'പടച്ചോനേ നിങ്ങള് കാത്തോളീ...'; ട്രെയിന്‍ കടന്നു പോകുമ്പോള്‍ തൊട്ടുരുമ്മി നില്‍ക്കുന്ന കാറിന്‍റെ വീഡിയോ വൈറൽ
'യുപിയാണ് സഹോദരാ. എന്തും സംഭവിക്കാം.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.
വാഹനങ്ങളുടെ വൈവിധ്യം അവയ്ക്ക് പ്രത്യേക യാത്രാ വഴിങ്ങളും സൃഷ്ടിച്ചു. ചില വാഹനങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ മറ്റ് ചില വാഹനങ്ങള്‍ വായുവിലൂടെയും മറ്റ് ചിലത് വെള്ളത്തിലൂടെയും സഞ്ചരിക്കുന്നു. ഇനി കരയിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കും മെട്രോകള്‍ക്കും പ്രത്യേകം ട്രാക്കുകളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. എന്നാല്‍. പല രാജ്യങ്ങളിലും ജനസാന്ദ്രത മൂലം ട്രെയിന്‍ ട്രാക്കുകളും റോഡുകളും ഇടകലരുന്നു. റോഡിന് കുറുകെ ട്രെയിന്‍ ട്രാക്കുകള്‍ വരുമ്പോള്‍ വാഹനങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തുന്നതിനായി ലെവല്‍ ക്രോസുകളും എത്തി. ട്രെയിനുകള്‍ അമിത വേഗതയില്‍ പോകുമ്പോള്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനാണ് ഈ ലെവല്‍ ക്രോസുകള്‍. ഇന്ത്യയില്‍ ഭൂരിപക്ഷം ലെവല്‍ ക്രോസുകള്‍ക്കും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ ട്രെയിന്‍ വരുന്ന സമയമാകുമ്പോള്‍ ഗെറ്റ് അടയ്ക്കുകയും ട്രെയിന്‍ കടന്ന് പോയിക്കഴിഞ്ഞ് ഗെറ്റുകള്‍ മറ്റ് വാഹനങ്ങള്‍ക്കായി തുറക്കുകയും ചെയ്യുന്നു. അത്യാഹിതങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലാണ് അത്. എന്നാല്‍ അടച്ച ഗേറ്റുകള്‍ക്ക് ഉള്ളില്‍ വാഹനങ്ങള്‍ പെട്ട് പോയാല്‍ എന്ത് ചെയ്യും?
കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ അത്തരത്തിലൊന്നായിരുന്നു. കാഴ്ചക്കാരെ വീഡിയോ അത്ഭുതപ്പെടുത്തി. ഒരു ട്രെയിന്‍ ട്രാക്കിലൂടെ കടന്ന് പോകുമ്പോള്‍ തൊട്ടടുത്തായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ട്രാക്കിലൂടെ കടന്ന് പോകുന്ന ട്രെയിനും കാറും തമ്മില്‍ ഏതാനും ഇഞ്ച് അകലം മാത്രം. ആളുകളും അതുപോലെ തോട്ടുതൊട്ടില്ലെന്ന മട്ടിലാണ് നില്‍പ്പ്. വളരെ വേഗം കുറച്ചാണ് ട്രെയിന്‍റെ യാത്ര. Saurabh എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി, 'ഇപ്പോൾ അതിനെയാണ് ഞങ്ങൾ ക്ലോസ് എസ്കേപ്പ് എന്ന് വിളിക്കുന്നത്. കൂടാതെ, ട്രെയിൻ കാറിന് കുറച്ച് കേടുപാടുകൾ വരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അത് വിഡ്ഢിയായ കാർ ഉടമയ്ക്ക് ഒരു വലിയ പാഠമാകുമായിരുന്നു.'
വീഡിയോയില്‍ ഉണ്ടായിരുന്ന ട്രെയിന്‍ ദില്ലിയിലെ ആനന്ദ് വിഹാറില്‍ നിന്ന് ബിഹാറിലെ ഇന്ത്യാ നേപ്പാല്‍ അതിര്‍ത്തിയിലെ ചമ്പാരന്‍ ബാപ്പൂധാമിലേക്ക് പോകുന്ന 'ചമ്പാരന്‍ സത്യാഗ്രഹ എക്സ്പ്രസ്' ആയിരുന്നു. ട്രെയിന്‍ വരുന്നതിനാല്‍ ലെവല്‍ ക്രോസ് അടച്ചിരുന്നു. എന്നാല്‍, അതിന് മുമ്പ് ലെവല്‍ ക്രോസിനുള്ളില്‍പ്പെട്ടു പോയ ഒരു കാര്‍ ട്രെയിനിന് കടന്ന് പോകാനായി ഒതുക്കിയിട്ടതായിരുന്നു വീഡിയോയില്‍ കണ്ടത്. ട്രെയിന്‍ ട്രാക്കിന് ഇരുവശവും കെട്ടിടങ്ങളും ട്രെയിന്‍ കടന്ന് പോകാനായി കാത്ത് നില്‍ക്കുന്ന ആളുകളെയും കാണാം. വീഡിയോ ഇതിനകം ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. 'പ്രതീക്ഷിച്ചതു പോലെ യുപി 16. മിക്ക ഗവാർ ആളുകളും സ്റ്റിയറിംഗ് വീൽ പിടിക്കുന്നവരാണ്. നിങ്ങൾ ഒരു യുപി 16 കാർ കണ്ടെത്തിയാൽ, നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ എതിർ ദിശയിലേക്ക് ഓടുക.' ഒരു കാഴ്ചക്കാരനെഴുതി. 'യുപിയാണ് സഹോദരാ. എന്തും സംഭവിക്കാം.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്.
40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !