'...ന്‍റമ്മോ ഇപ്പോ ഇടിക്കും'; എതിർവശത്തെ റോഡിലൂടെ അമിത വേഗതയില്‍ പോകുന്ന ബസിന്‍റെ വീഡിയോ വൈറൽ
ബസ് ഡ്രൈവറെയും ബസ് ഉടമയെയും എത്രയും പെട്ടെന്ന് കസ്റ്റഡിയില്‍ എടുത്ത് ജയിലില്‍ ഇടമെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടത്.
അശ്രദ്ധമായ ഡ്രൈവിംഗിലൂടെ ഇന്ത്യയില്‍ ഓരോ ദിവസവും നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ബെംഗളൂരു നഗരത്തില്‍ കണ്ടെയ്നര്‍ ലോറി, കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. ഇതിന് പിന്നാലെ ബെംഗളൂരു നഗരത്തില്‍ നിന്നുള്ള മറ്റൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നാല് വരി പാത ഉണ്ടായിരുന്നിട്ടും എതിര്‍വശത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കായുള്ള പാതയിലൂടെ നിയമം തെറ്റിച്ച് അമിത വേഗതയില്‍ പോകുന്നു ഒരു ബസിന്‍റെ വീഡിയോ ആയിരുന്നു അത്.
മറ്റൊരു വാഹനത്തില്‍ നിന്നുമാണ് വീഡിയോ റെക്കോർഡ് ചെയ്തത്. ഈ വാഹനം കടന്ന് പോകുന്ന റോഡില്‍ കൂടിയാണ് ബസും പോകേണ്ടിയിരുന്നത്. എന്നാല്‍ എതിര്‍വശത്തേക്കുള്ള വാഹനങ്ങള്‍ക്കായി നിര്‍മ്മിച്ച രണ്ട് വരി പാതയിലൂടെയാണ് അമിത വേഗതയില്‍ ബസിന്‍റെ യാത്ര. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ എതിരെ വരുന്നുണ്ടെങ്കിലും ബസ് ഡ്രൈവര്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. തന്‍റെ റൂട്ട് അല്ലാതിരുന്നിട്ട് കൂടി, അദ്ദേഹം അമിത വേഗതയില്‍ അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നതെന്ന് കാണാം.
ബെംഗളൂരുവിലെ ബന്നാർഗട്ട ജംഗ്ഷനും ഇലക്ട്രോണിക് സിറ്റി ടോളിനും ഇടയിലുള്ള നൈസ് റോഡിലാണ് സംഭവം നടന്നതെന്ന് പോസ്റ്റിലെ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. ബെംഗളൂരുവിലെ തിരക്കേറിയ പ്രധാന പാതകളിൽ ഒന്നാണിത്. അതേസമയം നിയമം തെറ്റിച്ചുള്ള ബസ് ഡ്രൈവറുടെ യാത്ര ബസിലെ യാത്രക്കാരെയും റോഡിലെ മറ്റ് വാഹനങ്ങളിലുള്ള യാത്രക്കാരെയും ഒരു പോലെ അപകടത്തിലാക്കുന്നു. വീഡിയോയ്ക്ക് താഴെ രൂക്ഷമായ ഭാഷയിലാണ് കാഴ്ചക്കാര്‍ കുറിപ്പുകളെഴുതിയത്.
ബെംഗളൂരു സിറ്റി ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത വീഡിയോയില്‍ ഡ്രൈവർക്കും ബസ് ഉടമയ്ക്കുമെതിരെ ഉടൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഒപ്പം ഇത്തരം ഡ്രൈവിംഗ് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാമെന്നും റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന ആവശ്യമാണെന്നും കുറിച്ചു. കുറ്റകരമായ നരഹത്യയായി ഇതിനെ കണക്കാക്കണമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ആവശ്യപ്പെട്ടത്. ഡ്രൈവര്‍ക്ക് മാനസിക സ്ഥിരതയില്ലെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.