നഗരം കാണാനിറങ്ങിയ മുതല; ഭയന്ന് നിലവിളിച്ച് മനുഷ്യർ; യുപിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ
ഇരുമ്പി വേലി ചാടിക്കടക്കാനായി മുതല ഒരു വിഫല ശ്രമം നടത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. മുന്‍കാലുകള്‍ ഇരുമ്പ് വേലിക്ക് മുകളില്‍ പിടിത്തമിട്ടെങ്കിലും വാലില്‍ കുത്തി ഉയരാനുള്ള മുതലയുടെ ശ്രമം പക്ഷേ പാളി.
അസാധാരണമായ ഒരു കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ നരോറ ഘാട്ടിന് സമീപമുള്ള ഗംഗാ കനാലില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇന്നലെ (29/5/24) പകലായിരുന്നു സംഭവം. ഏതാണ്ട് പത്തടിയില്‍ ഏറെ ഉയരമുള്ള കൂറ്റന്‍ മുതല നദിയിലേക്ക് ഇറങ്ങാനായി ഇരുമ്പ് വേലി മറികടക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍. വീഡിയോയില്‍ ഏറെ ജനവാസ മേഖലയിലാണ് സംഭവമെന്ന് വ്യക്തം. മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
ഇരുമ്പി വേലി ചാടിക്കടക്കാനായി മുതല ഒരു വിഫല ശ്രമം നടത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. മുന്‍കാലുകള്‍ ഇരുമ്പ് വേലിക്ക് മുകളില്‍ പിടിത്തമിട്ടെങ്കിലും വാലില്‍ കുത്തി ഉയരാനുള്ള മുതലയുടെ ശ്രമം പക്ഷേ പാളി. പിന്‍കാലുകള്‍ എവിടെയും ഉറപ്പിക്കാന്‍ പറ്റാത്തതിനാല്‍ മുതലയ്ക്ക് വേലി മറികടക്കാന്‍ ആയില്ല. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട മുതല താഴേക്ക് തന്നെ ചാടി. അത്രയേറെ ഭാരമുള്ള ശരീരം നിലത്ത് വീണപ്പോള്‍ കൂടി നിന്നവരുടെ ആശ്ചര്യശബ്ദങ്ങള്‍ വീഡിയോയില്‍ കേള്‍ക്കാം.
ഇത്തിരിക്കുഞ്ഞന്‍, പക്ഷേ 20 മിനിറ്റില്‍ ആളെ കൊല്ലാന്‍ മിടുക്കന്‍
952 വീരന്മാരുടെ തലയോട്ടികളാല്‍ നിര്‍മ്മിക്കപ്പെട്ട 'തലയോട്ടി ഗോപുരം'
വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മോഹിത് ചൗധരിയും റെസ്‌ക്യൂ സ്‌പെഷ്യലിസ്റ്റ് പവൻ കുമാറും സംഘവും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുതലയെ പിടികൂടുന്നതിനിടെയാണ് അത് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പിന്നീട് മുതലയുടെ മുഖം മറച്ച് പിന്‍കാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം അതിനെ വനം വകുപ്പ് പ്രദേശത്ത് നിന്നും കൊണ്ട് പോയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതലയെ പിന്നീട് പിഎൽജിസി കനാലിലേക്ക് തുറന്നു വിട്ടു. പ്രദേശത്തെ ശുദ്ധജല കനാലില്‍ നിന്നും ഇരതേടിയിറങ്ങിയ പെണ്‍ മുതലയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചു. 'അത് ആരെയും ഭക്ഷിക്കാത്തത് നന്നായി' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ചൂടിന്‍റെ പ്രശ്നമാണ്. മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ പോലും പരിഭ്രാന്തരായി പുറത്തേക്ക് ഓടിന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് ചൂടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം; ആകാശ യാത്രകളുടെ സുരക്ഷിതത്വം കുറയുന്നുവോ?