'മനുഷ്യ നിർമ്മിതമായ ഏതൊരു അത്ഭുതത്തേക്കാൾ മികച്ചത്'; ഒഴുകുന്ന അരുവിയിൽ പാലം പണിത് ഉറുമ്പുകള്‍, വീഡിയോ വൈറൽ
ഒഴുകുന്ന ഒരു അരുവിക്ക് മുകളില്‍ ഉറുമ്പുകള്‍ പണിത പാലം. അതിലൂടെ അക്കര ഇക്കര കടന്ന് ഉറുമ്പുകള്‍. ഇതാണ് ലോകത്തിലെ മഹാത്ഭുതമെന്ന് കാഴ്ചക്കാര്‍.
ഉറുമ്പുകളെ ലോകം ഇന്നും മനുഷ്യന് അജ്ഞാതമാണ്. ഏറ്റവും ഒടുവിലത്തെ ഉറുമ്പുകളെ കുറിച്ചുള്ള പഠനം പറയുന്നത് അവയ്ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാനുള്ള കഴിവുണ്ടെന്നാണ്. അതായത് പരിക്കേറ്റ മറ്റൊരു ഉറുമ്പിന്‍റെ കാല് ഇന്‍ഫെക്ഷനാകാതിരിക്കാന്‍ ആ കാല് ശസ്ത്രക്രിയ ചെയ്ത് മാറ്റാന്‍ ഉറുമ്പുകൾക്ക് അറിയാമെന്ന്. ഉറുമ്പുകളെ കുറിച്ച് ഇതാ ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒഴുകുന്ന ഒരു ചെറിയ അരുവിയുടെ മുകളില്‍ പാലം നിര്‍മ്മിച്ച് അതിലൂടെ സഞ്ചരിക്കുന്ന ഉറുമ്പുകളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഉറുമ്പുകള്‍ തീർത്ത പാലം അത്ര നിസാരമായ ഒന്നല്ല. അത് സങ്കീർണ്ണമാണ്. ചെറുതും വലുതമായ മൂന്ന് പാലങ്ങള്‍ അത്യാവശ്യം ദൂരം പിന്നിട്ട ശേഷം ഒന്നായി വലിയൊരു പാലമായി തീരുന്നത് വീഡിയോയില്‍ കാണാം. അത് പോലെ തന്നെ ഇവയുടെ ഒരറ്റം കരയില്‍ തൊടുന്നതിന് മുമ്പ് വീണ്ടും പലതായി പിരിയുന്നു. സാധാരണ കാണുന്നത് പോലെ ഒരു ഉറുമ്പിന് നടക്കാന്‍ പറ്റുന്നതിനേക്കാള്‍ ഒന്നിലെറെ വലുതാണ് പാലമെന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.
മോഡലാകണമെന്ന ആഗ്രഹത്തോടെ മരിച്ച മകന് വേണ്ടി 55 -ാം വയസിൽ റാമ്പിൽ ചുവട് വച്ച് അച്ഛൻ; വീഡിയോ വൈറൽ
നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാട്ടുപൊന്തകൾക്കിടയിലൂടെ അരുവിക്ക് മുകളില്‍ അതേസമയം അരുവിക്ക് സമാന്തരമായി കുറച്ച് ദൂരം പാലം നിര്‍മ്മിച്ചിട്ടുണ്ട് ജലത്തിന് മുകളിലാണ് പാലമെങ്കിലും പാലത്തില്‍ കാര്യമായ നനവൊന്നും കാണാനില്ലെന്നതും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. വീഡിയോ ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം ഇത് എവിടെ നിന്നുള്ളതാണെന്നോ എത് ഇനം ഉറുമ്പാണെന്നോ ഉള്ള വിശദാംശങ്ങള്‍ വീഡിയോയ്ക്കൊപ്പമില്ല. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. നിരവധി പേര്‍ പ്രകൃതിയുടെ ആശ്ചര്യത്തെ കുറിച്ച് വാചാലരായപ്പോള്‍ മറ്റ് ചിലര്‍ ഉറുമ്പുകളെ ടീം സ്പിരിറ്റിനെ പ്രശംസിച്ചു. മനുഷ്യ നിര്‍മ്മിതമായ ഏതൊരു എഞ്ചിനീയറിംഗ് അത്ഭുതത്തേക്കാളും മികച്ചത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.