'കുഴികളിൽ നിന്ന് കുഴികളിലേക്ക്...' ഇന്ത്യന്‍ റോഡുകളിലെ ലംബോര്‍ഗിനിയുടെ അവസ്ഥ; വീഡിയോ വൈറൽ
'ഓരോ കുഴിയിൽ നിന്നും മറ്റൊരു കുഴിലേക്ക് എന്ന വിധത്തില്‍ ചാടി ചാടി പോകുന്ന' ഒരു ചുവന്ന ലംബോർഗിനിയുടെ വീഡിയോ ആയിരുന്നു അത്.
സാമ്പത്തിക പ്രശ്നം നേരിടുമ്പോള്‍ സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത് നികുതി കൂട്ടുകയാണ്. ഇതോടെ സാധാരണക്കാർക്ക് അമിത നികുതിഭാരം നേരിടേണ്ടി വരുന്നു. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങളാണ് ഉയർത്തിയത്. ഓക്സിജന്‍ എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് 16 ലക്ഷം പേരാണ്. "അയാള്‍ കുറഞ്ഞത് 62 ലക്ഷം രൂപയെങ്കിലും റോഡ് ടാക്സ് അടച്ചിരിക്കണം. വിശ്വഗുരുവിന് സമ്പൂർണ്ണ പ്രണാമം." വീഡിയോ ആയിരക്കണക്കിന് പേരാണ് റീട്വീറ്റ് ചെയ്തത്. ആയിരത്തോളം പേര്‍ കുറിപ്പുകളെഴുതി.
വീഡിയോയില്‍ തെലുങ്കാനയില്‍ തകര്‍ന്ന റോഡിലൂടെ 'ഓരോ കുഴിയിലും ചാടി ചാടി പോകുന്ന' ഒരു ചുവന്ന ലംബോർഗിനിയുടെ വീഡിയോ ആയിരുന്നു അത്. വളരെ പകുക്കെ വാഹനത്തിന്‍റെ താഴ്ഭാഗം റോഡിലിടിക്കാതെ സൂക്ഷിച്ചായിരുന്നു വാഹനം മുന്നോട്ട് പോയിരുന്നത്. ലംബോർഗിനിയുടെ പിന്നാലെയുള്ള വാഹനങ്ങളിൽ വരുന്നവര്‍ വാഹനത്തിന്‍റെ ദുരിതയാത്ര തങ്ങളുടെ മൊബൈലില്‍ ചിത്രീകരിക്കുന്നതും കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ഭരിക്കുന്ന പാർട്ടികളെ പരസ്പരം പഴിചാരി.
'കോൺഗ്രസ് ഭരണത്തിന് കീഴിൽ ഫെരാരി, ലംബോർഗിനി മുതലായവ കണ്ടതായി കേട്ടിട്ടില്ല. ഇന്ത്യയിലെ റോഡുകളിൽ പാമ്പ് അംബാസഡർ കാറുകൾ മാത്രമേ കണ്ടിട്ടുള്ളൂ.' ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ റോഡ് ടാക്സ് സംസ്ഥാനത്തിന് ആണ് അടയ്ക്കുന്നത് അതിന് കേന്ദ്രത്തെ പഴിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ ഇന്ത്യന്‍ റോഡുകള്‍ സൂപ്പര്‍ കാറുകള്‍ക്ക് യോജിച്ചവയല്ലെന്ന് കൂട്ടിചേര്‍ത്തു. 'ആ കാറിന് ഒരു ജീവൻ ഉണ്ടായിരുന്നെങ്കിൽ, അത് വിട്ടുമാറാത്ത വിഷാദത്തിലായിരിക്കും, ഈ റോഡെന്ന നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് താമസിക്കാൻ ആഗ്രഹിക്കുന്നു.' ഒരു കാഴ്ചക്കാരന്‍ അല്പം സാഹിത്യം കലര്‍ത്തി പറഞ്ഞു. മറ്റ് ചിലര്‍ ഇത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കാതെ പ്രശ്നപരിഹാരത്തിന് ആളുകള്‍ ശ്രമിക്കാത്തതെന്തെന്ന് ചോദിച്ചു.