ്ഥിയില്‍ നിന്നും നായ്ക്കള്‍ക്ക് മാത്രമായി ബുഷ് ബിയര്‍ എന്ന പുതിയൊരു മദ്യം പുറത്തിറക്കിയിരുന്നു. 'ഡോഗ് ബിയര്‍' എന്ന പേരില്‍ ഇത് പ്രശ്തമായി. 18 മുതല്‍ 38 വരെ ഡോളറിന് ഈ ടിന്‍ ബിയര്‍ ഇന്ന് ഓണ്‍ലൈനുകളില്‍ ലഭ്യമാണ്.