എന്തോന്നിത് ? യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിയുന്ന വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !
കാഴ്ചയില്‍ ഉള്ള് പൊള്ളയായ ആ നിര്‍മ്മിതി ഒരു കപ്പ് പോലെയോ ഒരു പാത്രം പോലെയോ തോന്നിച്ചു.
വിചിത്രവും അവിശ്വസനീയവുമായ കാര്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലുകള്‍ പങ്കുവയ്ക്കുന്ന aheadhairmedia എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കഴ്ചക്കാരെ അത്ഭുതപ്പെടുത്തി. ഒരു ഹെയർസ്റ്റൈലിസ്റ്റ് ഒരു സ്ത്രീക്ക് വേണ്ടി തത്സമയ അവരുടെ തലമുടിയില്‍ ഒരു അക്വേറിയം സെറ്റ് ചെയ്യുന്നതായിരുന്നു വീഡിയോയില്‍. സ്ത്രീയുടെ മുടിയില്‍ ഹെയര്‍സ്റ്റൈലിസ്റ്റ് ജെല്‍ പോലെയോ മെഴുക് പോലെയോ ഉള്ള ഒരു പദാര്‍ത്ഥം തേച്ച് പിടിപ്പിക്കുന്നു. കഴ്ചയില്‍ ഏതാണ്ട് ഒരടിയോളം ഉയരമുള്ള, ഉള്ള് പൊള്ളയായ ഒരു രൂപമാണ് അദ്ദേഹം തന്‍റെ സഹായിയോടൊപ്പം സ്ത്രീയുടെ തലയില്‍ ഉണ്ടാക്കുന്നത്.
കാഴ്ചയില്‍ ഉള്ള് പൊള്ളയായ ആ നിര്‍മ്മിതി ഒരു കപ്പ് പോലെയോ ഒരു പാത്രം പോലെയോ തോന്നിച്ചു. പിന്നീട് ഹെയര്‍ സ്റ്റൈലിസ്റ്റ് യുവതിയെ തന്‍റെ കൈയിലുള്ള പാത്രത്തിലെ ഗോള്‍ഡന്‍ ഫിഷിനെ കാണിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി തന്‍റെ കൈവശം ഉണ്ടായിരുന്ന പാത്രത്തിലെ അല്പം വെള്ളവും അതില്‍ നിന്ന് രണ്ട് ഗോള്‍ഡന്‍ ഫിഷുകളെയും ഹെയര്‍സ്റ്റൈലിസ്റ്റ് യുവതിയുടെ തലയില്‍ സൃഷ്ടിച്ച പാത്രം പോലെയുള്ള രൂപത്തിലേക്ക് ഒഴിക്കുന്നു. പിന്നീട് യുവതി ക്യാമറയ്ക്ക് മുന്നില്‍ തന്‍റെ തലയില്‍ നീന്തുന്ന ഗോള്‍ഡ് ഫിഷുകളെ കാണിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
'ഹെയർ ആർട്ട്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട് അമ്പരന്ന കാഴ്ചക്കാര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ കമന്‍റ് വിഭാഗത്തിലെത്തി. ചിലര്‍ രൂക്ഷമായി പ്രതികരിച്ചപ്പോള്‍ മറ്റ് ചിലര്‍ അത്ഭുതം രേഖപ്പെടുത്തി. വേറെ ചിലര്‍ കൊള്ളാം നല്ല ഐഡിയ എന്ന് പ്രോത്സാഹിപ്പിച്ചു. ചിലര്‍ വെറും വിഡ്ഢിത്തം എന്നായിരുന്നു എഴുതിയത്. ചിലര്‍ തലയില്‍ വെള്ളം കെട്ടി നിര്‍ത്തിയാല്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ സംഗതി കുറച്ച് കഴിഞ്ഞ് ഒരു ഭാരമായി തോന്നുകയും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്താല്‍ യുവതി എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ ഇനി തലയെങ്ങനെ കഴുകുമെന്ന് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ തലയില്‍ തേച്ച ജെല്ലിലെ രാസപദാര്‍ത്ഥം അവരുടെ തലയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോയെന്നായിരുന്നു ആശങ്കപ്പെട്ടത്.